അവസാന നിമിഷം സമനില, പക്ഷേ ഷൂട്ടൗട്ടിൽ ഇന്ത്യയ്ക്ക് കാലിടറി

നെതര്‍ലാണ്ട്സിനെതിരെ FIH പ്രൊലീഗിൽ പരാജയം ഏറ്റു വാങ്ങി ഇന്ത്യ. നിശ്ചിത സമയത്തിന്റെ അവസാന നിമിഷങ്ങളിൽ ഇന്ത്യ സമനില ഗോള്‍ നേടിയെങ്കിലും ഷൂട്ടൗട്ടിൽ ഇന്ത്യയ്ക്ക് പിഴയ്ക്കുകയായിരുന്നു.

നിശ്ചിത സമയത്ത് 2-2 എന്ന സ്കോറിൽ ഇന്ത്യയും നെതര്‍ലാണ്ട്സും പിരിഞ്ഞപ്പോള്‍ 1-4 എന്ന സ്കോറിന് ഷൂട്ടൗട്ടിൽ ഇന്ത്യ പിന്നിൽ പോയി. 9ാം മിനുട്ടിൽ ടിജ്മെന്‍ റെയംഗയാണ് നെതര്‍ലാണ്ട്സിനെ മുന്നിലെത്തിച്ചത്. 21ാം മിനുട്ടിൽ ദില്‍പ്രീത് സിംഗ് മടക്കിയ ഗോളിലൂടെ ഇന്ത്യ സമനില പിടിച്ചപ്പോള്‍ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോളാണ് നേടിയത്.

46ാം മിനുട്ടിൽ കോയന്‍ ബിജന്‍ നെതര്‍ലാണ്ട്സിന് ലീഡ് നേടിക്കൊടുത്തപ്പോള്‍ 60ാം മിനുട്ടിൽ മത്സരത്തിന്റെ അവസാന നിമിഷത്തിൽ ഹര്‍മ്മന്‍പ്രീത് സിംഗ് ഇന്ത്യയുടെ സമനില ഗോള്‍ കണ്ടെത്തിയെങ്കിലും ഷൂട്ടൗട്ടിൽ ഇന്ത്യയ്ക്ക് കാലിടറി.