ബെല്‍ജിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ ജേതാവായി വെറ്റല്‍

ബെല്‍ജിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ ആവേശകരമായ ജയത്തിലൂടെ സെബാസ്റ്റ്യന്‍ വെറ്റലിനു കിരീടം. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ ലൂയിസ് ഹാമിള്‍ട്ടണിന്റെ ലീഡ് 17 പോയിന്റായി കുറയ്ക്കുവാനും വെറ്റലിനു സാധിച്ചു. ഫെരാരിയുടെ വെറ്റല്‍ ബെല്‍ജിയത്തില്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ലൂയിസ് ഹാമിള്‍ട്ടണിനാണ് രണ്ടാം സ്ഥാനം. പോള്‍ പൊസിഷനില്‍ റേസ് തുടങ്ങിയ ഹാമിള്‍ട്ടണിനെ ആദ്യ ലാപ്പില്‍ തന്നെ വെറ്റല്‍ പിന്തള്ളിയിരുന്നു. റെഡ് ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പന്‍ മൂന്നാം സ്ഥാനക്കാരനായി റേസ് അവസാനിപ്പിച്ചു.

റേസിന്റെ തുടക്കത്തില്‍ തന്നെ മക്ലാരന്റെ ഫെര്‍ണാണ്ടോ അലോന്‍സോയുടെ കാറില്‍ നിക്കോ ഹള്‍ക്കെന്‍ബര്‍ഗ് ഇടിച്ചതോടെ ഒരു കൂട്ട ഇടി നടക്കുകയായിരുന്നു. സൗബറിന്റെ ചാള്‍സ് ലെക്ലെര്‍ക് തലനാരിഴയ്ക്കാണ് വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഡാനിയേല്‍ റിക്കിയാര്‍ഡോയും കിമി റൈക്കണനും ആദ്യ ലാപ്പില്‍ തന്നെ കൂട്ടിയിടിയെ തുടര്‍ന്ന് റിട്ടയര്‍ ചെയ്തിരുന്നു.