ആഭരണങ്ങൾ വിലക്കിയ ഫോർമുല വണ്ണിന്റെ തീരുമാനത്തെ പത്ര സമ്മേളനത്തിൽ ചോദ്യം ചെയ്തു ലൂയിസ് ഹാമിൾട്ടൻ

ഫോർമുല വണ്ണിൽ വിവാദമായി അധികൃതരുടെ ആഭരണ വിലക്ക്. മിയാമി ഗ്രാന്റ് പ്രീക്കു മുന്നോടിയായി റേസ് നീൽസ് വിറ്റിച്ച് ആണ് സുരക്ഷ കാരണങ്ങൾ ചൂണ്ടി കാണിച്ച് റേസ് ചെയ്യുമ്പോൾ ശരീരത്തിൽ ആഭരണങ്ങൾ അണിയാൻ പാടില്ല എന്ന് പ്രഖ്യാപിച്ചത്. അതേപോലെ ശരിയായ അണ്ടർ വിയർ ഡ്രൈവർമാർ ധരിച്ചിട്ടുണ്ടോ എന്നും അവർ പരിശോധിക്കും. റേസിന് മുമ്പ് ഇത് പരിശോധന നടത്തി ഉറപ്പിക്കും എന്നാണ് അധികൃതരുടെ തീരുമാനം. ഇതിനു എതിരെയാണ് 7 തവണ ലോക ചാമ്പ്യൻ ആയ ലൂയിസ് ഹാമിൾട്ടൻ രംഗത്ത് വന്നത്. തന്റെ കാതിൽ കുത്തിയത് മാറ്റില്ല എന്നു പറഞ്ഞ ഹാമിൾട്ടൻ താൻ തീരുമാനം ഇങ്ങനെ ആണെങ്കിൽ മിയാമിയിൽ റേസ് ചെയ്യില്ല എന്നും പ്രഖ്യാപിച്ചു.

തുടർന്ന് മെഴ്‌സിഡസും ആയി നടത്തിയ ചർച്ചയിൽ 2 റേസുകളിൽ ഹാമിൾട്ടനെ നിലവിലെ രീതിയിൽ പങ്കെടുക്കാൻ അധികൃതർ സമ്മതിക്കുക ആയിരുന്നു. അതേസമയം ഇത് അനാവശ്യ തീരുമാനം എന്നു തുറന്നടിച്ച മുൻ ലോക ചാമ്പ്യൻ സെബാസ്റ്റ്യൻ വെറ്റൽ ഇത് ഹാമിൾട്ടനെ മാത്രം ലക്ഷ്യം വച്ചുള്ള തീരുമാനം ആണെന്നും പറഞ്ഞു. മൊണാക്കോ ഗ്രാന്റ് പ്രീയിൽ പങ്കെടുക്കാൻ ആഭരണങ്ങൾ മാറ്റാൻ ഹാമിൾട്ടൻ നിർബന്ധിതൻ ആയേക്കും. അതേസമയം തന്റെ തീരുമാനം വ്യക്തമാക്കി അധികൃതർക്ക് മുന്നറിയിപ്പ് ആയി റേസിന് മുമ്പുള്ള പത്ര സമ്മേളനത്തിൽ തന്റെ കാതിലെ ആഭരണങ്ങൾക്ക് ഒപ്പം 8 മോതിരവും, 4 നെക്ലേസുകളും, 3 വാച്ചുകളും, ഒരു ബ്രെസ്ലേറ്റും അണിഞ്ഞു ആണ് ഹാമിൾട്ടൻ വന്നത്.