വേർസ്റ്റാപ്പന്റെ മികവിനെ അനുഭവസമ്പത്ത് കൊണ്ട് മറികടന്നു ഹാമിൾട്ടൻ തുടർച്ചയായ രണ്ടാം തവണയും ഹംഗറിയിൽ ജയം കണ്ടു. ഇതോടെ തന്റെ ചാമ്പ്യൻഷിപ്പ് ലീഡ് ഉയർത്താനും ഹാമിൾട്ടനും മെഴ്‌സിഡസിനും ആയി. പോൾ പൊസിഷനിൽ ആണ് റെഡ് ബുള്ളിന്റെ മാക്‌സ് വേർസ്റ്റാപ്പൻ റേസ് തുടങ്ങിയത്, ജർമ്മനിയിൽ ജയം കണ്ടതിന്റെ ആത്മവിശ്വാസവും വേർസ്റ്റാപ്പനു ഉണ്ടായിരുന്നു. രണ്ടാമത് ആയി ബോട്ടാസും മൂന്നാമത് ആയി മെഴ്‌സിഡസ് സഹതാരം ഹാമിൾട്ടനും റേസ് തുടങ്ങിയപ്പോൾ അവർക്ക് പിറകിൽ ഫെറാരി ഡ്രൈവർമാരും അണിനിരന്നു. ബോട്ടാസിന്റെ മോശം തുടക്കം മുതലെടുത്ത ഹാമിൾട്ടനും ഫെരാരിയുടെ ചാൾസ് ലെക്ലെർക്കും സഹതാരം സെബാസ്റ്റ്യൻ വെറ്റലും രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലേക്ക് മുന്നേറി. ഇതിനിടെ മറ്റ് കാറിടിച്ച് കാറിനു കേടുവന്ന ബോട്ടാസ് പിറ്റ് ഇടവേള എടുക്കാൻ നിർബന്ധിതമാവുകയും ചെയ്തതോടെ റേസിൽ പോൾ പൊസിഷനിൽ ഒരിക്കൽ കൂടി ബോട്ടാസിന്റെ സാധ്യത അടഞ്ഞു.
റേസിൽ തന്റെ ആധിപത്യം വേർസ്റ്റാപ്പൻ തുടർന്നപ്പോൾ ശക്തമായ വെല്ലുവിളിയാണ് ഹാമിൾട്ടൻ ഉയർത്തിയത്. പിറകിൽ മൂന്നാം സ്ഥാനത്തിനായി സമാനമായ പോരാട്ടം തന്നെയാണ് ഫെരാരി ഡ്രൈവർമാർ തമ്മിലും കണ്ടത്. എന്നാൽ 26 ലാപ്പിൽ വേർസ്റ്റാപ്പനെ മറികടന്ന ഹാമിൾട്ടനെ പക്ഷെ തൊട്ട്പിറകെ തന്നെ മറികടന്ന വേർസ്റ്റാപ്പൻ ലീഡ് തിരിച്ചു പിടിച്ചു. ഇതിനിടെ വേർസ്റ്റാപ്പനിൽ നിന്ന് വ്യത്യസ്തമായി രണ്ടാം പിറ്റ് ഇടവേള എടുത്ത ഹാമിൽട്ടൻ പുതിയ ടയറുകളുമായി നന്നായി ഡ്രൈവ് ചെയ്തു. എന്നാൽ ലീഡ് പോകുമോ എന്ന ഭയത്താൽ രണ്ടാം പിറ്റ് ഇടവേള എടുക്കാൻ വേർസ്റ്റാപ്പനും റെഡ് ബുള്ളും മടിച്ചു. ഇത് അവസാനം വേർസ്റ്റാപ്പനു വിനയാകുന്നത് ആണ് റേസിന്റെ അവസാനം കണ്ടത്.
വേർസ്റ്റാപ്പന്റെ കാറിനെ 67 മത്തെ ലാപ്പിൽ കാണികൾക്ക് ആവേശമായി മറികടന്ന ഹാമിൾട്ടൻ തന്റെ ഏറ്റവും പ്രിയപ്പെട്ട സർക്യൂട്ടിൽ ഒന്നായ ഹംഗറിയിൽ മറ്റൊരു ജയം കുറിച്ചു. ഏറ്റവും വേഗതയേറിയ ലാപ്പ് റേസിൽ കുറിച്ച വേർസ്റ്റാപ്പൻ എട്ടാം സ്ഥാനത്ത് റേസ് പൂർത്തിയാക്കിയ ബോട്ടാസുമായുള്ള ചാമ്പ്യൻഷിപ്പിലെ രണ്ടാം സ്ഥാനത്തിനായുള്ള അകലം കുറിക്കുകയും ചെയ്തു. ഏതാണ്ട് സമാനമായ വാശിയേറിയ പോരാട്ടം മൂന്നാം സ്ഥാനത്തിനായും കണ്ടപ്പോൾ തന്റെ സഹതാരത്തെ അനുഭവസമ്പത്തുമായി മറികടന്ന സെബാസ്റ്റ്യൻ വെറ്റൽ തുടർച്ചയായ രണ്ടാം ഗ്രാന്റ് പ്രീയിലും പോഡിയത്തിൽ മത്സരം അവസാനിപ്പിച്ചു. ജർമ്മനിയിൽ രണ്ടാമതായെങ്കിൽ ഇത്തവണ അത് മൂന്നാമത് ആയി. ചാമ്പ്യൻഷിപ്പിൽ ബഹുദൂരം മുന്നിലുള്ള ഹാമിൾട്ടനും മെഴ്‌സിഡസിനും ജർമ്മനിയിലെ ദുരന്തത്തിന് ശേഷം ജയം വലിയ ഊർജ്ജമായി. എന്നാൽ ആഴ്ച തോറും തന്റെ മൂല്യം തെളിയിക്കുന്ന വേർസ്റ്റാപ്പൻ ഹാമിൾട്ടനു സമീപഭാവിയിൽ തന്നെ വലിയ വെല്ലുവിളി ആവും എന്നുറപ്പാണ്.