ഗബ്ബര്‍ ഈസ് ബാക്ക്, ഡല്‍ഹിയ്ക്കായി റണ്‍സ് കണ്ടെത്തി ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്റെ അര്‍ദ്ധ ശതകത്തിനൊപ്പം ശ്രേയസ്സ് അയ്യരുടെ ബാറ്റിംഗ് കൂടിയായപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 162 റണ്‍സ് നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. മുംബൈയുടെ കരുത്തുറ്റ ബാറ്റിംഗ് നിരയെ തളയ്ക്കുവാന്‍ ഈ സ്കോര്‍ മതിയാകുമോ എന്നതാണ് വലിയ ചോദ്യം. 52 പന്തില്‍ നിന്നാണ് 69 റണ്‍സ് ശിഖര്‍ ധവാന്‍ നേടിയത്. 9 പന്തില്‍ നിന്ന് അലെക്സ് കാറെ 14 റണ്‍സ് നേടി അവസാന ഓവറുകളില്‍ ഡല്‍ഹിയ്ക്ക് ആവശ്യമായ റണ്‍സ് കണ്ടെത്തി കൊടുത്തു.

ഋഷഭ് പന്തും ഷിമ്രണ്‍ ഹെറ്റ്മ്യറുമില്ലാതെ ഇറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ പൃഥ്വി ഷായെയും(4) അജിങ്ക്യ രഹാനെയെയും(15) നഷ്ടമായിരുന്നു. 4.2 ഓവറില്‍ 24/2 എന്ന നിലയില്‍ നിന്ന് ടീമിനെ മുന്നോട്ട് നയിച്ചത് ശിഖര്‍ ധവാനും ശ്രേയസ്സ് അയ്യരുമായിരുന്നു..

പത്തോവറില്‍ ടീമിനെ 80 റണ്‍സിലേക്ക് അയ്യരും ശിഖര്‍ ധവാനും കൂടി ടീമിനെ എത്തിച്ചു. 85 റണ്‍സ് കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ അയ്യരും ധവാനും ചേര്‍ന്ന് നേടിയത്. 42 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യരെ ക്രുണാല്‍ പുറത്താക്കിയാണ് ഡല്‍ഹിയുടെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിനെ മുംബൈ തകര്‍ത്തത്.

കഴിഞ്ഞ മത്സരത്തിലെ പോലെ മികച്ച ഫോമിലാണെന്ന് മാര്‍ക്കസ് സ്റ്റോയിനിസ് ക്രീസിലെത്തിയ ഉടനെ തെളിയിച്ചുവെങ്കിലും താരം റണ്ണൗട്ടായി 13 റണ്‍സമായി മടങ്ങി. ഇതിനിടെ തന്റെ അര്‍ദ്ധ ശതകം തികച്ച ശിഖര്‍ ധവാനിലായിരുന്നു അവസാന ഓവറുകളിലെ റണ്‍ സ്കോറിംഗ് ദൗത്യം മുഴുവന്‍.

ഇന്നിംഗ്സിന്റെ അവസാനം വലിയ ഷോട്ടുകള്‍ക്ക് പേര് കേട്ട താരമല്ലെങ്കിലും ഇന്നിംഗ്സ് മുഴുവന്‍ ബാറ്റേന്തി ടീമിനെ 162 റണ്‍സിലേക്ക് എത്തിക്കുവാന്‍ ശിഖര്‍ ധവാന് സാധിച്ചു. മുംബൈ നിരയില്‍ 4 ഓവറില്‍ 26 റണ്‍സ് വിട്ട് നല്‍കി രണ്ട് വിക്കറ്റ് നേടിയ ക്രുണാല്‍ പാണ്ഡ്യയാണ് തിളങ്ങിയത്. ട്രെന്റ് ബോള്‍ട്ടിന് ഒരു വിക്കറ്റ് ലഭിച്ചു. സ്റ്റോയിനിസിന്റെ വിക്കറ്റ് റണ്ണൗട്ട് രൂപത്തിലാണ് നഷ്ടമായത്.