ടീം പറഞ്ഞു, ബോട്ടാസ് അനുസരിച്ചു, റഷ്യയില്‍ ഹാമിള്‍ട്ടണ്‍

റഷ്യന്‍ ഗ്രാന്‍ഡ് പ്രീയില്‍ ജയം സ്വന്തമാക്കിയ ഹാമിള്‍ട്ടണിനു ലോക കിരീട പോരാട്ടത്തില്‍ സെബാസ്റ്റ്യന്‍ വെറ്റലിനെക്കാള്‍ 50 പോയിന്റ് ലീഡ് നേടി. ലീഡിലായിരുന്ന വാള്‍ട്ടേരി ബോട്ടാസിനോട് മെഴ്സിഡസ് ടീം വഴിമാറിക്കൊടുക്കുവാന്‍ പറഞ്ഞതോടെയാണ് ഹാമിള്‍ട്ടണ് സോച്ചിയില്‍ ഒന്നാം സ്ഥാനത്തെത്തുവാന്‍ സാധിച്ചത്. പോള്‍ പൊസിഷനില്‍ നിന്ന് റേസ് ആരംഭിച്ച ബോട്ടാസ് ആണ് മത്സരത്തിലുടനീളം ലീഡ് കൈവരിച്ചത്.

ടീമിന്റെ നിര്‍ദ്ദേശം അനുസരിച്ച് ഹാമിള്‍ട്ടണിനെ മുന്നിലേക്ക് പോകുവാന്‍ അനുവദിച്ച ബോട്ടാസ് മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനം ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലും നാലാം സ്ഥാനത്ത് ഫെരാരിയുടെ തന്നെ കിമി റൈക്കണനും മത്സരം അവസാനിപ്പിച്ചു. റെഡ് ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പനാണ് അഞ്ചാം സ്ഥാനം.

സീസണില്‍ അഞ്ച റേസുകള്‍ മാത്രം ശേഷിക്കെ 50 പോയിന്റിന്റെ ലീഡ് നേടിയ ഹാമിള്‍ട്ടണിനു സീസണ്‍ വിജയി ആകുവാനുള്ള സാധ്യതയ്ക്ക് വേണ്ടിയാവും മെഴ്സിഡസ് ഈ തീരുമാനം എടുത്തതെങ്കിലും സോഷ്യല്‍ മീഡിയയിലും മറ്റും ഈ തീരുമാനത്തിനു ഏറെ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്.