കൊല്ലം ; ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനല്‍ പോരാട്ടങ്ങൾ ഇന്ന് (ശനി) നടക്കും. ആദ്യ സെമിയില്‍ സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) മധ്യപ്രദേശ് ഹോക്കി അക്കാദമിയെ നേരിടും. (ശനി) ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ആദ്യ സെമിഫൈനല്‍. രണ്ടാം സെമിയില്‍ ഹരിയാനയ്ക്ക് മഹാരാഷ്ട്രയാണ് എതിരാളി.(ശനി) വൈകീട്ട് നാലിനാണ് രണ്ടാം സെമിഫൈനല്‍.
ടൂര്‍ണമെന്റില്‍ നിലവിലെ വെങ്കലമെഡല്‍ ജേതാക്കളാണ് ഹരിയാന. ടൂര്‍ണമെന്റിലെ റണ്ണേഴ്‌സപ്പ് കൂടിയായ മധ്യപ്രദേശിനെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ കീഴടക്കിയാണ് സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യുടെ സെമിപ്രവേശം. സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)ഇതാദ്യമായാണ് സെമിയില്‍ കടക്കുന്നത്. നിശ്ചിതസമയവും കഴിഞ്ഞ് പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു സായിയുടെ ജയം.
പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് മധ്യപ്രദേശ് ഹോക്കി അക്കാദമി സെമിയിലെത്തിയത്. ഇത് നാലാം തവണയാണ് മധ്യപ്രദേശ് ഹോക്കി അക്കാദമി സെമിയിലെത്തുന്നത്. കന്നി ഫൈനലാണ് മധ്യപ്രദേശ് ഹോക്കി അക്കാദമിയുടെയും സായിയുടെയും ലക്ഷ്യം. വാശിയേറിയ ക്വാർട്ടറിൽ ഒഡീഷയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ഹരിയാന സെമിയിലേക്ക് ചുവടു വച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജാർഖണ്ഡിനെ തോൽപിച്ച് മഹാരാഷ്ട്രയും സെമിയിൽ ഇടം നേടി. ഇതേ വരെ എട്ടു ഗോൾ നേടിയ മഹാരാഷ്ട്രയുടെ റുതുജ പിസാലാണ് ടൂർണമെന്റിലെ ഗോൾ നേട്ടക്കാരികളിൽ ഒന്നാമതുള്ളത്. ഞായറാഴ്ച വൈകിട്ട് 4നാണ് ടൂർണമെന്റിലെ കിരീടപ്പോരാട്ടം. അന്നേദിവസം ഉച്ചയ്ക്ക് 2 ന് ലൂസേഴ്സ് ഫൈനലും നടക്കും