തീർത്തും അപ്രതീക്ഷിതവും നാടകീയവുമായ സംഭവങ്ങൾ അരങ്ങേറിയപ്പോൾ ഹംഗറിയിൽ പിറന്നത് അപ്രതീക്ഷിത ജേതാവ്. ആൽപിൻ റെനാൾട്ട് ഡ്രൈവർ എസ്റ്റബാൻ ഒകോൻ ആണ് അപ്രതീക്ഷിതമായി ഹംഗറിയിൽ കിരീടം നേടിയത്. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൻ മൂന്നാമത് ആയപ്പോൾ ആസ്റ്റൻ മാർട്ടിന്റെ സെബാസ്റ്റ്യൻ വെറ്റൽ രണ്ടാം സ്ഥാനം നേടി. റേസിന്റെ തുടക്കത്തിൽ കൂട്ട അപകടം സംഭവിച്ചപ്പോൾ 6 കാറുകൾ അപകടത്തിൽ പെട്ടു. ഇതോടെ റേസ് നിർത്തി വച്ച് കാറുകൾ ശരിയാക്കാൻ അധികൃതർ നിർബന്ധിതമായി. ഇതോടെ മെഴ്‌സിഡസിന്റെ ബോട്ടാസ്, ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക്, റെഡ് ബുള്ളിന്റെ സെർജിയോ പെരസ്, മക്ലാരന്റെ ലാന്റോ നോറിസ് എന്നിവർക്ക് തുടർന്ന് ഡ്രൈവ് ചെയ്യാൻ ആയില്ല. പിഴവിന് ബോട്ടാസിന് അടുത്ത റൗണ്ടിൽ 5 ഗ്രിഡ് പോയിന്റ് പെനാൽട്ടിയും നൽകി.
തുടർന്നു വീണ്ടും റേസ് തുടങ്ങിയപ്പോൾ പിറ്റ് ബ്രൈക്ക് എടുക്കുന്നതിൽ ഹാമിൾട്ടനു സംഭവിച്ച പിഴ ബ്രിട്ടീഷ് ഡ്രൈവർക്ക് വിനയായി. അവസാന സ്ഥാനത്തേക്ക് ഹാമിൾട്ടൻ പിന്തള്ളപ്പെട്ടു. ഇതോടെ ഈ അവസരം മുതലെടുത്ത ഫ്രഞ്ച് ഡ്രൈവർ ഒകോൻ, വെറ്റൽ എന്നിവർ മുന്നിലേക്ക് കയറി. പിന്നീട് കയറി വരുന്ന ലോക ജേതാവിനെയാണ് കാണാൻ ആയത്. 10 ലാപ്പുകളിൽ 13 മത് എത്തിയ ഹാമിൾട്ടൻ 25 ലാപ്പുകൾ ആയപ്പോൾ 8 മതും എത്തി. ഏതാണ്ട് 5 ലാപ്പുകൾ മാത്രം ബാക്കിയുള്ളപ്പോൾ ഫെരാരിയുടെ കാർലോസ് സൈൻസിനെ മറികടന്നു മൂന്നാമത് എത്താനും ബ്രിട്ടീഷ് ഡ്രൈവർക്ക് സാധിച്ചു. അതേസമയം 10 സ്ഥാനത്ത് ആണ് റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ റേസ് അവസാനിപ്പിച്ചത്. ഹംഗറിയിൽ ഒമ്പതാം കിരീടം നേടാൻ ആയില്ലെങ്കിലും മൂന്നാം സ്ഥാനത്ത് എത്തിയതോടെ ലഭിച്ച 10 പോയിന്റുകൾ ഹാമിൾട്ടനെ ലോക ചാമ്പ്യൻഷിപ്പ് പട്ടികയിൽ വെർസ്റ്റാപ്പനെ മറികടന്നു ഒന്നാമത് എത്തിച്ചു.