വിവാദമായ ബ്രിട്ടീഷ് ഗ്രാന്റ് പ്രീ ജയത്തിനു ശേഷം സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷമായ വംശീയ അധിക്ഷേപങ്ങൾ നേരിട്ടു മെഴ്സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൻ. റേസിൽ ഹാമിൾട്ടന്റെ കാറുമായി കൂട്ടിയിടിച്ച റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റാപ്പനു റേസ് പൂർത്തിയാക്കാൻ ആവാത്തതും റേസിൽ ഹാമിൾട്ടൻ ജയിച്ചതും ആണ് പ്രകോപനം ആയത്. ഹാമിൾട്ടന്റെ ഡ്രൈവിങും, ഹാമിൾട്ടനു ലഭിച്ച പിഴയും വിമർശിച്ച മാക്സ് വെർസ്റ്റാപ്പൻ താരത്തിന്റെ വിജയാഘോഷം അടക്കമുള്ള പെരുമാറ്റം സ്പോർട്സ്മാൻ ഷിപ്പിന് നിരക്കാത്തതും ബഹുമാനക്കുറവ് ആണെന്നും ഇന്നലെ തുറന്നടിച്ചിരുന്നു. ഇതിനു ശേഷം ആണ് ഹാമിൾട്ടൻ വംശീയമായി അധിക്ഷേപിക്കപ്പെട്ടത്.
നിരവധി അധിക്ഷേപങ്ങളും ഇമോജികളും ഹാമിൾട്ടനെ വംശീയമായി അധിക്ഷേപിച്ചു കൊണ്ടു സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഇതോടെ മെഴ്സിഡസ് ഇതിനെതിരെ രംഗത്ത് വന്നു. സ്പോർട്സിൽ ഇത്തരം പെരുമാറ്റങ്ങൾക്ക് സ്ഥാനം ഇല്ലെന്ന് അവർ പ്രഖ്യാപിച്ചു. അതേസമയം റേസിനിടയിൽ തന്നെ വെർസ്റ്റാപ്പന്റെ സുഖവിവരം അന്വേഷിച്ച ഹാമിൾട്ടൻ അപകടം തന്റെ ഭാഗത്ത് നിന്നുള്ള വീഴ്ച അല്ലെന്നും പറഞ്ഞിരുന്നു. വംശീയ അധിക്ഷേപങ്ങളെ തുടർന്ന് ബ്രിട്ടീഷ് ഡ്രൈവർക്ക് പിന്തുണയും ആയി ഫോർമുല വണ്ണും റെഡ് ബുൾ അടക്കമുള്ള എല്ലാ ടീമുകളും രംഗത്തു വന്നു. റെഡ് ബുൾ ഇത്തരം ആരാധക പെരുമാറ്റം ലജ്ജിപ്പിക്കുന്നതും സങ്കടകരവുമാണെന്നു പറഞ്ഞപ്പോൾ സമാനമായ നിലപാട് ആണ് മറ്റ് ടീമുകളും സ്വീകരിച്ചത്. റേസ് ട്രാക്കിന് പുറത്ത് തന്റെ ബ്ളാക്ക് ലൈഫ് മാറ്റർ പിന്തുണ കൊടുത്തു നായകൻ ആയ ഹാമിൾട്ടൻ കറുത്ത വംശജർക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കുന്ന റേസ് ട്രാക്കുകൾക്ക് ആയും പ്രവർത്തിക്കുന്നുണ്ട്. ഉറപ്പായിട്ടും ഇത്തരം അധിക്ഷേപങ്ങൾ ഹാമിൾട്ടൻ എന്ന നായകനെ തളർത്തില്ല എന്നുറപ്പാണ്.