ഇന്നത്തെ ഇറ്റാലിയൻ ഗ്രാന്റ് പ്രീയിലെ നാടകീയ രംഗങ്ങൾക്ക് ശേഷം പ്രതികരണവുമായി മെഴ്സിഡസിന്റെ നിലവിലെ ലോക ജേതാവ് ലൂയിസ് ഹാമിൾട്ടൻ. കിരീട പോരാട്ടത്തിൽ മുന്നിലുള്ള ഹാമിൾട്ടന്റെ കാറും റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റാപ്പന്റെ കാറും കൂട്ടിയിടിച്ചപ്പോൾ വലിയ അപകടത്തിൽ നിന്നു ഹാമിൾട്ടൻ ഭാഗ്യത്തിനു ആണ് രക്ഷപ്പെട്ടത്. ഹെൽമറ്റിൽ സുരക്ഷക്ക് ആയുള്ള ഹാലോയുടെ സാന്നിധ്യമാണ് ഹാമിൾട്ടനെ വലിയ അപകടത്തിൽ നിന്നു രക്ഷിച്ചത്. ബ്രിട്ടീഷ് ഗ്രാന്റ് പ്രീക്ക് ശേഷം ഇത് രണ്ടാം തവണയാണ് ഇരു ഡ്രൈവർമാരും പരസ്പരം കൂട്ടിയിടിക്കുന്നത്. കാറിടിച്ച ശേഷം ഹാമിൾട്ടനെ ഒന്നു നോക്കുക പോലും ചെയ്യാതെ കുപിതനായി പോയ വെർസ്റ്റാപ്പന്റെ പ്രവർത്തിയും വിമർശിക്കപ്പെട്ടിരുന്നു.
ഇത്തരം ദിനങ്ങളാണ് താൻ എത്രത്തോളം ഭാഗ്യവാൻ ആണ് എന്നു ഓർമ്മിക്കപ്പെടുന്നത് എന്നു കുറിച്ച ഹാമിൾട്ടൻ മുകളിൽ നിന്നുള്ള ആളുടെ ഇടപെടൽ ആവാം തന്നെ രക്ഷിച്ചത് എന്നും കൂട്ടിച്ചേർത്തു. ഹാലോയാണ് തന്നെ വലിയ അപകടത്തിൽ നിന്നു രക്ഷിച്ചത് എന്നു പറഞ്ഞ ഹാമിൾട്ടൻ കാറോട്ട മത്സരങ്ങൾ സുരക്ഷിതമാക്കാൻ പരിശ്രമിക്കുന്ന എല്ലാവരോടും നന്ദിയും രേഖപ്പെടുത്തി. തനിക്ക് വലിയ പരിക്ക് ഒന്നുമില്ലെന്ന് പറഞ്ഞ ബ്രിട്ടീഷ് ഡ്രൈവർ കഴുത്തിനു ചെറിയ പോറൽ മാത്രമാണ് തനിക്ക് പറ്റിയത് എന്നും കൂട്ടിച്ചേർത്തു. തന്റെ ടീമിനും തന്നോട് ഒപ്പം പിന്തുണയും ആയി നിൽക്കുന്ന കാണികൾക്കും വലിയ നന്ദി രേഖപ്പെടുത്തിയ ഹാമിൾട്ടൻ ഇതിൽ നിന്നൊക്കെ താൻ ഉയിർത്തെഴുന്നേറ്റു തിരിച്ചു വരും എന്നു കൂടി പ്രഖ്യാപിച്ചു. ഹാമിൾട്ടനു വലിയ അപകടം ഒന്നും പറ്റിയില്ല എന്ന ആശ്വാസത്തിൽ തന്നെയാണ് ലോകമെമ്പാടുമുള്ള കാറോട്ട പ്രേമികൾ.