ഹകിം സിയെച് ചെൽസിയിൽ തന്നെ തുടരണം, പി എസ് ജിയുടെ അപ്പീൽ തള്ളി!!

Newsroom

20230201 162848

പി എസ് ജിയിലേക്കുള്ള ഹകിം സിയെചിന്റെ ട്രാൻസ്ഫർ നടക്കില്ല എന്ന് ഉറപ്പായി. ട്രാൻസ്ഫർ പരിഗണിക്കണം എന്ന പി എസ് ജിയുടെ അപ്പീൽ ഫ്രഞ്ച് ഫുട്ബോൾ അധികാരികളായ എൽ എഫ് പി ഇപ്പോൾ തള്ളിയിരിക്കുകയാണ്‌. ട്രാൻസ്ഫർ വിൻഡോയുടെ അവസാന മണിക്കൂറുകളിൽ സിയെചിനെ കൈമാറാനായി ചെൽസിയും പി എസ് ജിയും തമ്മിൽ കരാർ ധാരണയിൽ ആയിരുന്നു. ഇരുവരും കരാർ ഒപ്പുവെക്കുകയും ചെയ്തു. എന്നാൽ താരത്തെ രജിസ്റ്റർ ചെയ്യാൻ പി എസ് ജിക്ക് ആയില്ല. ട്രാൻസ്ഫറിന്റെ സാങ്കേതിക രേഖകൾ എത്തുമ്പോഴേക്ക് രജിസ്ട്രേഷൻ സമയം കഴിഞ്ഞിരുന്നു. തുടർന്നാണ് പി എസ് ജി LFPക്ക് അപ്പീൽ നൽകിയത്.

ഹകിം 23 01 23 11 03 54 472

അപ്പീലിൽ വിധി വന്നതോടെ ഈ സീസണിൽ ശേഷിക്കുന്ന കാലം സിയെച് ചെൽസിയിൽ തന്നെ തുടരും എന്ന് ഉറപ്പായി. . സിയെച് ആയിരുന്നു ചെൽസി വിടാൻ ആയി ആത്മാർത്ഥമായി ശ്രമിച്ചത്. താരം തന്നെ പാരീസിൽ എത്തിയാണ് ട്രാൻസ്ഫർ ചർച്ചകളും നടത്തിയത്. സിയെചിന് വലിയ നിരാശ ഈ വിധി നൽകും.

നേരത്തെ സിയെചിനെ എവർട്ടൺ ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കാനായി ചെൽസിയെ സമീപിച്ചിരുന്നു. ഇറ്റാലിയൻ ക്ലബായ റോമയും സിയെചിനായി രംഗത്ത് ഉണ്ടായിരുന്നു. പക്ഷെ താരം പി എസ് ജിയിലേക്ക് പോകാൻ തന്നെ ആയിരുന്നു ആഗ്രഹിച്ചത്.

2020-ൽ അയാക്സിൽ നിന്ന് ചെൽസിയിൽ എത്തിയ സിയെച് തുടക്കത്തിൽ നല്ല പ്രകടനങ്ങൾ ക്ലബിനായി നടത്തിയിട്ടുണ്ട്. 30 കാരനായ സിയെച് പക്ഷെ പിന്നീട് സ്ഥിരത പുലർത്താതെ ആയി. ലോകകപ്പിൽ മൊറോക്കോയ്ക്ക് ആയി ഗംഭീര പ്രകടനങ്ങൾ നടത്തിയത് ചെൽസി ആരാധകർക്ക് പ്രതീക്ഷ നൽകിയിരുന്നു‌. പക്ഷെ തിരികെ ചെൽസി ടീമിൽ എത്തിയപ്പോൾ ആ മികവ് ആവർത്തിക്കാൻ സിയെചിനായില്ല. ഇനിയും രണ്ടര വർഷത്തെ കരാർ സിയെചിന് ചെൽസിയിൽ ഉണ്ട്.