ഹാട്രിക്കുമായി വന്ദന, ആവേശപ്പോരിൽ ദക്ഷിണാഫ്രിക്കന്‍ ചെറുത്ത്നില്പ് മറികടന്ന് ഇന്ത്യ, ക്വാര്‍ട്ടര്‍ പ്രതീക്ഷ അയര്‍ലണ്ടിന്റെ മത്സരം ഫലം അനുസരിച്ച്

India

7 ഗോളുകള്‍ കണ്ട മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ പോരാട്ട വീര്യത്തെ മറികടന്ന് 4-3ന്റെ വിജയം നേടി ഇന്ത്യ. വന്ദന നേടിയ ഹാട്രിക്കിന്റെ ബലത്തിലാണ് ഇന്ത്യയുടെ വിജയം. ദക്ഷിണാഫ്രിക്കന്‍ ഗോള്‍ കീപ്പറുടെ പ്രകടനമാണ് ഇന്ത്യ കൂടുതൽ ഗോള്‍ നേടുന്നതിന് തടസ്സമായത്.

ഇന്ത്യ ലീഡ് നേടുമ്പോളെല്ലാം ഗോള്‍ മടക്കി വെല്ലുവിളി ഉയര്‍ത്തിയ ദക്ഷിണാഫ്രിക്കയെ പിന്തള്ളിയതോടെ ഇന്ത്യയ്ക്ക് അഞ്ച് പോയിന്റ് ഉണ്ട്. അയര്‍ലണ്ടും ബ്രിട്ടനും തമ്മിലുള്ള മത്സരത്തിൽ അയര്‍ലണ്ട് വിജയിക്കുകയാണെങ്കിൽ ഇന്ത്യയുടെ സാധ്യതകള്‍ ഇല്ലാതെയാകും. അതേ സമയം മത്സരം സമനിലയിൽ അവസാനിച്ചാൽ ഗോള്‍ വ്യത്യാസത്തിൽ ഇന്ത്യയ്ക്ക് സാധ്യതയുണ്ടാകും. അയര്‍ലണ്ടിന്റെ തോല്‍വി ഇന്ത്യയ്ക്ക് ക്വാര്‍ട്ടര്‍ യോഗ്യത നല്‍കും.

ആദ്യ ക്വാര്‍ട്ടറിൽ ഇന്ത്യ 4ാം മിനുട്ടിൽ വന്ദന കറ്റാരിയ ഇന്ത്യയെ മുന്നിലെത്തിച്ചു. ഈ ലീഡുമായി ഇന്ത്യ ആദ്യ ക്വാര്‍ട്ടര്‍ അവസാനിപ്പിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് ക്രിസ്റ്റി ടാരിന്‍ ഗ്ലാസ്ബി ദക്ഷിണാഫ്രിക്കയുടെ മടക്ക ഗോള്‍ നേടിയത്.

രണ്ടാം ക്വാര്‍ട്ടറിൽ പെനാള്‍ട്ടി കോര്‍ണറിൽ ഗ്രേസിന്റെ ഡ്രാഗിൽ നിന്ന് ഡിഫ്ലക്ഷന്‍ സൃഷ്ടിച്ച് വന്ദന തന്റെയും ഇന്ത്യയുടെയും രണ്ടാമത്തെ ഗോള്‍ നേടി. ആദ്യ ക്വാര്‍ട്ടറിലേത് പോലെ രണ്ടാം ക്വാര്‍ട്ടറിലും അവസാന മിനുട്ടിൽ 16 സെക്കന്‍ഡ് മാത്രം അവശേഷിക്കവെ ദക്ഷിണാഫ്രിക്ക ഇന്ത്യയുടെ ഒപ്പമെത്തി.

രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ ഇന്ത്യ നേഹയിലൂടെ വീണ്ടും മുന്നിലെത്തിയെങ്കിലും മാരിസെന്‍ മറൈസ് വീണ്ടും ദക്ഷിണാഫ്രിക്കയ്ക്കായി സമനില ഗോളടിച്ചു. അവസാന ക്വാര്‍ട്ടറിൽ വന്ദന തന്റെ ഹാട്രിക്ക് നേട്ടം പൂര്‍ത്തിയാക്കി ഇന്ത്യയുടെ നാലാം ഗോളും ലീഡും നല്‍കി.

 

Previous article4×100 മീറ്റർ മിക്സഡ് മെഡലെ റിലെയിൽ ലോക റെക്കോർഡുമായി സ്വർണം നേടി ബ്രിട്ടൻ
Next articleഅസം ഖാന്‍ ഹോസ്പിറ്റലിൽ, ടി20 പരമ്പരയിലെ അടുത്ത രണ്ട് മത്സരങ്ങള്‍ കളിക്കില്ല