എട്ടാം ലോക കിരീടം എന്ന ലൂയിസ് ഹാമിൾട്ടന്റെ സ്വപ്നത്തിനു കനത്ത തിരിച്ചടി ഒരിക്കൽ കൂടി നൽകി റെഡ് ബുൾ ഡ്രൈവർ മാക്‌സ് വെർസ്റ്റാപ്പൻ. അമേരിക്കൻ ഗ്രാന്റ് പ്രീയിൽ കടുത്ത വെല്ലുവിളി ഉയർത്തിയ മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടന്റെ വെല്ലുവിളി അതിജീവിച്ചു ആണ് വെർസ്റ്റാപ്പൻ ജയം കണ്ടത്. പോൾ പൊസിഷനിൽ ഡ്രൈവ് തുടങ്ങിയ വെർസ്റ്റാപ്പനെ മികച്ച തുടക്കവുമായി ആദ്യം മറികടക്കാൻ ഹാമിൾട്ടനു ആയെങ്കിലും ഒന്നര ലക്ഷത്തോളം കാണികൾക്ക് മുന്നിൽ മുൻതൂക്കം വെർസ്റ്റാപ്പൻ തിരിച്ചു പിടിച്ചു. പിന്നീട് ഏതാണ്ട് റേസിൽ മുൻതൂക്കം ഡച്ച് ഡ്രൈവർ നിലനിർത്തി.
അവസാന ലാപ്പുകളിൽ പുതിയ ടയറുമായി കടുത്ത വെല്ലുവിളി ആണ് ഹാമിൾട്ടൻ വെർസ്റ്റാപ്പനു നൽകിയത് എന്നാൽ ഡച്ച് ഡ്രൈവർ ഒന്നാം സ്ഥാനം നിലനിർത്തുക ആയിരുന്നു. റെഡ് ബുള്ളിന്റെ തന്നെ സെർജിയോ പെരസ് മൂന്നാമത് എത്തിയ റേസിൽ ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക് നാലാമതും മക്ലാരന്റെ ഡാനിയേൽ റിക്കാർഡോ അഞ്ചാമതും എത്തി. ജയത്തോടെ ലോക ചാമ്പ്യൻഷിപ്പ് പോരാട്ടത്തിൽ ഹാമിൾട്ടനും ആയുള്ള പോയിന്റ് വ്യത്യാസം 12 ആയി ഉയർത്താൻ വെർസ്റ്റാപ്പനു ആയി. ഇനി സീസണിൽ 5 റേസുകൾ മാത്രം ബാക്കിയുള്ളപ്പോൾ തന്റെ കന്നി ലോക കിരീടം വെർസ്റ്റാപ്പനു അത്ര അകലെയല്ല എന്നത് ആണ് വാസ്തവം.