സീസണിലെ അവസാന ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷൻ നേടി മാക്‌സ് വെർസ്റ്റാപ്പൻ

ഈ ഫോർമുല വൺ സീസണിലെ അവസാന ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷൻ നേടി റെഡ് ബുള്ളിന്റെ ലോക ചാമ്പ്യൻ മാക്‌സ് വെർസ്റ്റാപ്പൻ. സീസണിൽ ഡച്ച് ഡ്രൈവർ നേടുന്ന ഏഴാം പോൾ ആണ് ഇത്. സീസണിൽ രണ്ടാം സ്ഥാനം ലക്ഷ്യം വക്കുന്ന റെഡ് ബുള്ളിന്റെ തന്നെ സെർജിയോ പെരസ് ആണ് യോഗ്യതയിൽ രണ്ടാമത് എത്തിയത്. ബ്രസീലിൽ ഉണ്ടായ പോലെ സ്വന്തം ഡ്രൈവർമാർ തമ്മിൽ ഉരസൽ ഇല്ലാതെ സീസൺ അവസാനിപ്പിക്കാൻ ആവും റെഡ് ബുൾ നാളെ ശ്രമിക്കുക.

ഫെറാറിയുടെ ചാൾസ് ലെക്ലെർക്, കാർലോസ് സൈൻസ് എന്നിവർ ആണ് മൂന്നും നാലും ആയി യോഗ്യത അവസാനിപ്പിച്ചപ്പോൾ അഞ്ചും ആറും സ്ഥാനങ്ങളിൽ മെഴ്‌സിഡസ് ഡ്രൈവർമാരായ ലൂയിസ് ഹാമിൾട്ടൻ, ജോർജ് റസൽ എന്നിവർ എത്തി. തന്റെ കരിയറിലെ അവസാന ഗ്രാന്റ് പ്രീയിൽ മത്സരിക്കുന്ന ഇതിഹാസ ഡ്രൈവർ സെബാസ്റ്റ്യൻ വെറ്റൽ തന്റെ ആസ്റ്റൺ മാർട്ടിനിൽ ഒമ്പതാമത് ആയാണ് റേസ് തുടങ്ങുക. തന്റെ ഇതിഹാസ കരിയറിന് ചേർന്ന ഒരു റേസ് അബുദാബിയിൽ നൽകി മടങ്ങാൻ ആവും വെറ്റൽ നാളെ ശ്രമിക്കുക.