ദേശീയ സീനിയര്‍ വനിതാ ഹോക്കി; രാജസ്ഥാന്‍ വലയില്‍ ഗോള്‍ നിറച്ച് സായി, മഹാരാഷ്ട്രയ്ക്ക് വിജയം,

- Advertisement -

കൊല്ലം ; ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ മഹാരാഷ്ട്രയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. പൂള്‍ സിയിലെ മത്സരത്തില്‍ മഹാരാഷ്ട്ര 6-1ന് ഉത്തര്‍പ്രദേശിനെ തകര്‍ത്തു. മഹാരാഷ്ട്രയ്ക്കായി ഐശ്വര്യ ചവാന്‍ രണ്ടുഗോളും, അങ്കിത സപാറ്റെ, മാനശ്രീ നരേന്ദ്ര ഷെഡ്‌ഗെ, റീത, റുതുജ പിസാല്‍ എന്നിവര്‍ ഓരോ ഗോളും നേടി. അര്‍ച്ചന ഭരദ്വാജിന്റെ വകയായിരുന്നു ഉത്തര്‍പ്രദേശിന്റെ ആശ്വാസഗോള്‍. ഉത്തര്‍പ്രദേശിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. രണ്ടാം വിജയത്തോടെ മഹാരാഷ്ട്ര പൂള്‍ സിയില്‍ നിന്നും ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി.

പൂള്‍ ബിയിലെ മത്സരത്തില്‍ സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് രാജസ്ഥാനെ തകര്‍ത്തു. സായിക്ക് വേണ്ടി സോണിയ ഇരട്ടഗോള്‍ നേടി. ബിനിത ടിര്‍ക്കി, വര്‍ത്തിക റാവത്ത്, ബേഡുങ് ഡുങ്, പ്രമീള സോറെങ്, താന്യ എന്നിവര്‍ സായിക്ക് വേണ്ടി ഓരോ ഗോളുകള്‍ വീതം സ്‌കോര്‍ ചെയ്തു. രണ്ടാംതോല്‍വിയോടെ രാജസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. പൂള്‍ എ യിലെ ഒഡീഷ-മധ്യപ്രദേശ് മത്സരം 2-2ന് സമനിലയില്‍ അവസാനിച്ചു. ഒഡീഷയ്ക്കായി ദീപ്തി ലാക്ര, റിങ്കി കുജുര്‍ എന്നിവര്‍ ഗോളുകള്‍ നേടി. മധ്യപ്രദേശിന്റെ ഗോളുകള്‍ കൃഷ്ണ സിങ്, നരേന്ദര്‍ കൗര്‍ എന്നിവരുടെ വകയായിരുന്നു. ടൂര്‍ണമെന്റിലെ ആദ്യ സമനിലയാണിത്.

പൂള്‍ സിയിലെ മറ്റൊരു മത്സരത്തില്‍ തമിഴ്‌നാട് രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് ചണ്ഡീഗഢിനെ പരാജയപ്പെടുത്തി. ഏഴാം മിനുട്ടില്‍ മഞ്ജുവിന്റെ ഗോളിലൂടെ ചണ്ഡീഗഢാണ് ആദ്യം മുന്നിലെത്തിയത്. തുടര്‍ന്ന് മൂന്ന് ഗോളുകള്‍ തുടരെ അടിച്ച് തമിഴ്‌നാട് ലീഡ് വര്‍ധിപ്പിച്ചു. ആര്‍ നിവേത,ജെ അമ്മുക്കുട്ടി, എ കമലേശ്വരി, എ ഗായത്രി എന്നിവരാണ് തമിഴ്‌നാടിനായി ഗോളുകള്‍ നേടിയത്. ധാപാദവിയിലൂടെ ഒരു ഗോള്‍ കൂടി മടക്കി ചണ്ഡീഗഢ് തോല്‍വിയുടെ ഭാരം കുറച്ചു. പൂള്‍ എയില്‍ ഭോപ്പാല്‍ എത്തിച്ചേരാത്തതിനാല്‍ ഹോക്കി ഹിമാചലിനും പൂള്‍ ബിയില്‍ ഗാങ്പുര്‍ ഒഡീഷ എത്തിച്ചേരാത്തതിനാല്‍ ഹരിയാനയ്ക്കും വാക്കോവര്‍ ലഭിച്ചു.

എ ഡിവിഷനില്‍ നാളെ(ശനി) കേരളം നിര്‍ണ്ണായക മത്സരത്തിന് ഇറങ്ങും. രാവിലെ എട്ട് മണിക്ക് നടക്കുന്ന പൂള്‍ എയിലെ മത്സരത്തില്‍ ഹോക്കി ഹിമാചലിനെ നേരിടും. ആദ്യ മത്സരത്തില്‍ കേരളം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഒഡീഷയോട് പരാജയപ്പെട്ടിരുന്നു. അര്‍ച്ചനയാണ് ഒഡീഷയ്‌ക്കെതിരെ കേരളത്തിന്റെ ആശ്വാസ ഗോള്‍ നേടിയത്. രാവിലെ 9.30ന് നടക്കുന്ന പൂള്‍ ബിയിലെ മത്സരത്തില്‍ സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)ക്ക് കര്‍ണാടകയാണ് എതിരാളി. തുടര്‍ച്ചയായ രണ്ടാം ജയം തേടിയാണ് സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)ഇറങ്ങുന്നത്. ഒഡീഷ ഗാങ്പുര്‍ എത്തിച്ചേരാത്തതിനാല്‍ കര്‍ണാടകയ്ക്ക് ആദ്യ മത്സരത്തില്‍ വാക്കോവര്‍ ലഭിച്ചിരുന്നു.11 മണിക്ക് മധ്യപ്രദേശ് സി ആര്‍ പി എഫി( സെന്‍ട്രല്‍ റിസര്‍വ്വ് പോലീസ് ഫോഴ്‌സ്)നെ നേരിടും. ഛത്തിസ്ഗഡ് എത്തിച്ചേരാത്തതിനാല്‍ ഹോക്കി ജാര്‍ഖണ്ഡിന് വാക്കോവര്‍ ലഭിക്കും. വൈകിട്ട് 6.30ന് നടക്കുന്ന പൂള്‍ സിയിലെ മത്സരത്തില്‍ പഞ്ചാബും ചണ്ഡീഗഡും ഏറ്റുമുട്ടും. ആദ്യ മത്സരത്തില്‍ ഉത്തര്‍പ്രദേശിനോട് വിജയിച്ച പഞ്ചാബ് രണ്ടാം വിജയം തേടിയാണ്് ഇറങ്ങുന്നത്.തമിഴ്‌നാടിനോട് തോറ്റ ചണ്ഡീഗഢിന് മത്സരം നിര്‍ണായകമാണ്.

Advertisement