Picsart 23 08 20 20 06 21 356

ബാഴ്‌സലോണയുടെ ഐറ്റാന ബൊന്മാറ്റി ലോകകപ്പിന്റെ താരം, മികച്ച യുവതാരമായി സൽ‍മ

ലോകകപ്പിൽ ഗോൾഡൻ ബോൾ നേട്ടം സ്വന്തമാക്കി സ്‌പെയിനിന്റെ ബാഴ്‌സലോണ താരം ഐറ്റാന ബൊന്മാറ്റി. ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചു ലോകകപ്പ് ഉയർത്തിയ സ്പെയിനിനു ആയി ലോകകപ്പിൽ 3 ഗോളുകളും 2 അസിസ്റ്റുകളും ആണ് താരം നൽകിയത്. തികച്ചും അലക്സിയ ഇല്ലാതിരുന്ന സ്പാനിഷ് മധ്യനിരയുടെ ആത്മാവ് ബൊന്മാറ്റി തന്നെ ആയിരുന്നു. ബാഴ്‌സലോണക്ക് ചാമ്പ്യൻസ് ലീഗും സ്പാനിഷ് ലീഗും നേടി കൊടുത്ത ബൊന്മാറ്റി ഇപ്രാവശ്യം ബാലൻ ഡിയോർ നേടും എന്നുറപ്പാണ്.

5 കളികളിൽ നിന്നു 5 ഗോളുകൾ നേടിയ ജപ്പാന്റെ 23 കാരിയായ ഹിനാറ്റ മിയാസാവ ആണ് ഗോൾഡൻ ബൂട്ട് നേടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് ഗോൾ കീപ്പർ മേരി ഏർപ്സ് ആണ് മികച്ച ഗോൾ കീപ്പറുടെ ഗോൾഡൻ ഗ്ലൗവ് നേടിയത്. ഫൈനലിൽ പെനാൽട്ടി അടക്കം രക്ഷിച്ച ഏർപ്സ് ലോകകപ്പിൽ ഗോൾഡൻ ഗ്ലൗവ് നേടുന്ന ആദ്യ ഇംഗ്ലീഷ് ഗോൾ കീപ്പർ ആണ്. ഇംഗ്ലണ്ടിന് ഫൈനൽ വരെ എത്താൻ താരം നിർണായക പങ്ക് ആണ് വഹിച്ചത്.

അതേസമയം 19 കാരിയായ ബാഴ്‌സലോണയുടെ സ്പാനിഷ് താരം സൽ‍മ പാരലുലോ ലോകകപ്പിലെ മികച്ച യുവതാരം ആയി തിരഞ്ഞെടുക്കപ്പെട്ടു. ക്വാർട്ടർ ഫൈനലിൽ പകരക്കാരിയായി ഇറങ്ങി എക്സ്ട്രാ സമയത്ത് ഗോൾ നേടിയ സൽ‍മ പകരക്കാരിയായി ഇറങ്ങി സെമിഫൈനലിലും ഗോൾ നേടിയിരുന്നു. 2018 ൽ അണ്ടർ 17 ലോകകപ്പ്, 2022 ൽ അണ്ടർ 20 ലോകകപ്പ് കിരീടങ്ങൾ ഉയർത്തിയ സൽ‍മ 19 മത്തെ വയസ്സിൽ ലോകകപ്പ് ഉയർത്തുകയും മികച്ച യുവതാരത്തിനുള്ള അവാർഡും സ്വന്തമാക്കി. നിലവിലെ അണ്ടർ 20 ലോകകപ്പ് ചാമ്പ്യനും ലോക ചാമ്പ്യനും ആയ സൽ‍മ ഇത്തരം ഒരു നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ ആദ്യ ഫുട്‌ബോൾ താരമാണ്.

Exit mobile version