ഫൈനൽ മോഹങ്ങള്‍ പൊലിഞ്ഞു, അര്‍ജന്റീനയോട് പൊരുതി വീണ് ഇന്ത്യ

ഹോക്കി ഫൈനലെന്ന ഇന്ത്യയുടെ മോഹങ്ങളെ ഇല്ലാതാക്കി അര്‍ജന്റീനയുടെ ക്യാപ്റ്റന്റെ രണ്ട് പെനാള്‍ട്ടി കോര്‍ണര്‍ ഗോളുകള്‍. ഇന്ത്യ മത്സരത്തിൽ ആദ്യം ലീഡ് നേടിയെങ്കിലും ഇന്ത്യന്‍ പ്രതിരോധത്തെ ഭേദിച്ച് രണ്ട് തവണ അര്‍ജന്റീന ഗോള്‍ വല ചലിപ്പിച്ചപ്പോള്‍ 1-2 എന്ന സ്കോറിന് ഇന്ത്യ പരാജയം ഏറ്റുവാങ്ങി.

ബ്രിട്ടനെ 5-1ന് പരാജയപ്പെടുത്തിയ നെതര്‍ലാണ്ട്സ് ആണ് അര്‍ജന്റീനയുടെ ഫൈനലിലെ എതിരാളികള്‍. ഇന്ത്യ ബ്രിട്ടനുമായി വെങ്കല മത്സരത്തിൽ ഏറ്റുമുട്ടും.

പെനാള്‍ട്ടി കോര്‍ണറിൽ നിന്ന് മത്സരം തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ ഇന്ത്യ ഗോളടിക്കുകയായിരുന്നു. ഇന്ത്യയുടെ ഡ്രാഗ് ഫ്ലിക്കര്‍ ഗുര്‍ജിത് കൗര്‍ പെനാള്‍ട്ടി കോര്‍ണര്‍ ഗോളാക്കി മാറ്റുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം ക്വാര്‍ട്ടര്‍ തുടങ്ങി അധികം വൈകാതെ അര്‍ജന്റീന ഗോള്‍ മടക്കി ഒപ്പമെത്തുകയായിരുന്നു. ക്യാപ്റ്റന്‍ മരിയ നോയല്‍ ബാരിയോനുവേവോ ആയിരുന്നു ഗോള്‍ സ്കോറര്‍.

രണ്ടാം പകുതിയിലും അര്‍ജന്റീന കൂടുതൽ അവസരങ്ങള്‍ സൃഷ്ടിക്കുകയും അത് വഴി ലഭിച്ച പെനാള്‍ട്ടി കോര്‍ണര്‍ ഗോളാക്കി മാറ്റുന്നതാണ് കണ്ടത്. 36ാം മിനുട്ടിൽ അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ വീണ്ടും ഒരു പെനാള്‍ട്ടി കോര്‍ണറിൽ നിന്ന് ഗോള്‍ നേടി ടീമിനെ മുന്നിലെത്തിച്ചു.

രണ്ടും മൂന്നും ക്വാര്‍ട്ടറിനെക്കാള്‍ മികച്ച രീതിയിൽ ഇന്ത്യ നാലാം ക്വാര്‍ട്ടറിൽ കളിച്ചുവെങ്കിലും രണ്ടാം തവണ അര്‍ജന്റീനയുടെ പ്രതിരോധത്തെ മറികടക്കുവാന്‍ ഇന്ത്യയ്ക്ക് സാധിക്കാതെ വന്നപ്പോള്‍ ടീമിന്റെ ഫൈനൽ മോഹങ്ങള്‍ പൊലിഞ്ഞു. 30 സെക്കന്‍ഡ് അവശേഷിക്കുമ്പോള്‍ ഇന്ത്യയുടെ ഗോള്‍ ശ്രമം അര്‍ജന്റീനന്‍ ഗോള്‍കീപ്പര്‍ സേവ് ചെയ്തതോടെ ഇന്ത്യയുടെ അവസാന ശ്രമവും വിഫലമാകുകയായിരുന്നു.