മാഡ്രിഡ് ഓപ്പൺ സെമിയിൽ ജ്യോക്കോവിച്ച് അൽകാരസിനെ നേരിടും, രണ്ടാം സെമിയിൽ സിറ്റിപാസും സാഷയും നേർക്കുനേർ വരും

എ.ടി.പി 1000 മാസ്റ്റേഴ്സ് ആയ മാഡ്രിഡ് ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറി ഒന്നാം സീഡ് നൊവാക് ജ്യോക്കോവിച്ച്. ക്വാർട്ടർ ഫൈനലിൽ 12 സീഡ് ആയ ഉമ്പർട്ട് ഹുർകാഷിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ജ്യോക്കോവിച്ച് സെമിയിൽ എത്തിയത്. ആറു ഏസുകൾ ഉതിർത്ത ജ്യോക്കോവിച്ച് ഇരു സെറ്റുകളിലും ഓരോ ബ്രൈക്ക് വീതം കണ്ടത്തി. 6-3, 6-4 എന്ന സ്കോറിന് ആയിരുന്നു സെർബിയൻ താരത്തിന്റെ ജയം. ഫൈനലിൽ സാക്ഷാൽ റാഫേൽ നദാലിനെ അട്ടിമറിച്ചു വരുന്ന കാർലോസ് അൽകാരസ് ഗാർഫിയ ആണ് ജ്യോക്കോവിച്ചിന്റെ എതിരാളി. കരിയറിൽ ഇത് ആദ്യമായാണ് ഇരുവരും പരസ്പരം ഏറ്റുമുട്ടുക.

20220507 045812
20220507 050124
20220507 050204

രണ്ടാം സെമിയിൽ രണ്ടാം സീഡ് അലക്‌സാണ്ടർ സാഷ സെരവും നാലാം സീഡ് സ്റ്റെഫനോസ് സിറ്റിപാസും ഏറ്റുമുട്ടും. ആറാം സീഡ് ആയ റഷ്യൻ താരം ആന്ദ്ര റൂബ്ലേവിനെ 3 സെറ്റ് പോരാട്ടത്തിൽ ആണ് സിറ്റിപാസ് ക്വാർട്ടറിൽ തോൽപ്പിച്ചത്. 6-3, 2-6, 6-4 എന്ന സ്കോറിന് ഗ്രീക്ക് താരം മത്സരത്തിൽ ജയം കണ്ടു. മത്സരത്തിൽ 10 ഏസുകൾ ഉതിർത്ത താരം ആദ്യ സെറ്റിലും മൂന്നാം സെറ്റിലും ഓരോ ബ്രൈക്ക് വീതം കണ്ടത്തുകയും ചെയ്തു. അതേസമയം എട്ടാം സീഡ് ഫെലിക്‌സ് ആഗർ അലിയാസമെയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സാഷ തോൽപ്പിച്ചത്. ആദ്യ സെറ്റ് 6-3 നു അനായാസം നേടിയ സാഷക്ക് എതിരെ ബ്രൈക്ക് വഴങ്ങിയ ശേഷം രണ്ടാം സെറ്റിൽ ഫെലിക്‌സ് തിരിച്ചടിക്കാൻ ശ്രമിച്ചു. എങ്കിലും 7-5 നു സെറ്റ് നേടി നിലവിലെ ജേതാവ് കൂടിയായ സാഷ സെമി ഉറപ്പിച്ചു.