സീനിയര്‍ ഹോക്കി: എറണാകുളം ചാമ്പ്യന്‍മാര്‍

Newsroom

  • ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ മലപ്പുറത്തെ തോല്‍പ്പിച്ചു
  • കോഴിക്കോടിന് മൂന്നാം സ്ഥാനം

കൊല്ലം: ഫൈനലിന്റെ എല്ലാ വീറും വാശിയും കണ്ടമത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മലപ്പുറത്തെ തോല്‍പ്പിച്ച് എറണാകുളം ഒമ്പതാമത് കേരള ഹോക്കി സംസ്ഥാന സീനിയര്‍ പുരുഷ വിഭാഗത്തില്‍ ചാമ്പ്യന്‍മാര്‍. മൂന്നിനെതിരെ ഏഴ് ഗോളുകള്‍ക്കായിരുന്നു എറണാകുളത്തിന്റെ ജയം. മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ എറണാകുളം മുന്നിലെത്തി. 11 ാം മിനുട്ടില്‍ മോഹിത്താണ് ലീഡ് നേടിയത്. മൂന്ന് മിനുട്ടിന് ശേഷം മലപ്പുറം മൂഹമ്മദ് സിയാസിലൂടെ സമനില പിടിച്ചു. 20ാം മിനുട്ടില്‍ എറണാകുളം റോണകിലൂടെ വീണ്ടും ലീഡ് നേടി. ഏഴ് മിനുട്ടിന് ശേഷം മോഹിത്ത് എറണാകുളത്തിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. രണ്ടാം പകുതിയുടെ 36,38 മിനുട്ടില്‍ മലപ്പുറം വീണ്ടും സമനില പിടിച്ചു. തുടര്‍ന്ന് ഇരുടീമുകളും ലീഡ് എടുക്കാന്‍ ശ്രമിച്ചെങ്കിലും മൂന്നാം ക്വാര്‍ട്ടറിന്റെ 41 ാം മിനുട്ടില്‍ എറണാകുളം ലീഡ് നേടി. തുടര്‍ന്നും ആക്രമിച്ച് കളിച്ച എറണാകുളം നാലാം ക്വാര്‍ട്ടറില്‍ 52,53,55 മിനുട്ടുകള്‍ വീണ്ടും ഗോള്‍ നേടി മത്സരം കൈവശമാക്കി.

1000700099


മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തില്‍ തിരുവനന്തപുരത്തെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി കോഴിക്കോട്. മത്സരത്തില്‍ നിശ്ചിത സമയം പിന്നിട്ടപ്പോള്‍ ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. രണ്ട് തവണ ലീഡ് എടുത്ത ശേഷമാണ് തിരുവനന്തപുരം ജില്ല ഗോള്‍ വഴങ്ങിയത്. പെനാല്‍റ്റിയിലേക്ക് നീങ്ങിയ മത്സരത്തില്‍ കോഴിക്കോടിന്റെ ഗോള്‍ കീപ്പര്‍ മുഹമ്മദ് കെ.എച്ച് തിരുവനന്തപുരത്തിന്റെ രണ്ട് പെനാല്‍റ്റി തട്ടിഅകറ്റി. കോഴിക്കോട് ടീമിലെ എല്ലാ താരങ്ങും പെനാല്‍റ്റി ഗോളാക്കി മാറ്റി.
എറണാകുളം ജില്ലയുടെ ഗോള്‍ കീപ്പര്‍ സഹല്‍ കെ.എ. ആണ് മികച്ച ഗോള്‍ കീപ്പര്‍, മലപ്പുറത്തിന്റെ മുഹമ്മദ് ഷിയാസ് കെ. മികച്ച പ്രതിരോധ താരവും തിരുവനന്തപുരത്തിന്റെ അഖില്‍ എസ് മികച്ച ഫോര്‍വേര്‍ഡുമായി.

1000700101


ചാമ്പ്യന്‍ഷിപ്പിന്റെ സമാപന പരിപാടിയില്‍ കൊല്ലം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ് ഏണെസ്റ്റ് മുഖ്യാതിഥിയായി, കേരള ഹോക്കി സംസ്ഥാന സെക്രട്ടറി സി.ടി. സോജി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂറ്റീവ് മെമ്പര്‍ രാധാകൃഷ്ണ പിള്ള, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജയകൃഷ്ണന്‍, മുന്‍ ഇന്ത്യ താരം ബിപിന്‍ ഫെര്‍ണാണ്ടസ്, സെലക്ടര്‍ ഷണ്‍മുഖന്‍, റിട്ട ആര്‍മി ഓഫിസര്‍ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൊല്ലം ഹോക്കി പ്രസിഡന്റ് രാധാകൃഷ്ണന്‍ നായര്‍ സ്വാഗതവും സെക്രട്ടറി ഡോ.എംജെ മനോജ് നന്ദിയും അറിയിച്ചു.