കൊല്ലം ; ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ പൂള്‍ ബിയില്‍ സായി (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) തുടര്‍ച്ചയായ രണ്ടാം ജയവുമായി ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത സജീവമാക്കി.കര്‍ണാടകയെ എതിരില്ലാത്ത ഒരു ഗോളിനാണ് സായി തോല്‍പിച്ചത്. 39ആം മിനുട്ടില്‍ ബേതാന്‍ ഡങ് ഡങ് സായിയുടെ വിജയഗോള്‍ നേടി.
പൂള്‍ സിയില്‍ പഞ്ചാബ്-ചണ്ഡീഗഢ് മത്സരം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി.പഞ്ചാബിനായി ബല്‍ജീത് കൗറും അര്‍ഷ് ദീപ് കൗറും ഗോള്‍ നേടിയപ്പോള്‍ ദപാ ദേവിയിലൂടെയും ഷാലു മന്നിലൂടെയും ചണ്ഡീഗഡ് ഗോളുകള്‍ മടക്കി. പൂള്‍ ഡി യില്‍ സി ആര്‍ പി എഫ്-മധ്യപ്രദേശ് ഹോക്കി അക്കാദമി മത്സരം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.മധ്യപ്രദേശ് ഹോക്കി അക്കാദമിയ്ക്കായി കരിഷ്മ യാദവും സി ആര്‍ പി എഫിനായി പൂജാ യാദവും ഗോള്‍ നേടി. പൂള്‍ ഡിയിലെ മറ്റൊരു മത്സരത്തില്‍ ജാര്‍ഖണ്ഡ് 7-1ന് ഛത്തിസ്ഗഢിനെ തകര്‍ത്തു. ജാര്‍ഖണ്ഡിനായി ബ്യൂഡങ് ഡങ്ങും രേഷ്മ സോറെംഗും സംഗീത കുമാരിയും ഇരട്ടഗോളുകള്‍ നേടി.
ഛത്തിസ് ഗഡിന്റെ ആശ്വാസഗോള്‍ അഞ്ജലി മഹാത്തോയുടെ വകയായിരുന്നു.നാളെ(ഞായര്‍) ടൂര്‍ണമെന്റില്‍ ആറ് മത്സരങ്ങള്‍ നടക്കും .രാവിലെ ഹോക്കി ഹരിയാന ഹോക്കി കര്‍ണാടകയുമായി ഏറ്റുമുട്ടും. മറ്റ് മത്സരങ്ങളില്‍ ഉത്തര്‍പ്രദേശ് തമിഴ്‌നാടിനെയും മഹാരാഷ്ട്ര പഞ്ചാബിനെയും നേരിടും. ജാര്‍ഖണ്ഡിന് മധ്യപ്രദേശ് ഹോക്കി അക്കാദമിയും സി ആര്‍ പി എഫിന് ഛത്തിസ്ഗഢുമാണ് എതിരാളികള്‍.