കൊറോണ വൈറസ് ഭീതിയിൽ ഈ വർഷത്തെ ചൈനീസ് ഗ്രാന്റ് പ്രീ മാറ്റി വച്ചു. ഏപ്രിൽ 19 നു ഷാങ്ഹായിൽ വച്ച് ആയിരുന്നു എഫ്. 1 ചൈനീസ് ഗ്രാന്റ് പ്രീ നടത്താൻ നേരത്തെ നിക്ഷയിച്ച ദിവസം, എന്നാൽ അത് മാറ്റി വച്ചത് ആയി എഫ്.1 അധികൃതർ വ്യക്തമാക്കി. ചൈനീസ് ഗ്രാന്റ് പ്രീ ഈ വർഷം നടത്താൻ സാധ്യതയില്ല എന്ന് തന്നെയാണ് പുറത്ത് വരുന്ന സൂചനകൾ. കൂടാതെ ഹോങ്കോങ് ഗ്രാന്റ് പ്രീയും മാറ്റി വക്കാനുള്ള സാധ്യതകൾ അധികമാണ്. കൂടാതെ ഈ വർഷത്തെ ആദ്യ ഗ്രാന്റ് പ്രീ ആയ വിയറ്റ്‌നാം ഗ്രാന്റ് പ്രീയുടെ കാര്യത്തിൽ സംശയങ്ങൾ ഉയരുന്നുണ്ട്. ചൈനയും അതിർത്തി പങ്കിടുന്ന വിയറ്റ്നാമിൽ ഏപ്രിൽ 5 നാണ് ആദ്യ ഗ്രാന്റ് പ്രീ നടക്കാൻ ഇരുന്നത്. എന്നാൽ ഇത് വരെ 15 കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിയറ്റ്നാമിൽ ഗ്രാന്റ് പ്രീ നടക്കാനുള്ള സാധ്യത കുറവാണ് എന്നാണ് നിലവിലെ സൂചനകൾ.
കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ച ചൈനീസ് പ്രദേശമായ വുഹാനുമായി വെറും 500 മൈൽ അടുത്ത് കിടക്കുന്ന സ്ഥലമാണ് റേസ് നടക്കാനിരുന്ന ഷാങ്ഹായ്. ഇത് വരെ ആയിരക്കണക്കിന് ആളുകളുടെ മരണം എടുത്ത കൊറോണ വൈറസ് ഏതാണ്ട് 50,000 അടുത്ത് ആളുകളെ ബാധിച്ചിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ചൈനയിൽ നടക്കാനിരുന്ന പല കായിക ഇനങ്ങളും ഇതിനകം മാറ്റി വെക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. ലോക ഇൻഡോർ അത്ലറ്റിക് ചാമ്പ്യൻഷിപ്പ്, വനിത ഫുട്‌ബോൾ ഒളിമ്പിക് യോഗ്യത മത്സരങ്ങൾ, ബാസ്ക്കറ്റ് ബോൾ ഒളിമ്പിക് യോഗ്യത മത്സരങ്ങൾ തുടങ്ങിയ പല ഇനങ്ങളും ഇതിനകം തന്നെ ഉപേക്ഷിച്ചിട്ടുണ്ട്. 22 റേസുകൾ അടങ്ങിയ ഫോർമുല വൺ ലോക ചാമ്പ്യൻഷിപ്പിനു ചൈനീസ് ഗ്രാന്റ് പ്രീ ഉപേക്ഷിക്കുക ആണെങ്കിൽ മറ്റൊരു റേസ് നടത്തുക എന്നത് അത്ര എളുപ്പമുള്ള ഒന്നാവില്ല.