കിരീട പോരാട്ടത്തിൽ നിർണായകമായി തിരിച്ചു വന്നു ജയം കണ്ടു നാപോളി, പോയിന്റ് നിലയിൽ എ.സി മിലാന്റെ ഒപ്പം

ഇറ്റാലിയൻ സീരി എയിൽ കിരീട പോരാട്ടത്തിൽ നിർണായക ജയം കണ്ടത്തി നാപോളി. ഉഡിനസക്ക് എതിരെ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം ആണ് നാപോളി ജയം പിടിച്ചെടുത്തത്. വലിയ നാപോളി ആധിപത്യം ആണ് മത്സരത്തിൽ കണ്ടത് എങ്കിലും 22 മത്തെ മിനിറ്റിൽ അവർ മത്സരത്തിൽ പിറകിൽ പോയി. റോബർട്ടോ പെരേയ്രെയുടെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് ജെറാഡ് ഡിലഫോയാണ് നാപോളിയെ ഞെട്ടിച്ചത്. ആദ്യ പകുതിക്ക് പിരിയുമ്പോൾ നാപോളി ഒരു ഗോളിന് പിറകിൽ ആയിരുന്നു.

20220319 215003

രണ്ടാം പകുതിയിൽ നാപോളി മത്സരത്തിൽ തിരിച്ചു വന്നു. 52 മത്തെ മിനിറ്റിൽ മരിയോ റൂയിയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ കണ്ടത്തിയ വിക്ടർ ഒസ്‌മിഹൻ നാപോളിക്ക് സമനില സമ്മാനിച്ചു. 63 മത്തെ മിനിറ്റിൽ ജിയോവാനി ഡി ലോറൻസെയുടെ പാസിൽ നിന്ന് തന്റെ രണ്ടാം ഗോൾ നേടിയ ഒസ്‌മിഹൻ നാപോളിക്ക് ജയം സമ്മാനിച്ചു. സീസണിൽ നൈജീരിയൻ താരം ലീഗിൽ നേടുന്ന 11 മത്തെ ഗോൾ ആയിരുന്നു ഇത്. 82 മത്തെ മിനിറ്റിൽ പാബ്ലോ മാരിക്ക് ചുവപ്പ് കാർഡ് കണ്ടത് ഉഡിനസക്ക് തിരിച്ചടിയും ആയി. ജയത്തോടെ 30 കളികളിൽ നിന്നു 63 പോയിന്റുകൾ ഉള്ള നാപോളി ഒന്നാമതുള്ള ഒരു മത്സരം കുറവ് കളിച്ച എ.സി മിലാനോട് ഒപ്പം പോയിന്റ് നിലയിൽ ഒപ്പമെത്തി.