കൊല്ലം ; സായി (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ കടന്നു. ഇന്ന് നടന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ റണ്ണേഴ്സായ മധ്യ പ്രദേശിനെ പെനാല്‍ട്ടിഷൂട്ടൗട്ടില്‍ തോല്‍പിച്ചാണ് സായിയുടെ സെമി പ്രവേശം. ചരിത്രത്തിലാദ്യമായാണ് സായി സെമിയിൽ കടക്കുന്നത്. നിശ്ചിതസമയത്ത് മധ്യപ്രദേശിനായി നരേന്ദര്‍ കൗര്‍,രാജു റന്‍വ ഗോളുകള്‍ നേടി. സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യുടെ ഗോളുകള്‍ കിസ്സാന്‍ ഗായത്രി, ബേതാന്‍ ഡുങ് ഡുങ് എന്നിവരുടെ വകയായിരുന്നു.
രാവിലെ 10.30ന് നടക്കുന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ മധ്യപ്രദേശ് ഹോക്കി അക്കാദമി പഞ്ചാബിനെ നേരിടും. ഒരിടവേളയ്ക്ക് ശേഷം സെമി തേടിയാണ് ഇരുടീമുകളും ഇറങ്ങുന്നത്. ഈ മത്സരത്തിലെ വിജയികളെ സായി സെമിയില്‍ നേരിടും. മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും. ഹരിയാനയും ഒഡീഷയും തമ്മിലാണ് മത്സരം. ടൂര്‍ണമെന്റില്‍ നിലവിലെ വെങ്കലമെഡല്‍ ജേതാക്കളാണ് ഹരിയാന. അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ മഹാരാഷ്ട്ര ജാര്‍ഖണ്ഡുമായി ഏറ്റുമുട്ടും. വൈകീട്ട് നാല് മണിക്കാണ് മത്സരം. സെമി ഫൈനല്‍ മത്സരങ്ങള്‍ ഈ മാസം എട്ടിനും(ശനി) ലൂസേഴ്‌സ് ഫൈനല്‍,ഫൈനല്‍ മത്സരങ്ങള്‍ ഈ മാസം 9നും(ഞായര്‍) നടക്കും.