കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പ് കിരീടം തീരുമാനിക്കപ്പെട്ട വിവാദമായ അവസാന ഗ്രാന്റ് പ്രീ ആയ അബുദാബി ഗ്രാന്റ് പ്രീയിൽ മനുഷ്യ സഹജമായ പിഴവ് സംഭവിച്ചത് ആയി സമ്മതിച്ചു ഫോർമുല വൺ ഗവേർണിങ് ബോഡി. റേസ് ഡയറക്ടർ മൈക്കിൾ മാസി എടുത്ത തീരുമാനങ്ങളിൽ പിഴവ് ഉണ്ടായി എന്നാണ് ഫോർമുല വൺ അധികൃതർ സമ്മതിച്ചത്. നേരത്തെ തന്നെ മാസിയെ റേസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.
ഫോർമുല വൺ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ആണ് അധികൃതർ അവരുടെ പിഴവ് സമ്മതിച്ചത്. നിയമങ്ങൾ നടപ്പിലാക്കുന്നതിൽ മാസിക്ക് പിഴച്ചു എന്നു റിപ്പോർട്ട് വ്യക്തമായി പറയുന്നുണ്ട്. അതേസമയം ഇനിയും ഇത് പോലുള്ള പിഴവുകൾ ഒഴിവാക്കാൻ ഫുട്‌ബോളിലെ വീഡിയോ അസിസ്റ്റന്റ് പോലെയുള്ള സംവിധാനം ഫോർമുല വണ്ണിലും കൊണ്ടു വരണം എന്ന ആവശ്യവും റിപ്പോർട്ടിൽ ഉണ്ട്. അബുദാബി ഗ്രാന്റ് പ്രീയിൽ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൾട്ടനിൽ നിന്നു ഇത്തരത്തിൽ നേടിയ ജയം ആണ് റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പന് കിരീടം നൽകിയത്. അതേസമയം 2022 ഫോർമുല വൺ സീസണിനു ബഹ്‌റൈൻ ഗ്രാന്റ് പ്രീയോടെ ഇന്ന് തുടക്കവും ആയി.