ഫെരാരിക്ക് വമ്പൻ തിരിച്ചടി, സീസണിലെ ആദ്യ ജയം കണ്ട് ഹാമിൾട്ടൻ

ഫോർമുല വണ്ണിൽ സീസണിലെ ആദ്യ ജയം കണ്ട് ലൂയിസ് ഹാമിൾട്ടൻ. തുടർച്ചയായ രണ്ടാം ഗ്രാന്റ് പ്രീയും ഓസ്ട്രിയയിൽ തന്നെ നടന്നപ്പോൾ പോൾ പൊസിഷനിൽ ആണ് മെഴ്‌സിഡസ് ഡ്രൈവർ ഹാമിൾട്ടൻ ഡ്രൈവ്‌ തുടങ്ങിയത്.
റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ രണ്ടാമത് റേസ് തുടങ്ങിയപ്പോൾ നാലാമത് ആയിരുന്നു മെഴ്‌സിഡസിന്റെ ബോട്ടാസ് റേസ് തുടങ്ങിയത്. എന്നാൽ തുടക്കത്തിൽ തന്നെ പരസ്പരം കൂട്ടിയിടിച്ച് രണ്ട് ഫെരാരി ഡ്രൈവർമാരും പുറത്ത് പോയത് ഇറ്റാലിയൻ ടീമിന് വമ്പൻ തിരിച്ചടി ആയി.
റേസ് തുടങ്ങിയത് മുതൽ ഇടക്ക് വെർസ്റ്റാപ്പൻ വെല്ലുവിളി ഉയർത്തി എങ്കിലും രണ്ട് മെഴ്‌സിഡസ് ഡ്രൈവർമാരും മികച്ച ആധിപത്യം പുലർത്തി.
സീസണിലെ രണ്ടാം റെസിൽ തന്റെ ആദ്യ ജയം ഹാമിൾട്ടൻ കണ്ടപ്പോൾ കഴിഞ്ഞ തവണ ഒന്നാമത് എത്തിയ ബോട്ടാസ് ഇത്തവണ രണ്ടാമത് ആയി.

റെഡ് ബുള്ളിന്റെ ഡച്ച് ഡ്രൈവർ വെർസ്റ്റാപ്പൻ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ലാപ് റെക്കോർഡ് മറികടന്ന് ഏറ്റവും വേഗമേറിയ ലാപ് സ്പീഡ് കണ്ടത്തിയ മക്ലാരൻ ഡ്രൈവർ കാർലോസ് സൈൻസ് ഒമ്പതാം സ്ഥാനത്ത് ആണ് ഫിനിഷ് ചെയ്തത്. (5/n)
അതേസമയം റെഡ് ബുള്ളിന്റെ അലക്‌സാണ്ടർ ആൽബോൻ നാലാമത് ഫിനിഷ് ചെയ്തപ്പോൾ ആദ്യ റേസിൽ മൂന്നാമത് എത്തിയ മക്ലാരന്റെ യുവ ബ്രിട്ടീഷ് ഡ്രൈവർ ലാന്റോ നോറിസ് അഞ്ചാമത് ആയി റേസ് അവസാനിപ്പിച്ചു. (6/n)
ഇതോടെ ഡ്രൈവർമാരുടെ പോരാട്ടത്തിൽ ബോട്ടാസിന് 6 പോയിന്റുകൾ പിറകിൽ രണ്ടാമത് ആണ് ഹാമിൾട്ടൻ. കാർ നിർമാതാക്കളുടെ പോരാട്ടത്തിൽ ആവട്ടെ രണ്ടാമതുള്ള മക്ലാരനെക്കാൾ ബഹുദൂരം മുന്നിലാണ് മെഴ്‌സിഡസ്.

സീസണിലെ ആദ്യ റേസിൽ ആവേശകാഴ്ചകൾ, ജയം കണ്ട് ബോട്ടാസ്, ഹാമിൾട്ടനു തിരിച്ചടി

കോവിഡ് കാലത്തെ ലോക് ഡോണിന് ശേഷമുള്ള 2020 തിലെ ആദ്യ ഫോർമുല വൺ റേസിൽ ആവേശക്കാഴ്‌ച്ചകൾ. ഓസ്ട്രിയയിൽ നടന്ന ആദ്യ റേസിന് മുമ്പ് ബ്ലാക്ക് ലൈഫ്‌സ് മാറ്റർ പ്രതിഷേധങ്ങൾക്ക് പിന്തുണ അർപ്പിച്ചു താരങ്ങൾ മുട്ടുകുത്തി ഇരുന്നാണ് സീസണിലെ ആദ്യ റേസിന് ഓസ്ട്രിയയിൽ തുടക്കം കുറിച്ചത്. ബ്ലാക്ക് ലൈവ്‌സ് മാറ്റർ തന്റെ ജേഴ്‌സിയിൽ അണിഞ്ഞ് ആണ് ഹാമിൾട്ടൻ റേസിന് എത്തിയത്. അതേസമയം ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക്, റെഡ് ബുള്ളിന്റെ മാർക്സ് വെർസ്റ്റാപ്പൻ അടക്കം 6 ഡ്രൈവർമാർ മുട്ടു കുത്തി ഇരിക്കാൻ തയ്യാർ ആവാത്തതും കണ്ടു. നിരവധി ഡ്രൈവർമാർ പല വിധ പ്രശ്നങ്ങളുമായി റേസ് പൂർത്തിയാക്കാൻ ആവാത്തത് ആണ് ആദ്യ റേസിൽ തന്നെ കണ്ടത്. പോൾ പൊസിഷനിൽ തുടങ്ങിയ മെഴ്‌സിഡസ് ഡ്രൈവർ ബോട്ടാസ് മികച്ച ലീഡ് തുടക്കം മുതൽ തന്നെ നിലനിർത്തുകയും ആദ്യ സ്ഥാനത്ത് റേസ് അവസാനിപ്പിക്കുകയും ചെയ്തു.

അതേസമയം ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക് ആണ് രണ്ടാമത് എത്തിയത് തന്റെ കരിയറിലെ ആദ്യ പോഡിയം ഫിനിഷ് ചെയ്ത മക്ലാരന്റെ ലാന്റോ നോറിസ് മൂന്നാം സ്ഥാനത്ത് എത്തി. പോഡിയം ഫിനിഷ് ചെയ്യുന്ന എഫ് 1 ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായി ഇതോടെ നോറിസ്. റേസിൽ രണ്ടാം സ്ഥാനത്ത് എത്തിയത് മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൾട്ടൻ ആണെങ്കിലും റെഡ് ബുൾ ഡ്രൈവർ ആൽബോനും ആയി കൂട്ടിയിടിച്ചതിനാൽ ബ്രിട്ടീഷ് ഡ്രൈവർക്ക് 5 സെക്കന്റ് പിഴ വിധിക്കുക ആയിരുന്നു. ഇതോടെ മൂന്നാമത് എത്തിയ ചാൾസ് രണ്ടാമതും നാലാമത് എത്തിയ നോറിസ് മൂന്നാമതും എത്തി.

ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച ആൽബോൻ 10 ലാപ്പുകൾ ബാക്കിയുള്ളപ്പോൾ രണ്ടാമതുള്ള ഹാമിൾട്ടനെ മറികടക്കും എന്നുറപ്പിച്ചത് ആണ് എന്നാൽ തന്നെ പൊസിഷൻ വിട്ട് കൊടുക്കാൻ ഹാമിൾട്ടൻ തയ്യാറാകാത്തത് ആൽബോന്റെ കാർ ഹാമിൾട്ടന്റെ കാറുമായി ഇടിക്കാൻ കാരണമായി. ഇതോടെ ആൽബോൻ റേസ് അവസാനിപ്പിക്കാൻ നിർബന്ധിതനായി. ഇതിനാണ് പിന്നീട് നിലവിലെ ലോക ചാമ്പ്യനു 5 സെക്കന്റ് പിഴ വിധിച്ചത്‌. അവസാന ലാപ്പിൽ ഏറ്റവും മികച്ച സ്പീഡിൽ ലാപ്പ് ഫിനിഷ് ചെയ്ത് ആണ് നോറിസ് മൂന്നാം സ്ഥാനത്ത് എത്തിയത്. ഇതോടെ 20 കാരൻ ആയ നോറിസ് പോഡിയം ഫിനിഷ് ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ ബ്രിട്ടീഷ് ഡ്രൈവർ കൂടിയായി. രണ്ടാം സ്ഥാനം നഷ്ടമായി എങ്കിലും അഞ്ചാമത് റേസ് തുടങ്ങിയ ഹാമിൾട്ടനു നാലാം സ്ഥാനം കൊണ്ട് തൃപ്തിപെടാം. അതേസമയം തന്റെ കരിയറിൽ ആദ്യമായി പത്താം സ്ഥാനത്ത് റേസ് അവസാനിപ്പിക്കാൻ ആയിരുന്നു ഫെരാരിയുടെ മുൻ ലോക ചാമ്പ്യൻ സെബ്യാസ്റ്റൻ വെറ്റലിന്റെ വിധി. അടുത്ത ആഴ്ച ഓസ്ട്രിയയിൽ തന്നെയാണ് രണ്ടാം ഗ്രാന്റ് പ്രീയും നടക്കുക.

ഫോർമുല വൺ ഗ്രാൻപ്രീ 2020 സീസണ് തുടക്കമാകുന്നു; കാറോട്ട ആവേശം ഇവിടെ കേരളത്തിലും

ജൂലൈ 3 ന് ഓസ്ട്രിയ ഗ്രാൻപ്രീയോടു കൂടി ഈ വർഷത്തെ ഫോർമുല വൺ കാറോട്ടമത്സരങ്ങൾക്കു തുടക്കമാവുന്നു. അന്താരാഷ്ട്ര വാഹന സംഘടനയായ(FIA)ആണ് ഫോർമുല വൺ മത്സരങ്ങൾ നടത്തുന്നത്. ലോകത്തെ പല രാജ്യങ്ങളിൽ ഉള്ള ട്രാക്കുകളിൽ നടക്കുന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ്‌ നേടി വിജയിക്കുന്ന ആൾ ആണ് ആ വർഷത്തെ ലോക ഫോർമുല വൺ ചാമ്പ്യൻ ആകുന്നത്.

മാർച്ച് 15 ന് ഓസ്ട്രേലിയൻ ഗ്രാൻപ്രീയോടു കൂടി 2020 സീസൺ ഫോർമുല വൺ കാറോട്ടമത്സരങ്ങൾക്കു തുടക്കമാകേണ്ടിരുന്നതാണ് .എന്നാൽ കൊറോണ വൈറസ് ലോകമാകെ പകർത്തിയ ഭീതികാരണം നിർത്തി വെച്ചേക്കുകയായിരുന്നു.ഈ വർഷത്തെ മത്സരങ്ങൾ പല രാജ്യങ്ങളും ഒഴിവാക്കി.2020 സീസൺ ഉണ്ടാവില്ല എന്ന് ജനവിധി എഴുതിയവർക്ക് പ്രഹരം പോലെ ആയിരുന്നു എഫ് വൺ പുറത്തു വിട്ടത്. ചില ഉപാധികളോടെ എട്ട് മത്സരങ്ങൾ നടത്താം.

സെബാസ്റ്റ്യൻ വെറ്റൽ,ലുയിസ് ഹാമിൽട്ടൻ ഫാൻസിനും, ഫോർമുല വൺ ആരാധകർക്കും ആഘോഷിക്കാൻ ഇനി വേറെ എന്ത് വേണം. ഏവരും ഉറ്റുനോക്കുന്ന ഒരു ഫോർമുല വൺ സീസൺ കൂടി ആയിരിക്കും 2020. എഫ് വൺ ഇതിഹാസം മൈക്കൾ ഷൂമാക്കരുടെ പല റെക്കോർഡുകളും നിലവിലെ ചാമ്പ്യൻ ആയ ലുയിസ് ഹാമിൽട്ടൻ കൈപ്പിടിയിൽ ഒതുക്കും എന്നാണ് എഫ് വൺ ലെ പ്രഗൽഭർ അഭിപ്രായപ്പെടുന്നത്. കൂടാതെ സെബാസ്റ്റ്യൻ വെറ്റലിന്റെ തിരിച്ചു വരവ് ആഗ്രഹിക്കുന്നവരുമാണ് ഭൂരിഭാഗം വരുന്ന എഫ് വൺ ആരാധകർ.

എഫ് വൺ പ്രേമികൾ നമ്മുടെ ഈ കൊച്ചു കേരളത്തിലും ഉണ്ട്. അധികം വേരോട്ടമില്ലാത്ത എഫ് വൺ ആരാധകരുടെ വലിയൊരു ഫാൻസ് കൂട്ടായ്‌മ ആയ “എഫ് വൺ ഫാൻസ് ക്ലബ്ബ് കേരള ” വളരെ കുറച്ചു പേരുമായി ഒത്തുചേർന്ന് ഫേസ്ബുക്കിൽ കഴിഞ്ഞ വർഷം ഒക്ടോബർ മാസം ഗ്രൂപ്പ് അരഭിക്കുകയും,പിന്നീട് ഒരു വലിയ ഒരു ഫാൻ ബേസ് ആകുകയും ചെയ്തു. 2020 സീസൺ വലിയ ആഘോഷമാക്കാൻ ആണ് ആരാധക കൂട്ടായ്മയുടെ തീരുമാനം എന്ന് എഫ് വൺ കൂട്ടായ്മയുടെ ഭരവാഹികളിൽ ഒരാളായ ഇർഷാദ് നിലമ്പൂർ പറഞ്ഞു.
സീസൺ അടുക്കുമ്പോൾ ഒരു പിടി പ്രോഗ്രാം ആയാണ് ഈ ഫാൻസ് ക്ലബിന്റെ വരവ്.

സീസനോട് അനുബന്ധിച്ച് നടത്താൻ ഉദ്ദേശിക്കുന്നു .

1.ചർച്ച വേദി : കഴിഞ്ഞ സീസീസൺ കുറിച്ചുള്ള ഒരു സംവാദം ,പല ടീമുകൾക്കു ഉണ്ടായ ഉയർച്ചകളും,താഴ്ചകളേയും കുറിച്ചൊരു വിശദീകരിച്ചൊരു ചർച്ചക്ക് വഴി ഒരുക്കുകയും എഫ് വൺ കേരള ഫാൻസിന് ഒത്തുകൂടാനും വേണ്ടി നടത്താൻ ഉദ്ദേശിക്കുന്നു.

2.ലൈവ് സ്‌ട്രീമിംഗ്‌ :- ടെലിവിഷനിലും, മറ്റു ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ നിന്നും എഫ് വൺ മത്സരങ്ങൾ കാണുന്നതിന് പകരം ഒന്നിച്ചു ബിഗ് സ്ക്രീനിൽ കാണാനും വഴിയൊരുക്കുന്നു.
കേരളത്തിൽ ഫോർമുല വണ്ണിനു വരും നാളുകളിൽ വലിയ സ്വീകാര്യത ലഭിക്കുമെന്നു ഫാൻസ് ക്ലബ്ബ് ഭാരവാഹികളായ ആഷിഖ് നമ്പിപറമ്പിൽ, ദിൽഷാദ്, റിംഷാദ്, ശരിഷ്, ഇർഷാദ് നിലമ്പൂർ എന്നിവർ അറിയിച്ചു.

ഓസ്ട്രിയൻ ഗ്രാന്റ് പ്രീയോടെ ജൂലൈ 5 നു ഫോർമുല വൺ ആരംഭിക്കും

കൊറോണ വൈറസ് കാരണം നീണ്ടുപോയ 2020 ലെ ഫോർമുല വൺ സീസണിനു അടുത്ത മാസം അഞ്ചാം തിയതി തുടക്കമാവും. ഓസ്ട്രിയയിൽ നടക്കുന്ന റേസിലൂടെ എഫ് വൺ തുടങ്ങും എന്നാണ് അധികൃതർ നിലവിൽ അറിയിച്ചിരിക്കുന്നത്. നേരത്തെ നിരവധി ഗ്രാന്റ് പ്രീകൾ കൊറോണ മൂലം റദ്ദാക്കേണ്ടി വന്നിരുന്നു. നിലവിൽ ആദ്യത്തെ 8 റേസുകളുടെ മത്സരക്രമങ്ങൾ ആണ് അധികൃതർ പുറത്ത് വിട്ടത്. ജൂലൈ 5 നു ഓസ്ട്രിയയിൽ ആദ്യ റേസ് നടക്കുമ്പോൾ അവിടെ തന്നെ ജൂലൈ 12 നു രണ്ടാം റേസ് നടക്കും.

ജൂലൈ 19 നു ഹംഗറിയിൽ മൂന്നാം ഗ്രാന്റ് പ്രീ നടക്കുമ്പോൾ ഓഗസ്റ്റ് 2 നും 9 തിനും ആയി ബ്രിട്ടനിൽ നാലും അഞ്ചും ഗ്രാന്റ് പ്രീകൾ നടക്കും. ഓഗസ്റ്റ് 16 നു ബാഴ്‌സലോണയിൽ ആറാം ഗ്രാന്റ് പ്രീ നടക്കുമ്പോൾ ബെൽജിയം ഓഗസ്റ്റ് 30 തിനു ഏഴാം ഗ്രാന്റ് പ്രീക്ക് വേദി ആകും. സെപ്റ്റംബർ ആറിന് ഇറ്റലിയിൽ എട്ടാം ഗ്രാന്റ് പ്രീ നടക്കുന്ന വിധം ആണ് ഇത് വരെ റേസിംഗ് ക്രമം പ്രഖ്യാപിച്ചത്. നിലവിൽ ആദ്യ റേസുകളിൽ കൊറോണ മൂലം കാണികൾക്ക് പ്രവേശനം ഉണ്ടാവില്ല എന്നാൽ തുടർന്ന് കാണികളെ പ്രവേശിപ്പിക്കാൻ ആയാൽ അതിനു ശ്രമിക്കും എന്നും അധികൃതർ പറഞ്ഞു. ഏതാനും ആഴ്ചകൾക്ക് അകം വലിയ മത്സരാക്രമം അധികൃതർ പുറത്ത് വിടാൻ ആണ് സാധ്യത. നിലവിൽ ഡിസംബറിന് മുമ്പ് 15 മുതൽ 18 വരെ റേസുകൾ കൊണ്ട് സീസൺ അവസാനിപ്പിക്കാൻ ആവും അധികൃതർ ശ്രമിക്കുക.

ഫെരാരിക്ക് ശേഷം സെബാസ്റ്റ്യൻ വെറ്റൽ യുഗം അവസാനിക്കുമോ?

ഫോർമുല വണ്ണിൽ ഒരുപാട് ഇതിഹാസ ഡ്രൈവർമാർ ഡ്രൈവ് ചെയ്തിട്ടുണ്ട്. പലരും പല കാലങ്ങളിൽ ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നിക്കി ലൗഡ, ജെയിംസ് ഹണ്ട്, സെന്ന, ശുമാർക്കർ,അലോൺസോ മുതൽ ഇപ്പോൾ ഹാമിൾട്ടൻ വരെ എത്രയോ വലിയ വിജയങ്ങൾ നേടിയ മികച്ച ഡ്രൈവർമാർ. ചിലർ ഭാഗ്യവാന്മാർ ആയിരുന്നു, അവർക്ക് മികച്ച കാറും ടീമും ഒക്കെ ലഭിച്ചു, അവർ ലോകം കീഴടക്കി. മറ്റ് ചിലർ ആവട്ടെ മികച്ച ടീമിന്റെ അഭാവത്തിലും ജയങ്ങൾ കൊണ്ട് ലോകത്തെ ഞെട്ടിച്ചു. ശുമാർക്കറിനെയും ഫെരാരിയെയും വെല്ലുവിളിച്ച അലോൺസോ തന്നെ വലിയ ഉദാഹരണം. മെഴ്‌സിഡസ് തങ്ങളുടെ മുഴുവൻ ആധിപത്യവും പുലർത്തിയ അത്തരം 6 വർഷങ്ങൾ ആണ് 2014 നു ശേഷം ലോകം കണ്ടത്. ആ കാലത്ത് അവർക്ക് വെല്ലുവിളി എന്നു പറയാവുന്ന ഒരേഒരാൾ ഫെരാരിയുടെ വെറ്റൽ മാത്രം ആയിരുന്നു. അതിനു മുമ്പ് റെഡ് ബുള്ളിൽ തുടർച്ചയായി 4 വർഷം ലോക ചാമ്പ്യൻ ആയ ചരിത്രവും ജർമ്മൻ ഡ്രൈവർക്ക് ഉണ്ടായിരുന്നു എന്നത് വേറെ കാര്യം.

വളരെ ചെറുപ്പത്തിൽ റേസിംഗിൽ എത്തിയ വെറ്റൽ റെഡ് ബുള്ളിന്റെ ജൂനിയർ ടീമിലൂടെ ആണ് വളർന്നത്. 2006 – 2007 ൽ ബി.എം.ഡബ്യു സോബറിലൂടെ ഫോർമുല വണ്ണിൽ തുടങ്ങിയ വെറ്റൽ 2007-2008 സീസണിൽ റെഡ് ബുള്ളിന്റെ ടോറോ റോസോ ടീമിൽ എത്തി. 2008 ൽ തന്റെ ആദ്യ പോഡിയം ഫിനിഷ് നേടിയ വെറ്റൽ ആ വർഷത്തെ ഇറ്റാലിയൻ ഗ്രാന്റ് പ്രീയിൽ തന്റെ ആദ്യ ജയം സ്വന്തമാക്കി. സമീപകാലത്ത് മാക്‌സ് വെർസ്റ്റാപ്പൻ തകർക്കും വരെ 21 വയസ്സിൽ പോഡിയം ഫിനിഷും ഗ്രാന്റ് പ്രീജയവും നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവർ ആയിരുന്നു വെറ്റൽ. 2003 ൽ ഫെർണാണ്ടോ അലോൺസോ സ്ഥാപിച്ച റെക്കോർഡ് ആയിരുന്നു വെറ്റൽ അന്ന് തകർത്തത്. 2009 തിൽ റെഡ് ബുള്ളിൽ എത്തിയ വെറ്റൽ പിന്നീട് തന്റെ ഏറ്റവും മികച്ച വർഷങ്ങൾ ആണ് ലോകത്തിനു കാണിച്ചത്. ടീമിൽ എത്തി ആദ്യ വർഷം തന്നെ ജെൻസൻ ബട്ടനു പിറകെ രണ്ടാം സ്ഥാനത്ത് സീസൺ അവസാനിപ്പിക്കാൻ വെറ്റലിന് ആയി. ഈ പ്രകടനം റെഡ് ബുള്ളിൽ പുതിയ കരാർ ലഭിക്കാൻ വെറ്റലിനെ സഹായിച്ചു.

2010 ൽ വെറ്റൽ റെഡ് ബുള്ളിന്റെ ചരിത്രത്തിലെ ആദ്യ ലോക ചാമ്പ്യൻഷിപ്പ് അവർക്ക് സമ്മാനിച്ചു. കൂടാതെ ലോക ചാമ്പ്യൻ ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ആയി ജർമ്മൻ ഡ്രൈവർ മാറി. സീസണിന്റെ തുടക്കത്തിൽ പിറകെ നിന്ന ശേഷം ആയിരുന്നു വെറ്റൽ ലോക കിരീടത്തിൽ ചുംബിച്ചത്. 2011 ൽ ഹാമിൾട്ടനെയും അലോൺസോയെയും കാഴ്ചക്കാരൻ ആക്കി വീണ്ടും ലോക ചാമ്പ്യൻപട്ടം വെറ്റൽ സ്വന്തമാക്കി. ഇത്തവണ റെക്കോർഡ് 15 പ്രാവശ്യം ആണ് ജർമ്മൻ ഡ്രൈവർ പോൾ പൊസിഷനിൽ എത്തിയത്. സീസണിൽ 19 റെസിൽ 11 ജയവും 17 പോഡിയം ഫിനിഷും നേടിയ വെറ്റൽ റെക്കോർഡ് നമ്പർ ആയ 392 പോയിന്റുകൾ ആണ് സീസണിൽ നേടിയത്. 2012 ൽ സാക്ഷാൽ ആർട്ടൻ സെന്നയെ മറികടന്ന് 3 തവണ ലോക ചാമ്പ്യൻ ആവുന്ന ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവർ ആയി വെറ്റൽ തുടർച്ചയായ മൂന്നാം ലോക ചാമ്പ്യൻഷിപ്പ് കയ്യിലാക്കി. കൂടാതെ മാനുവൽ ഫാഞ്ചിയോക്കും മൈക്കിൾ ശുമാർക്കറിനും ശേഷം തുടർച്ചയായി മൂന്നാം ലോക ചാമ്പ്യൻഷിപ്പ് നേടുന്ന മൂന്നാമത്തെ മാത്രം താരം ആയി വെറ്റൽ മാറി. 2013 ൽ 14 ജയങ്ങൾ സീസണിൽ നേടിയ വെറ്റൽ തുടർച്ചയായി 9 റെസിലും ജയം കണ്ട് പുതിയ ഉയരങ്ങളിൽ എത്തി. തുടർച്ചയായ 9 റേസ് ജയം പുതിയ റെക്കോർഡ് ആയിരുന്നു. എന്നാൽ സീസണിൽ കാണികളിൽ നിന്ന് കൂവലുകൾ അടക്കം ഏറ്റുവാങ്ങിയ വെറ്റൽ സീസണിന്റെ അവസാനം റെഡ് ബുള്ളും ആയുള്ള കരാർ ഒരുകൊല്ലം നീട്ടി.

2014 ൽ തന്റെ കാർ നമ്പർ ഒന്നിൽ നിന്ന് അഞ്ചായി വെറ്റൽ മാറ്റി. കൂടാതെ അത് വരെ ടീമേറ്റ് ആയിരുന്ന മാർക്ക് വെബ്ബറിന്റെ വിരമിക്കലിനു ശേഷം ടോറോ റോസോയിൽ നിന്നു സ്ഥാനക്കയറ്റം ലഭിച്ച ഓസ്‌ട്രേലിയൻ ഡ്രൈവർ ഡാനിയേൽ റിക്കിയാർഡോ വെറ്റലിന്റെ പുതിയ ടീമേറ്റ് ആയി. കാറിന്റെ പ്രശ്നങ്ങളും ടെക്നിക്കൽ പ്രശ്നങ്ങളും വലച്ച സീസണിൽ വെറ്റലിന് ഒരൊറ്റ റേസിൽ പോലും ജയം കാണാൻ ആയില്ല. 1998 നു ശേഷം ഒരു ജയം പോലും ഇല്ലാതെ സീസൺ അവസാനിപ്പിക്കുന്ന നിലവിലെ ജേതാവ് ആയി വെറ്റൽ നാണക്കേട് ഏറ്റുവാങ്ങി. മുമ്പ്‌ തന്നെ ഫെരാരിയിൽ എത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ച വെറ്റൽ 2015 ൽ റെഡ് ബുള്ളിൽ നിന്നു ഫെരാരിയുടെ ചുവപ്പിലേക്ക് മാറി. 2015 ൽ ഓസ്‌ട്രേലിയൻ ഗ്രാന്റ് പ്രീയിൽ മൂന്നാം സ്ഥാനത്ത് എത്തിക്കൊണ്ട് തന്റെ ഫെരാരി അരങ്ങേറ്റവും മുകളിലേക്കുള്ള തിരിച്ചു വരവും വെറ്റൽ അറിയിച്ചു. തുടർന്ന് മലേഷ്യൻ ഗ്രാന്റ് പ്രീ ജയം കണ്ട വെറ്റൽ ഒരു വർഷത്തിന് ശേഷം ഗ്രാന്റ് പ്രീ ജയം കണ്ടു. കരിയറിലെ 40 ജയം ആയിരുന്നു വെറ്റലിന് ഇത്. ഇതോടെ സെന്നക്ക് ഒരൊറ്റ ജയത്തിനു പിറകിൽ ഫോർമുല വണ്ണിലെ ഏറ്റവും കൂടുതൽ ഗ്രാന്റ് പ്രീ ജയം നേടിയ ഡ്രൈവർ ആയി വെറ്റൽ മാറി. ജയത്തിനു ശേഷം തന്റെ എക്കാലത്തെയും ഹീറോ ആയ ഇതിഹാസ ഡ്രൈവർ മൈക്കിൾ ശുമാർക്കറിനെ വികാരീതനായി വെറ്റൽ സ്മരിച്ചത് ശ്രദ്ധേയമായിരുന്നു. സീസണിൽ സിംഗപ്പൂർ ഗ്രാന്റ് പ്രീയിൽ സെന്നയുടെ ഗ്രാന്റ് പ്രീ ജയങ്ങളുടെ റെക്കോർഡ് മറികടന്ന വെറ്റൽ മെഴ്‌സിഡസിനും ഹാമിൾട്ടനും കിരീടപോരാട്ടത്തിൽ വെല്ലുവിളി ഉയർത്തി. വെറ്റൽ അത്ഭുതം എന്നു വിളിച്ച ആ സീസണിൽ 3 ഗ്രാന്റ് പ്രീ ജയവും 13 പോഡിയം ഫിനിഷും നേടിയ വെറ്റൽ സീസൺ മൂന്നാമത് ആയി ആണ് അവസാനിപ്പിച്ചത്. ഈ പ്രകടനം വെറ്റലിന്റെ കാലം കഴിഞ്ഞില്ല എന്ന വ്യക്തമായ സൂചന ലോകത്തിനു നൽകി.

2016 ൽ ഒരു ജയം പോലും നേടാൻ ആവാതെ വെറ്റലിന്റെ സീസൺ കടുത്ത നിരാശയിൽ ആണ് അവസാനിച്ചത്. 7 പോഡിയം ഫിനിഷ് നേടിയ വെറ്റൽ സീസണിൽ നാലാം സ്ഥാനത്ത് ആയിരുന്നു അവസാനിപ്പിച്ചത്. 2017 ൽ 18 മാസങ്ങൾക്ക് ശേഷം ഗ്രാന്റ് പ്രീ ജയവും ആയാണ് വെറ്റൽ ഓസ്‌ട്രേലിയയിൽ തന്റെ സീസൺ തുടങ്ങുന്നത്. മികവ് തുടർന്ന വെറ്റൽ 2001 ൽ ശുമാർക്കറിന്റെ ജയത്തിനു ശേഷം മോണ്ട കാർലോയിൽ ഫെരാരിക്ക് ജയം സമ്മാനിച്ചു. തുടക്കത്തിൽ ഹാമിൾട്ടനു മുകളിൽ ലീഡ്‌ നേടിയ വെറ്റലിനും ഫെരാരിക്കും വലിയ നിരാശ നൽകി സിംഗപ്പൂരിൽ ഇരു ഫെരാരി ഡ്രൈവർമാരും ആദ്യ ലാപ്പിൽ തന്നെ അപകടത്തിൽ പിന്മാറേണ്ടി വന്നു. തുടർന്നും നിർഭാഗ്യവും കാറിന്റെ പ്രശ്നങ്ങളും വെറ്റലിനെ വേട്ടയാടിയപ്പോൾ കിരീടം വീണ്ടും ഹാമിൾട്ടനിലൂടെ മെഴ്‌സിഡസ് കിരീടം ഉയർത്തി. 2018 ൽ അഞ്ചാം ലോക കിരീടം തേടി ഹാമിൾട്ടനും വെറ്റലും നേർക്കുനേർ വന്നു. അഞ്ചാം ലോക കിരീടം നേടുന്ന മൂന്നാമത്തെ മാത്രം താരം ആവാൻ ഇരു ഡ്രൈവർമാരും അണിനിരന്നു. 12 തവണ വെറ്റൽ പോഡിയം ഫിനിഷ് ചെയ്ത സീസണിൽ മികച്ച പ്രകടനങ്ങൾക്ക് ഒപ്പം പല പ്രശ്നങ്ങളും വെറ്റലിനെ വേട്ടയാടി. ബ്രസീൽ ഗ്രാന്റ് പ്രീയിൽ വെറ്റലിന് പിഴശിക്ഷയും സീസണിൽ ലഭിച്ചു. ഹാമിൾട്ടൻ തന്റെ അഞ്ചാം കിരീടം ഉയർത്തിയപ്പോൾ വീണ്ടും നിരാശ തന്നെയായിരുന്നു വെറ്റലിന്.

2019 ൽ വെറ്റലിനെക്കാൾ ആളുകൾ ടീമേറ്റ് ആയ ചാൾസ് ലെക്ലെർക്കിന്‌ ആണ് മെഴ്‌സിഡസിന് വെല്ലുവിളി ആവാനുള്ള സാധ്യത കൽപ്പിച്ചത്. അത് പോലെ തന്നെ പലപ്പോഴും യുവ ഡ്രൈവറിന്റെ നിഴലിൽ ആയി വെറ്റൽ ഈ സീസണിൽ. നിരാശാജനകമായ സീസണിൽ കാനഡയിൽ റേസ് ജയം കണ്ടു എങ്കിലും 5 സെക്കന്റ് പെനാൽട്ടി ലഭിച്ച വെറ്റൽ ഹാമിൾട്ടനു പിറകിൽ രണ്ടാമത് ആയി. എന്നാൽ പെനാൽട്ടി അംഗീകരിക്കാൻ കൂട്ടാക്കാത്ത ഹാമിൾട്ടന്റെ കാറിന്റെ മുന്നിൽ നിന്ന് ഒന്നാമത് എന്ന ബോർഡ് എടുത്തു തന്റെ കാറിന്റെ മുന്നിൽ വച്ച വെറ്റൽ വിവാദങ്ങൾ സൃഷ്ടിച്ചു. സ്വന്തം നാട്ടിൽ ജർമ്മനിയിൽ അവസാന സ്ഥാനത്ത് നിന്നു തുടങ്ങി രണ്ടാമത് എത്തിയ വെറ്റൽ ആരാധകരെ ആവേശത്തിൽ ആക്കി. നിരവധി അപകടങ്ങൾ കണ്ട സിംഗപ്പൂരിൽ വെറ്റൽ സീസണിലെ തന്റെ ഏകജയം സ്വന്തമാക്കി. ലെക്ലെർക്കിനും പിറകിൽ അഞ്ചാമത് ആയി വെറ്റൽ ഈ സീസൺ അവസാനിപ്പിച്ചു. കൊറോണ വൈറസ് മൂലം റേസ് തുടങ്ങാൻ വൈകിയ വേളയിൽ തികച്ചും അപ്രതീക്ഷിതമായി ആണ് ഫെരാരി വെറ്റലും ആയി പിരിയുന്ന കാര്യം പ്രഖ്യാപിച്ചത്. ഈ തീരുമാനം 32 കാരൻ ആയ വെറ്റലിന്റെ ഫോർമുല വണ്ണിലെ കരിയറിന് അന്ത്യം കുറിക്കുമോ എന്ന ആശങ്ക ആരാധകർക്ക് ഉണ്ട്. എന്നാൽ ബേബി ശുമിയിൽ ഇനിയും ചെറുപ്പം ബാക്കിയുണ്ട് എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. അതിനാൽ തന്നെ സ്വന്തം നാട്ടുകാർ ആയ മെഴ്‌സിഡസും ആയി ചിലപ്പോൾ വെറ്റൽ കരാറിൽ ഏർപ്പെട്ടേക്കും എന്ന വാർത്ത വെറുതെ എന്നാണ് എന്നു പലരും കരുതുന്നില്ല. അതോടൊപ്പം തന്നെ റെനാൾട്ടിൽ ഡാനിയേൽ റിക്കിയാർഡോക്ക് പകരക്കാരൻ ആവാനും വെറ്റലിന് സാധ്യത കാണുന്നുണ്ട്. ഇനിയുമൊരു തിരിച്ചു വരവിനുള്ള ബാല്യം വെറ്റലിന് ഉണ്ടാവും എന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം.

സൈൻസിന് പകരക്കാരൻ ആവാൻ മക്ലാരനിൽ റിക്കിയാർഡോ എത്തും

വെറ്റലിന് പകരക്കാരൻ ആയി കാർലോസ് സെൻസ് ഫെരാരിയിൽ പോകുന്നതോടെ മക്ലാരനിൽ സെൻസിന് പകരക്കാരൻ ആയി ഡാനിയേൽ റിക്കിയാർഡോ എത്തും. 2019 ൽ മക്ലാരനും ആയി കരാറിൽ എത്തും എന്നു പ്രതീക്ഷിച്ച ഡ്രൈവർ ആണ് ഓസ്‌ട്രേലിയക്കാരൻ ആയ റിക്കിയാർഡോ. എന്നാൽ അന്ന് റെഡ് ബുള്ളിൽ നിന്നു റെനാൾട്ടിലേക്ക് ആണ് റിക്കിയാർഡോ പോയത്. കഴിഞ്ഞ വർഷം മക്ലാരനു പിറകിൽ അഞ്ചാമത് ആയി ആണ് റെനാൾട്ട് സീസൺ അവസാനിപ്പിച്ചത്.

2021 മുതൽ മെഴ്‌സിഡസിന്റെ എഞ്ചിൻ ഉപയോഗിക്കാൻ മക്ലാരൻ തീരുമാനിച്ചത് റിക്കിയാർഡോയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. 30 വയസ്സ് കാരൻ ആയ ഡാനിയേൽ റിക്കിയാർഡോയെ സ്വന്തമാക്കാൻ സാധിച്ചത് മക്ലാരനു വലിയ നേട്ടം ആണ്. മികച്ച ഡ്രൈവർ ആയ റിക്കിയാർഡോ റെഡ് ബുള്ളിൽ നിരവധി ഗ്രാന്റ് പ്രീ ജയങ്ങൾ നേടിയ ഡ്രൈവർ കൂടിയാണ്. നിലവിൽ തങ്ങളുടെ യുവ ഡ്രൈവർമാരിൽ ആരെയോ അല്ലെങ്കിൽ ലോക ചാമ്പ്യന്മാർ ആയ ഫെർണാണ്ടോ അലോൺസോ, സെബാസ്റ്റ്യൻ വെറ്റൽ എന്നിവരിൽ ആരെയോ റെനാൾട്ട് റിക്കിയാർഡോക്ക് പകരക്കാരൻ ആക്കും എന്നാണ് സൂചന.

വെറ്റലിന് പകരക്കാരൻ ആയി, കാർലോസ് സൈൻസ് ഫെറാറിയുമായി കരാർ ഒപ്പുവെച്ചു

സെബാസ്റ്റ്യൻ വെറ്റൽ 2020 അവസാനത്തോടെ ഫെറാറി വിടുമെന്ന് അറിയിച്ചതിനു പിന്നാലെ ഫെറാറി പകരക്കാരനെ സൈൻ ചെയ്തു. മക്ലെരെൻ ഡ്രൈവ്വറായ കാർലോസ് സൈൻസ് ആകും ഫെറാറിയിൽ എത്തുക. താരം ഫെറാറിയുമായി കരാർ ഒപ്പുവെച്ചു. രണ്ട് തവണ ലോക ചാമ്പ്യനായിട്ടുള്ള കാർലോസ് സൈൻൻസ് സീനിയറിന്റെ മകനാണ് സൈൻസ്.

സൈൻ മക്ലരൻ വിടുമ്പോൾ അവിടെ പകരക്കാരനായി റികിയാർഡോ എത്തും. കഴിഞ്ഞ ദിവസം ഫെറാറിയുമായുള്ള കരാർ ചർച്ചകളിൽ ഉടക്കിയായിരുന്നു വെറ്റൽ ടീം വിടും എന്ന് അറിയിച്ചത്. 2015 മുതൽ ഫെറാറിയുടെ ഒന്നാം ഡ്രൈവർ ആയിരുന്നു വെറ്റൽ. ഇനി ഫെറാറിയിൽ സൈൻസിന്റെയും ചാൾസ് ലെക്ലെർകിന്റെയും കൂട്ടുകെട്ട് കാണാൻ ആവും. ഇരുവരും ഫെറാറിയെ അടുത്ത സീസണിൽ വളരെ അധികം മുന്നോട്ട് നയിക്കും എന്നാണ് നിരീക്ഷകർ പ്രവചിക്കുന്നത്.

സെബാസ്റ്റ്യൻ വെറ്റൽ ഫെറാറി വിടും

സെബാസ്റ്റ്യൻ വെറ്റൽ 2020 അവസാനത്തോടെ ഫെറാറി വിടുമെന്ന് അറിയിച്ചു. ഫെറാറിയുമായുള്ള കരാർ ചർച്ചകളിൽ ഉടക്കിയാണ് വെറ്റൽ ടീം വിടുന്നത്. 2015 മുതൽ ഫെറാറിയുടെ ഒന്നാം ഡ്രൈവർ ആയിരുന്നു വെറ്റൽ. കായിക രംഗത്ത് മികച്ച ഫലം ലഭിക്കണം എങ്കിൽ എല്ലാവരും തമ്മിൽ പൊരുത്തം ആവശ്യമുണ്ട് എന്നും അതില്ലാത്തത് കൊണ്ടാണ് താൻ കരാർ പുതുക്കാത്തത് എന്നും വെറ്റൽ പറഞ്ഞു.

ഫെറാറിക്ക് ഒപ്പം 14 റേസുകൾ വിജയിച്ചിട്ടുള്ള താരമാണ് വെറ്റൽ. പണം അല്ല കരാർ പുതുക്കാതിരിക്കാൻ കാരണം എന്ന് 32കാരൻ പറഞ്ഞു. വെറ്റലിന് ആര് പകരക്കാരനാകും എന്നത് സംബന്ധിച്ച് വലിയ അഭ്യൂഹങ്ങൾ തന്നെ ഈ വാർത്തയോടെ ഉയരാൻ തുടങ്ങും. മക്ലെരെൻ ഡ്രൈവറായ കാർലോസ് സൈൻസ് ആകും പകരക്കാരനായി എത്തുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. നാലുതവണ എഫ് വൺ ലോക ചാമ്പ്യൻ ആയിട്ടുണ്ട് വെറ്റലിന്റെ ഫെറാറിയിൽ നിന്നുള്ള വിടവാങ്ങൽ കായിക ലോകം പ്രതീക്ഷിച്ചിരുന്നു എങ്കിലും പ്രഖ്യാപനം സീസൺ അവസാനം മുമ്പ് ഉണ്ടാകുമെന്ന് ആരും കരുതിയില്ല

കൊറോണ ഭീഷണി, ഓസ്‌ട്രേലിയൻ ഗ്രാന്റ് പ്രീ ഉപേക്ഷിച്ചു

കൊറോണ ഭീഷണി ലോകകായിക രംഗത്ത് ആകെ കടുത്ത ഇരുട്ട് പരത്തുന്നു. തങ്ങളുടെ 2 ജീവനക്കാർക്ക് കൊറോണ ബാധിച്ചത് മൂലം ഓസ്‌ട്രേലിയൻ ഗ്രാന്റ് പ്രീയിൽ നിന്ന് പിന്മാറുന്നത് ആയി മക്ലാരൻ പ്രഖ്യാപിച്ചതിനു പിന്നാലെ ആണ് ഫോർമുല വൺ അധികൃതർ ഓസ്‌ട്രേലിയൻ ഗ്രാന്റ് പ്രീ ഉപേക്ഷിച്ചത് ആയി പ്രഖ്യാപിച്ചത്. നിലവിൽ 8 ഫോർമുല വൺ ജീവനക്കാർക്ക് കൊറോണ ബാധിച്ചു എന്നാണ് വാർത്തകൾ. അതിനാൽ തന്നെ ഈ കടുത്ത പ്രതിസന്ധിയിൽ ഗ്രാന്റ് പ്രീ നടത്തുന്നതിൽ നിന്ന് അവർ പിന്മാറുക ആയിരുന്നു.

നേരത്തെ തന്നെ ഇത്തരം തീരുമാനം ഉണ്ടാവേണ്ടത് ആണെന്നും അധികൃതർക്ക് വീഴ്ച പറ്റി എന്നുമുള്ള വിമർശനങ്ങളും അതിനിടയിൽ ഉയരുന്നുണ്ട്. സീസണിലെ ആദ്യ ഗ്രാന്റ് പ്രീ ആയിരുന്നു ഓസ്‌ട്രേലിയയിൽ നടക്കേണ്ടിയിരുന്നത്. നിലവിൽ ചൈനീസ് ഗ്രാന്റ് പ്രീ ഉപേക്ഷിച്ചിട്ടുണ്ട്. കൂടാതെ വിയറ്റ്‌നാം, സ്പാനിഷ്, മോണോക്കോ ഗ്രാന്റ് പ്രീകളും നടക്കും എന്നുറപ്പില്ല. സീസണിലെ രണ്ടാം റേസ് ആയ ബഹ്‌റൈൻ ഗ്രാന്റ് പ്രീയും നടന്നേക്കില്ല എന്നാണ് ഇപ്പോഴത്തെ സൂചനകൾ. അങ്ങനെ എങ്കിൽ സീസണിലെ ഫോർമുല വൺ ലോകചാമ്പ്യൻഷിപ്പ് തന്നെ ഉപേക്ഷിച്ചേക്കാം.

കൊറോണ വൈറസ് ഭീഷണി വിഷയം ആവില്ല, ഓസ്‌ട്രേലിയൻ ഗ്രാന്റ് പ്രീ സമയത്ത് നടക്കും

കൊറോണ വൈറസ് ഭീഷണി വരാനിരിക്കുന്ന ഓസ്‌ട്രേലിയൻ ഗ്രാന്റ് പ്രീക്ക് വിഷയം ആവില്ലെന്ന് വ്യക്തമാക്കി അധികൃതർ. സമയത്ത് തന്നെ ഗ്രാന്റ് പ്രീ നടത്തും എന്നാണ് അധികൃതർ ഇപ്പോൾ പ്രഖ്യാപിച്ചത്. വരുന്ന മാർച്ച് 15 നാണ് സീസണിലെ ആദ്യ ഗ്രാന്റ് പ്രീ ആയ ഓസ്‌ട്രേലിയൻ ഗ്രാന്റ് പ്രീ നടക്കാൻ ഇരിക്കുന്നത്. അതിനാൽ തന്നെ റേസ് നടക്കുമോ എന്ന ആശങ്ക പല കോണിൽ നിന്ന് ഉണ്ടായിരുന്നു. മുമ്പ് ചൈനീസ് ഗ്രാന്റ് പ്രീ മാറ്റി വച്ചത് ആയി പ്രഖ്യാപനം വന്നിരുന്നു. അതോടൊപ്പം വിയറ്റ്‌നാം ഗ്രാന്റ് പ്രീയും സമയത്ത് നടക്കുമോ എന്ന സംശയം ഉണ്ട്.

കൊറോണ വൈറസ് ലോകത്ത് വലിയ ഭീഷണി ആയി പടരുകയാണ്. 3,000 ത്തിൽ അധികം ജീവൻ എടുത്ത വൈറസ് ലോകത്ത് ഏതാണ്ട് ഒരു ലക്ഷത്തിൽ അധികം ആളുകളെ ബാധിച്ചിട്ടുണ്ട്. നിലവിൽ ചൈനക്ക് പുറമെ, ഇറ്റലി, ജപ്പാൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ സ്ഥിതി അത്ര നല്ലത് അല്ല. നിരവധി കാർ നിർമാതാക്കളും, എഞ്ചിൻ നിർമാതാക്കളും ഇറ്റലി, ജപ്പാൻ രാജ്യങ്ങളിൽ നിന്നുള്ളതിനാൽ ഫോർമുല വണ്ണിന്റെ മികച്ച നടത്തിപ്പിൽ വലിയ ആശങ്ക ആണ് നിലനിൽക്കുന്നത്. എന്നാൽ പുറത്ത് നിന്നുള്ളവരുടെ വരവിൽ വലിയ മുന്നൊരുക്കങ്ങളും പരിശോധനകളും ആണ് നിലവിൽ ഓസ്‌ട്രേലിയൻ അധികൃതർ നടത്തുന്നത്. ഓസ്‌ട്രേലിയയിൽ മെൽബണിലെ 25 മത്തെ ഗ്രാന്റ് പ്രീ ആണ് നടക്കാൻ ഇരിക്കുന്നത്.

മെഴ്‌സിഡസും ഹാമിൾട്ടനും തിരിച്ചടി ആയി മെഴ്‌സിഡസിന്റെ സ്റ്റീറിങ്ങിലെ പരീക്ഷണം എഫ് 1 നിരോധിച്ചു

ഈ വർഷത്തെ ഫോർമുല 1 തുടങ്ങാൻ ഇരിക്കെ ടീമായ മെഴ്‌സിഡസിനും നിലവിലെ ജേതാവ് ലൂയിസ് ഹാമിൾട്ടനും തുടക്കത്തിലെ തിരിച്ചടി. ഇന്നലെയാണ് കാറ്റലോണിയയിലെ പ്രീ സീസൺ പരിശീലനത്തിന് ഇടയിൽ കാറോട്ട ആരാധകരെ അത്ഭുതപ്പെടുത്തിയ പുതിയ ഡി. എ. എസ് സ്റ്റീറിങ്ങിലെ പരീക്ഷണം ലോക ശ്രദ്ധ നേടിയത്. ഡ്രൈവർ ഹാമിൾട്ടനു തന്റെ സ്റ്റീറിങ്ങ് വീൽ തനിക്ക് നേരെ അടുപ്പിക്കാനും അകറ്റാനും പറ്റുന്ന പുതിയ രീതി വലിയ വാർത്തയാണ് എഫ് വണിൽ സൃഷ്ടിച്ചത്. കാറിന്റെ മുൻ ടയറുകൾ ഇതിലൂടെ മികച്ച രീതിയിൽ നിയന്ത്രണവിധേയമാക്കാൻ സാധിക്കും എന്ന് വ്യക്തമാക്കിയ മെഴ്‌സിഡസ് ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരുന്നില്ല.

അതേസമയം ഈ സീസണിൽ ഈ പരീക്ഷണം ഗ്രാന്റ് പ്രീകളിൽ ഉപയോഗിക്കാൻ ആവും എന്ന പൂർണ ആത്മവിശ്വാസം ആണ് മെഴ്‌സിഡസും ഹാമിൾട്ടനും ഇന്നലെ പ്രേരിപ്പിച്ചത്. അതേസമയം ഇതിൽ അത്ഭുതം പ്രകടിപ്പിച്ച ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റൽ അടക്കം ഉള്ളവർ പരീക്ഷണം നിയമപ്രകാരം ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നത് ആയാണ് പ്രതികരിച്ചത്. എന്നാൽ ഇന്നാണ് മെഴ്‌സിഡസിനും ഹാമിൾട്ടനും തിരിച്ചടി നൽകി അധികൃതർ ഈ പരീക്ഷണം ഈ സീസണിൽ ഉപയോഗിക്കാൻ പാടില്ല എന്ന തീരുമാനം പ്രഖ്യാപിക്കുന്നത്. പല പ്രമുഖ കാറോട്ടമത്സര പണ്ഡിതരും ഈ പരീക്ഷണം നിയമവിധേയം ആണെന്ന് പറഞ്ഞു രംഗത്ത് വന്നു എങ്കിലും എഫ്‌ വൺ അധികൃതർ പരീക്ഷണം നിയമവിധേയം ആയി സ്വീകരിച്ചില്ല.

പരീക്ഷണം മെഴ്‌സിഡസ് വാഹനങ്ങൾക്ക് അധിക വേഗത നൽകുമായിരുന്നു എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. തന്റെ ഏഴാം ലോകകിരീടം ആണ് ഈ സീസണിൽ ബ്രിട്ടീഷ് ഡ്രൈവർ ആയ ലൂയിസ് ഹാമിൾട്ടൻ ലക്ഷ്യം വക്കുന്നത്. ഈ നേട്ടം കൈവരിച്ചാൽ ഏറ്റവും കൂടുതൽ ഫോർമുല വൺ കിരീടം നേടുന്ന താരമെന്ന റെക്കോർഡിൽ മൈക്കിൾ ശുമാർക്കറിനു ഒപ്പം എത്തും ഹാമിൾട്ടൻ. മെഴ്‌സിഡസ് ആവട്ടെ തങ്ങളുടെ റെക്കോർഡ് നേട്ടം ആയ തുടർച്ചയായ ആറാം ചാമ്പ്യൻഷിപ്പ് കിരീടം ഏഴാമത് ആക്കാനുള്ള ശ്രമത്തിൽ ആണ്. കൂടാതെ ഉടമസ്ഥരുടെ ചാമ്പ്യൻഷിപ്പിലും സ്വന്തം ഡ്രൈവർമാരുടെ കിരീടാനേട്ടത്തിലും കഴിഞ്ഞ ആറ് വർഷവും ഡബിൾസ്‌ നേടിയ അവർ ആ റെക്കോർഡ് നേട്ടവും 7 ആക്കാനുള്ള ശ്രമത്തിൽ ആണ്.

2019 ലെ മികച്ച പുരുഷതാരമായി മെസ്സിയും ഹാമിൾട്ടനും, ലോറിയസ് അവാർഡ് നേടുന്ന ആദ്യ ഫുട്‌ബോൾ താരമായി മെസ്സി

ലോറിയസ് അവാർഡിൽ ചരിത്രം കുറിച്ച് ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി. ലോറിയസ് അവാർഡിൽ 2019 ലെ ഏറ്റവും മികച്ച പുരുഷതാരത്തിനുള്ള അവാർഡ് ഫോർമുല വൺ ഡ്രൈവർ ഹാമിൾട്ടനുമായി പങ്ക് വച്ചതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി മെസ്സി മാറി. ലോറിയസ് അവാർഡിന്റെ 20 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ടീമിനത്തിലെ താരത്തിന് മികച്ച താരത്തിനുള്ള പുരസ്‌ക്കാരം ലഭിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഫിഫയുടെ മികച്ച ഫുട്‌ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ട ബാഴ്‍സ താരമായ മെസ്സി തന്റെ ആറാം ബാലൻ ഡി യോർ പുരസ്കാരവും നേടിയിരുന്നു.

അതേസമയം തന്റെ ആറാം ലോകകിരീടം നേടിയ ലൂയിസ് ഹാമിൾട്ടനും കഴിഞ്ഞ വർഷം അവിസ്മരണീയം ആക്കിയിരുന്നു. ഫോർമുല വണ്ണിലെ തുടരുന്ന മികവിന് ആണ് ബ്രിട്ടീഷ് ഡ്രൈവർ പുരസ്‌കാരത്തിന് അർഹനായത്. കഴിഞ്ഞ വർഷം മികച്ച പ്രകടനം നടത്തിയ മോട്ടോർ ബൈക്ക് ഡ്രൈവർ സ്‌പാനിഷ്‌ താരം ആയ മാർക്ക് മാർക്വീസ്, മാരത്തോണിൽ കഴിഞ്ഞ വർഷം ചരിത്രം കുറിച്ച കെനിയൻ താരം എലിയഡ് കിപ്ചോങ്, കഴിഞ്ഞ വർഷം തന്റെ 12 മത്തെ ഫ്രഞ്ച് ഓപ്പൺ കിരീടത്തിനു ഒപ്പം യു.എസ് ഓപ്പൺ കിരീടാവുമായി 19 മത്തെ ഗ്രാന്റ് സ്‌ലാം നേടിയ സ്പാനിഷ് ടെന്നീസ് താരം റാഫേൽ നദാൽ, അമേരിക്കൻ ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സ് എന്നിവരെ മറികടന്ന് ആണ് മെസ്സിയും ഹാമിൾട്ടനും അവാർഡ് സ്വന്തമാക്കിയത്.

Exit mobile version