ഈഫൽ ഗ്രാന്റ് പ്രീയിൽ ചരിത്രം കുറിച്ച് മെഴ്‌സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൻ. ഈഫൽ ഗ്രാന്റ് പ്രീയിൽ ജയം കണ്ടതോടെ 91 മത്തെ റേസ് ജയം കണ്ടത്തിയ ഹാമിൾട്ടൻ ഇതിഹാസ ഡ്രൈവർ മൈക്കിൾ ഷുമാർക്കറിന്റെ റെക്കോർഡിനു ഒപ്പം എത്തി. ഷുമാർക്കറിന്റെ ചൈനയിലെ അവസാനത്തെ ജയത്തിനു 14 കൊല്ലത്തിനു ശേഷം ആണ് ഹാമിൾട്ടൻ റെക്കോർഡ് നേട്ടത്തിന് ഒപ്പം എത്തുന്നത്. തന്റെ സഹ ഡ്രൈവർ ആയ ബോട്ടാസിന് പിറകിൽ രണ്ടാമത് ആയി റേസ് തുടങ്ങിയ ഹാമിൾട്ടൻ 14 മത്തെ ലാപ്പിൽ ബോട്ടാസിന്റെ പിഴവ് മറികടന്നു ഒന്നാമത് എത്തി. തുടർന്നു രണ്ടാമത് എത്തിയ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പന്റെ വെല്ലുവിളി അതിജീവിച്ച് നദാൽ ഒന്നാമത് എത്തി.
വെർസ്റ്റാപ്പൻ രണ്ടാമത് എത്തിയപ്പോൾ റെനാൾട്ടിന്റെ ഡാനിയേൽ റിക്കാർഡോ ആയിരുന്നു മൂന്നാമത് എത്തിയത്. റഷ്യയിൽ പിഴവ് നേരിട്ട് റേസ് ജയം നിഷേധിക്കപ്പെട്ട ഹാമിൾട്ടനു നേട്ടം ഇരട്ടിമധുരം ആയി. എഞ്ചിന് നേരിട്ട പ്രശ്നത്തെ തുടർന്ന് ബോട്ടാസിന് റേസ് പൂർത്തിയാക്കാൻ ആയില്ല. ഇതോടെ തന്റെ ഏഴാം ലോക കിരീടം ലക്ഷ്യമിടുന്ന ഹാമിൾട്ടൻ ബോട്ടാസിന് 69 പോയിന്റ് മുന്നിലായി. അടുത്ത സീസണിൽ ഫോർമുല വണ്ണിൽ അരങ്ങേറാൻ ഇരിക്കുന്ന ഷുമാർക്കറിന്റെ മകൻ മിക്കിനെ സാക്ഷിയാക്കി ആയിരുന്നു ഹാമിൾട്ടന്റെ ചരിത്ര നേട്ടം. മിക്ക് ഹാമിൾട്ടനു ഷുമാർക്കറിന്റെ ഹെൽമറ്റ് റെസിന് ശേഷം സമ്മാനിക്കുകയും ചെയ്തു. 22 വയസ്സിൽ 2007 ൽ കനേഡിയൻ ഗ്രാന്റ് പ്രീയിൽ തന്റെ ആദ്യ ജയം കണ്ട ഹാമിൾട്ടൻ 35 വയസ്സിൽ ആണ് ചരിത്രനേട്ടത്തിൽ എത്തിയത്. അതേസമയം ഫെരാരിക്ക് വീണ്ടും നിരാശ ആയിരുന്നു ഫലം. ചാൾസ് ലെക്ലർക്ക് ഏഴാമത് ആയപ്പോൾ 11 മത് ആയാണ് വെറ്റൽ റേസ് അവസാനിപ്പിച്ചത്.