ഫോർമുല വണ്ണിൽ സീസണിലെ ആദ്യ ഗ്രാന്റ് പ്രീയിൽ ജയം കണ്ടു ഏഴാം തവണ ലോക ജേതാവ് ആയ മെഴ്സിഡസിന്റെ ലൂയിസ് ഹാമിൾട്ടൻ. പോൾ പൊസിഷനിൽ തുടങ്ങിയ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് രണ്ടാമത് റേസ് തുടങ്ങിയ ഹാമിൾട്ടൻ ജയം കണ്ടത്. റെഡ് ബുള്ളിന്റെ സെർജിയോ പെരസിന്റെ കാറിനു തുടക്കത്തിൽ നേരിട്ട പ്രശ്നങ്ങൾ കാരണം 56 ലാപ്പുകൾ ആയി നടന്ന റെസിൽ വെർസ്റ്റാപ്പൻ തുടക്കത്തിൽ തന്നെ മികച്ച ആധിപത്യം പിടിച്ചു. എന്നാൽ ഹാമിൾട്ടൻ മികച്ച പോരാട്ടം ആണ് വെർസ്റ്റാപ്പനു നൽകിയത്. മൂന്നാം സ്ഥാനത്തിനായി കടുത്ത മത്സരം ആണ് മെഴ്സിഡസിന്റെ ബോട്ടാസും നേരിട്ടത്. എന്നാൽ മക്ലാരന്റെ ലാന്റോ നോറിസ്, റെഡ് ബുള്ളിന്റെ സെർജിയോ പെരസ് എന്നിവരെ മറികടന്ന ബോട്ടാസ് ലാപ്പ് പൊസിഷൻ പിടിച്ചെടുത്തു. റേസിൽ ഫെരാരിയുടെ ചാൾസ് ലേക്ലെർക്ക് ആറാമത് ആയപ്പോൾ ആദ്യമായി ഫെരാരിക്ക് ആയി കാറോടിച്ച കാർലോസ് സെയിൻസ് എട്ടാം സ്ഥാനത്ത് എത്തി. അതേസമയം ഫോർമുല വണ്ണിൽ അരങ്ങേറ്റം കുറിച്ച ഇതിഹാസ ജർമ്മൻ ഡ്രൈവർ മൈക്കിൾ ഷുമാർക്കറിന്റെ മകൻ ഹാസ് ഫെരാരിയുടെ മിക് ഷുമാർക്കർ പതിനാറാം സ്ഥാനത്ത് ആണ് റേസ് അവസാനിപ്പിച്ചത്.
പുതിയ സീസണിനു മുന്നോടിയായുള്ള വലിയ പോരാട്ടത്തിനുള്ള സൂചന ഇന്നത്തെ ബഹ്‌റൈൻ ഗ്രാന്റ് പ്രീയിൽ കാണാൻ ആയി. ആവേശകരമായ റേസിൽ വെർസ്റ്റാപ്പൻ കൂടുതൽ സമയം ആധിപത്യം നേടിയെങ്കിലും ബുദ്ധിപൂർവ്വം പിറ്റ് ബ്രൈക്ക് എടുത്ത മെഴ്സിഡസിന്റെ തീരുമാനം ഹാമിൾട്ടനു സഹായം ആയി. പഴകിയ ടയറുകളുമായി റേസിന്റെ അവസാന ലാപ്പുകളിൽ കടുത്ത വെല്ലുവിളി ആണ് ഹാമിൾട്ടൻ വെർസ്റ്റാപ്പനിൽ നിന്നു നേരിട്ടത്. എന്നാൽ തന്റെ അനുഭവപരിചയവും മികവും പുറത്തെടുത്ത ഹാമിൾട്ടൻ ജയം പിടിച്ചെടുക്കുക ആയിരുന്നു. അതേസമയം വലിയ നിരാശ തന്നെയാവും പോൾ പൊസിഷനിൽ റേസ് തുടങ്ങിയ മാക്‌സ് വെർസ്റ്റാപ്പനു ഉണ്ടാവുക. സീസണിൽ മെഴ്സിഡസിന് വലിയ വെല്ലുവിളി ഉടമസ്ഥരുടെ വിഭാഗത്തിൽ ഉണ്ടാവില്ല എന്നു പ്രതീക്ഷിച്ചാലും സീസണിൽ വെർസ്റ്റാപ്പൻ അടക്കമുള്ളവരിൽ നിന്നു റെക്കോർഡ് എട്ടാം ലോക കിരീടം ലക്ഷ്യമിടുന്ന ഹാമിൾട്ടൻ വലിയ വെല്ലുവിളി ആയിരിക്കും നേരിടുക എന്ന വലിയ സൂചനയാണ് സീസണിലെ ആദ്യ ഗ്രാന്റ് പ്രീ നൽകുന്നത്.