വനിത ലോകകപ്പിൽ ചരിത്രം എഴുതി ജമൈക്ക

വനിത ലോകകപ്പിൽ ജയിക്കുന്ന ആദ്യ കരീബിയൻ രാജ്യമായി ചരിത്രം എഴുതി ജമൈക്ക. ആദ്യ മത്സരത്തിൽ കരുത്തരായ ഫ്രാൻസിനെ സമനിലയിൽ പിടിച്ച അവർ ആ കളിയിൽ ചുവപ്പ് കാർഡ് കണ്ട പ്രധാന മുന്നേറ്റനിര ഖാദ്ജ ഷാ ഇല്ലാതെയാണ് കളിക്കാൻ ഇറങ്ങിയത്. ഇന്ന് എതിരില്ലാത്ത ഒരു ഗോളിന് പനാമയെ മറികടന്നതോടെ അവർ തങ്ങളുടെ രണ്ടാം റൗണ്ട് സ്വപ്നങ്ങൾ സജീവമാക്കി.

ആദ്യ പകുതിയിൽ പനാമ ഗോൾ കീപ്പറുടെ മികവ് ആണ് അവരെ ഗോൾ വഴങ്ങുന്നതിൽ നിന്നു തടഞ്ഞത്. ട്രൂഡി കാർട്ടറിന്റെ കോർണറിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ അലിസൺ സ്വാബി ജമൈക്കക്ക് ആയി ചരിത്രം എഴുതി. അവരുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ ആണ് ഇത്. തുടർന്നും മത്സരത്തിൽ ജമൈക്കൻ ആധിപത്യം ആണ് കാണാൻ ആയത്. പരാജയത്തോടെ പനാമ ലോകകപ്പിൽ നിന്നു പുറത്തായി. നിലവിൽ ഗ്രൂപ്പ് എഫിൽ നാലു പോയിന്റുകൾ ഉള്ള ജമൈക്ക, ഫ്രാൻസിന് ഒപ്പം ആണ്. അവസാന മത്സരത്തിൽ ബ്രസീലിനു എതിരെ സമനില നേടാൻ ആയാൽ ജമൈക്കക്ക് അടുത്ത റൗണ്ടിൽ കടക്കാൻ ആവും.

പത്ത് പേരായി ചുരുങ്ങിയിട്ടും ജയം കണ്ടു ചൈന, രണ്ടാം റൗണ്ട് പ്രതീക്ഷകൾ നിലനിർത്തി

വനിത ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലെ നിർണായക പോരാട്ടത്തിൽ ഹെയ്തിയെ വീഴ്ത്തി ചൈന. എതിരില്ലാത്ത ഒരു ഗോളുകൾക്ക് ആയിരുന്നു അവരുടെ ജയം. ജയത്തോടെ അവസാന കളിയിൽ ഇംഗ്ലണ്ടിനെ നേരിടേണ്ട അവർ ഗ്രൂപ്പിൽ ഡെന്മാർക്കിന്‌ ഒപ്പം എത്തി. അതേസമയം അവസാന മത്സരത്തിൽ ഡെന്മാർക്ക് എതിരാളികൾ ആയ ഹെയ്തി കളിച്ച രണ്ടു മത്സരത്തിലും തോൽവി വഴങ്ങി.

മത്സരത്തിൽ 29 മത്തെ മിനിറ്റിൽ ഷേർലി ജൂഡിക്ക് എതിരായ ഫൗളിനു ഷാങ് റൂയിക്ക് ചുവപ്പ് കാർഡ് കിട്ടിയതോടെ ചൈന പത്ത് പേരായി ചുരുങ്ങി. ഒരുപാട് അവസരങ്ങൾ ആണ് തുടർന്ന് ഹെയ്തി ഉണ്ടാക്കിയത്. ഇടക്ക് ചൈനീസ് ഗോൾ കീപ്പർ ഷു യുവിന്റെ മികച്ച സേവ് ആണ് അവരെ മത്സരത്തിൽ നിലനിർത്തിയത്. ഷാങ് ലിനിയനെ ഫൗൾ ചെയ്തതിനു കിട്ടിയ പെനാൽട്ടി 74 മത്തെ മിനിറ്റിൽ ഗോൾ ആക്കിയ മാറ്റിയ വാങ് ഷുയാങ് ചൈനക്ക് മത്സരത്തിൽ നിർണായക മുൻതൂക്കം സമ്മാനിച്ചു. ഇഞ്ച്വറി സമയത്ത് ഹെയ്തിക്ക് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചെങ്കിലും വാർ അത് നിഷേധിച്ചു. അവസാന മിനിറ്റിൽ ലഭിച്ച അവസരം മുതലാക്കാൻ നെരിയ മോണ്ടസിർക്കും ആവാത്തതോടെ ഹെയ്തി പരാജയം സമ്മതിച്ചു.

ഓസ്‌ട്രേലിയയെ വീഴ്ത്തി നൈജീരിയ! ആതിഥേയരുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് തിരിച്ചടി

ഫിഫ വനിത ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ വമ്പൻ അട്ടിമറിയും ആയി നൈജീരിയ. ആതിഥേയരായ ഓസ്‌ട്രേലിയയെ രണ്ടിന് എതിരെ മൂന്ന് ഗോളുകൾക്ക് ആണ് ആഫ്രിക്കൻ ടീം അട്ടിമറിച്ചത്. ഇതോടെ ഗ്രൂപ്പിൽ ഒരു മത്സരം അവശേഷിക്കുന്ന സമയത്ത് തങ്ങളുടെ പ്രീ ക്വാർട്ടർ സാധ്യതകൾ ഇതോടെ നൈജീരിയ ശക്തമാക്കി. ഗ്രൂപ്പിൽ നാലു പോയിന്റുകളും ആയി ഒന്നാമത് ഉള്ള നൈജീരിയക്ക് അവസാന മത്സരത്തിൽ ടൂർണമെന്റിൽ നിന്നു ഇതിനകം തന്നെ പുറത്തായ അയർലന്റ് ആണ് എതിരാളികൾ.

ഈ കളിയിൽ സമനില നേടിയാൽ നൈജീരിയ അടുത്ത റൗണ്ടിൽ എത്തും. അതേസമയം മരണപോരാട്ടത്തിൽ രണ്ടാം സ്ഥാനക്കാർ ആയ കാനഡയെ ആണ് ഓസ്‌ട്രേലിയക്ക് നേരിടേണ്ടത്. പന്ത് കൈവശം വക്കുന്നതിൽ വലിയ ആധിപത്യം പുലർത്തിയ ഓസ്‌ട്രേലിയ 28 ഷോട്ടുകൾ ആണ് മത്സരത്തിൽ അടിച്ചത്‌. എന്നാൽ ഗോളിന് മുന്നിൽ പരുങ്ങിയതോടെ ഓസ്‌ട്രേലിയ പരാജയം സമ്മതിച്ചു. അതുഗ്രൻ ആദ്യ പകുതിയിൽ ഇഞ്ച്വറി സമയത്ത് 46 മത്തെ മിനിറ്റിൽ കാറ്റിലിൻ ഫോർഡിന്റെ പാസിൽ നിന്നു എമിലി വാൻ എഡ്മൗണ്ട് ഓസ്‌ട്രേലിയക്ക് മുൻതൂക്കം സമ്മാനിച്ചു. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് 5 മിനിറ്റിനുള്ളിൽ ഉചെന്ന കാനുവിലൂടെ നൈജീരിയ തിരിച്ചടിച്ചു.

രണ്ടാം പകുതിയിൽ 65 മത്തെ മിനിറ്റിൽ ഓസിനാചി ഓഹലെ ഗോൾ നേടിയതോടെ ഓസ്‌ട്രേലിയ ഞെട്ടി. ആതിഥേയരെ വീണ്ടും ഞെട്ടിച്ചു 7 മിനിറ്റിനുള്ളിൽ അസിസാറ്റ് ഒഷോള കൂടി ഗോൾ നേടിയതോടെ നൈജീരിയ ജയത്തിനു അരികിൽ എത്തി. മൂന്നു ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ നൈജീരിയൻ താരമായി ഇതോടെ പകരക്കാരിയായി ഇറങ്ങിയ ബാഴ്‌സലോണ താരം. തുടർന്ന് സമനിലക്ക് ആയി ഓസ്‌ട്രേലിയ കിണഞ്ഞു പരിശ്രമിച്ചു. ഇഞ്ച്വറി സമയത്ത് നൂറാം മിനിറ്റിൽ കൂണി-ക്രോസിന്റെ കോർണറിൽ നിന്നു അലന്ന കെന്നഡി ഹെഡറിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും ഓസ്‌ട്രേലിയക്ക് പരാജയം ഒഴിവാക്കാൻ ആയില്ല.

വനിത ലോകകപ്പിൽ ചരിത്രത്തിലെ ആദ്യ ജയവുമായി പോർച്ചുഗൽ

ഫിഫ വനിത ലോകകപ്പ് ചരിത്രത്തിൽ ആദ്യ ജയവുമായി പോർച്ചുഗൽ. ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തിൽ വിയറ്റ്‌നാമിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് അവർ മറികടന്നത്. ഇതോടെ വിയറ്റ്‌നാം ലോകകപ്പിൽ നിന്നു പുറത്തായി. മത്സരത്തിൽ ഏഴാം മിനിറ്റിൽ ലൂസിയ ആൽവസിന്റെ പാസിൽ നിന്നു തെൽമ എൻകാർനാകാവോ പോർച്ചുഗലിന് ആയി ലോകകപ്പിലെ ചരിത്രത്തിലെ ആദ്യ ഗോൾ നേടി.

മത്സരത്തിൽ 21 മത്തെ മിനിറ്റിൽ പോർച്ചുഗൽ തങ്ങളുടെ രണ്ടാം ഗോൾ നേടി. തെൽമ എൻകാർനാകാവോയുടെ പാസിൽ നിന്നു കിക നസറത്ത് ആണ് അവർക്ക് ആയി ഗോൾ നേടിയത്. തുടർന്ന് വിയറ്റ്‌നാം ഗോൾ കീപ്പറുടെ മികവ് ആണ് അവരുടെ പരാജയഭാരം കുറച്ചത്. രണ്ടു തവണ പോർച്ചുഗീസ് ശ്രമങ്ങൾ പോസ്റ്റിൽ തട്ടിയും മടങ്ങി. അടുത്ത മത്സരത്തിൽ അമേരിക്കക്ക് എതിരെ ഇറങ്ങുന്ന പോർച്ചുഗലിന് രണ്ടാം റൗണ്ടിൽ കയറാൻ അവർക്ക് എതിരെ മിക്കവാറും ജയിക്കുക തന്നെ വേണം.

ഡച്ച് പടയോട് സമനില വഴങ്ങി അമേരിക്ക

വനിത ലോകകപ്പിൽ റെക്കോർഡ് ചാമ്പ്യന്മാർ ആയ അമേരിക്കക്ക് സമനില. ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തിൽ ഹോളണ്ട് ആണ് അവരെ സമനിലയിൽ തളച്ചത്. പന്ത് കൈവശം വെക്കുന്നതിൽ ഡച്ച് മുൻതൂക്കം കണ്ട മത്സരത്തിൽ പക്ഷെ കൂടുതൽ അവസരങ്ങൾ തുറന്നത് അമേരിക്ക ആയിരുന്നു. മത്സരത്തിൽ 17 മത്തെ മിനിറ്റിൽ വിക്ടോറിയ പെലോവയുടെ പാസിൽ നിന്നു ജിൽ റൂർഡ് ഡച്ച് ടീമിനെ മുന്നിൽ എത്തിച്ചു.

2011 ലോകകപ്പിന് ശേഷം ഇത് ആദ്യമായാണ് അമേരിക്ക ഒരു ലോകകപ്പ് മത്സരത്തിൽ പിറകിൽ പോകുന്നത്. സമനിലക്ക് ആയി കൂടുതൽ ആക്രമിച്ചു കളിച്ചു അമേരിക്ക പിന്നീട്. 62 മത്തെ മിനിറ്റിൽ റോസ് ലെവല്ലെയുടെ കോർണറിൽ നിന്നു ബുള്ളറ്റ് ഹെഡറിലൂടെ ക്യാപ്റ്റൻ ലിന്റ്സി ഹോറൻ ആണ് അവരുടെ സമനില നേടിയത്. 5 മിനിറ്റുകൾക്ക് ശേഷം അലക്‌സ് മോർഗൻ നേടിയ ഗോൾ ഓഫ് സൈഡ് ആയി. തുടർന്ന് ഇരു ടീമുകളും അവസരങ്ങൾ ഉണ്ടാക്കി എങ്കിലും ജയിക്കാൻ ആയില്ല. നിലവിൽ ഗ്രൂപ്പിൽ നാലു പോയിന്റുകൾ ആണ് ഇരു ടീമുകൾക്കും ഉള്ളത്.

വനിത ലോകകപ്പിൽ ഐറിഷ് സ്വപ്നങ്ങൾ തകർത്തു കാനഡ

ഫിഫ വനിത ലോകകപ്പിൽ നിന്നു അയർലന്റ് പുറത്ത്. ഗ്രൂപ്പ് ബിയിൽ ആദ്യ റൗണ്ടിൽ ഓസ്‌ട്രേലിയയോട് തോറ്റ അവർ ഇന്ന് കാനഡയോടും പരാജയം വഴങ്ങി. മത്സരത്തിൽ നാലാം മിനിറ്റിൽ അയർലന്റ് മുന്നിലെത്തി. കോർണറിൽ നിന്നു നേരിട്ടു ആഴ്‌സണൽ താരം കേറ്റി മകബെ അയർലന്റിന് ആയി ഗോൾ നേടുക ആയിരുന്നു. അവരുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ ആയിരുന്നു ഇത്.

ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് മേഗൻ കൊണോലിയുടെ സെൽഫ് ഗോൾ അയർലന്റിന് വിനയായി. രണ്ടാം പകുതിയിൽ പരിചയസമ്പന്നയായ സോഫി ഷ്മിറ്റിനെ കാനഡ കളത്തിൽ ഇറക്കി. തുടർന്ന് 53 മത്തെ മിനിറ്റിൽ കാനഡ വിജയഗോൾ കണ്ടത്തി. സോഫിയയുടെ മികച്ച പാസിൽ നിന്നു മറ്റൊരു പരിചയസമ്പന്നയായ താരമായ അഡ്രിയാന ലിയോൺ ആണ് അയർലന്റ് സ്വപ്നങ്ങൾ തകർത്തത്. ലോകകപ്പിൽ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് കാനഡ ഒരു മത്സരത്തിൽ തിരിച്ചു വന്നു ജയിക്കുന്നത്.

ആദ്യം കീഴടക്കിയത് കാൻസറിനെ, ഇപ്പോൾ കീഴടക്കുന്നത് ലോകത്തെ, ഇത് പതിനെട്ടുകാരി ലിന്റ കൈസെദോ

കൊളംബിയക്ക് ആയി ഈ വനിത ലോകകപ്പിൽ ആദ്യ മത്സരത്തിൽ ദക്ഷിണ കൊറിയക്ക് എതിരെ ഗോൾ നേടിയ ലിന്റ കൈസെദോ കുറിക്കുന്നത് ആർക്കും പ്രചോദനം ആവുന്ന പുതുചരിത്രം ആണ്. വെറും 18 വയസ്സിനുള്ളിൽ കൊളംബിയൻ താരം കീഴടക്കുന്ന ഉയരങ്ങൾ അസാധ്യമായത് തന്നെയാണ്. ഇതിനകം തന്നെ വനിത ഫുട്‌ബോലിലെ ഒരു സൂപ്പർ താരം എന്ന നിലയിൽ ലിന്റ ഉയർന്നു കഴിഞ്ഞു.

15 മത്തെ വയസ്സിൽ അണ്ഡാശയ കാൻസർ അതിജീവിച്ചു ജീവിതത്തിലേക്ക് തിരിച്ചു വന്ന ലിന്റ തുടർന്ന് കീഴടക്കിയത് ഫുട്‌ബോൾ ലോകം തന്നെയാണ്. 2022 ൽ കോപ്പ അമേരിക്കയിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ലിന്റയെ തുടർന്ന് സ്വന്തം ടീമിൽ എത്തിക്കുന്നത് സാക്ഷാൽ റയൽ മാഡ്രിഡ് ആയിരുന്നു. 2022 ൽ അണ്ടർ 17, അണ്ടർ 20 ലോകകപ്പുകളിൽ കൊളംബിയക്ക് ആയി ഗോൾ നേടിയ ലിന്റ ഇപ്പോൾ വനിത ലോകകപ്പിലും വല കുലുക്കി.

17 വയസ്സിൽ ലോകകപ്പിൽ ഗോൾ നേടിയ ബ്രസീൽ ഇതിഹാസം മാർത്തക്ക് ശേഷം ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ലിന്റയാണ്. വനിത ഫുട്‌ബോളിൽ തന്റെ ഇടം ഇതിനകം ഉറപ്പിച്ച ലിന്റ കാൻസറിനെ കീഴടക്കിയ പോലെ ലോകത്തെ തന്നെ കീഴടക്കാൻ ആണ് നിലവിൽ ഒരുങ്ങുന്നത്. ലിന്റയുടെ മികവിൽ ലോകകപ്പിൽ ചരിത്രം കുറിക്കാൻ ആവും കൊളംബിയൻ ശ്രമം. നിലവിൽ ദക്ഷിണ കൊറിയക്ക് ഒപ്പം ജർമ്മനിയും മൊറോക്കോയും അടങ്ങിയ ഗ്രൂപ്പിൽ നിന്നു അവസാന പതിനാറിൽ എത്താൻ കൊളംബിയക്ക് പ്രയാസം കാണില്ല.

ഗോളുമായി ലിന്റ കൈസെദോ, ജയവുമായി കൊളംബിയ

ഫിഫ വനിത ലോകകകപ്പിൽ ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിൽ ദക്ഷിണ കൊറിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു കൊളംബിയ. ഇതിനു മുമ്പ് ലോകകപ്പിൽ ഒരേയൊരു മത്സരം മാത്രം ജയിച്ചിരുന്ന കൊളംബിയ പക്ഷെ ഇന്ന് മികച്ച പ്രകടനം ആണ് നടത്തിയത്. സിയോ-ഇയോന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി 30 മത്തെ മിനിറ്റിൽ കാറ്റലിന ഉസ്മെ ഗോൾ ആക്കി മാറ്റി.

ടൂർണമെന്റിൽ ഒരിക്കൽ കൂടി പെനാൽട്ടി അനുവദിക്കുന്നത് ആണ് ഇന്നും കാണാൻ ആയത്. 39 മത്തെ മിനിറ്റിൽ ഉഗ്രൻ ഷോട്ടുമായി ഗോൾ കണ്ടത്തിയ 18 കാരിയായ യുവ റയൽ മാഡ്രിഡ് സൂപ്പർ താരം ലിന്റ കൈസെദോ കൊളംബിയൻ ജയം ഉറപ്പിച്ചു. ഫിഫ അണ്ടർ 17, അണ്ടർ 20 ലോകകപ്പുകളിൽ ഗോൾ നേടിയ ലിന്റ ഫിഫ ലോകകപ്പിലും തന്റെ ഗോൾ വേട്ട തുടർന്നു. അതേസമയം 78 മത്തെ മിനിറ്റിൽ ദക്ഷിണ കൊറിയക്ക് ആയി ഇറങ്ങിയ 16 വയസ്സും 26 ദിവസവും പ്രായമുള്ള കേസി ഹയിർ വനിത ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി.

വിയറ്റ്നാമിനെ തകർത്തു അമേരിക്ക തുടങ്ങി, ചരിത്രം എഴുതി സോഫിയ സ്മിത്ത്

ഫിഫ വനിത ലോകകപ്പിൽ വിജയതുടക്കവും ആയി റെക്കോർഡ് ചാമ്പ്യന്മാർ ആയ അമേരിക്ക. ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് അവർ വിയറ്റ്നാം വനിതകളെ മറികടന്നത്. മത്സരത്തിൽ വലിയ ആധിപത്യം കാണിച്ച അവർ 28 ഷോട്ടുകൾ ആണ് ഉതിർത്തത്. തന്റെ ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി ഇരട്ട ഗോളുകളും ഒരു അസിസ്റ്റും നേടിയ സോഫിയ സ്മിത്ത് ആണ് അമേരിക്കൻ ഹീറോ.

വനിത ലോകകപ്പിൽ അരങ്ങേറ്റത്തിൽ ഒന്നിൽ അധികം ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ആയി 22 കാരിയായ സോഫിയ മാറി. 14 മത്തെ മിനിറ്റിൽ അലക്‌സ് മോർഗന്റെ ബാക് ഹീൽ പാസിൽ നിന്നുമാണ് സോഫിയ തന്റെ ആദ്യ ഗോൾ നേടുന്നത്. തുടർന്ന് ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ സോഫിയ രണ്ടാം ഗോൾ നേടി ആദ്യം ഓഫ് സൈഡ് വിളിച്ച ഗോൾ വാർ അനുവദിക്കുക ആയിരുന്നു. 77 മത്തെ മിനിറ്റിൽ സോഫിയയുടെ പാസിൽ നിന്നു ഗോൾ നേടിയ ക്യാപ്റ്റൻ ലിന്റ്സി ഹോറൻ ആണ് അമേരിക്കൻ ജയം പൂർത്തിയാക്കിയത്.

ഓസ്‌ട്രേലിയക്ക് വമ്പൻ തിരിച്ചടി ലോകകപ്പിലെ ആദ്യ 2 കളികളിൽ സാം കെർ ഉണ്ടാവില്ല

വനിത ലോകകപ്പിൽ ആതിഥേയരായ ഓസ്‌ട്രേലിയക്ക് വമ്പൻ തിരിച്ചടി. അവരുടെ സൂപ്പർ താരവും ക്യാപ്റ്റനും ആയ സാം കെർ ആദ്യ രണ്ടു ഗ്രൂപ്പ് മത്സരങ്ങൾ കളിക്കില്ല എന്നു അവർ അറിയിച്ചു. പരിശീലനത്തിന് ഇടയിൽ കാഫിന് പരിക്കേറ്റത് ആണ് താരത്തിന് വിനയായത്.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ ആയ ചെൽസി താരത്തിന്റെ അഭാവം ഓസ്‌ട്രേലിയക്ക് വലിയ നഷ്ടം ആണ്. ഇന്ന് 3.30 നു നടക്കുന്ന ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ അയർലന്റ് ആണ് ഓസ്‌ട്രേലിയയുടെ ആദ്യ എതിരാളികൾ. ഈ മത്സരവും 27 നു നടക്കുന്ന നൈജീരിയക്ക് എതിരായ മത്സരവും ഇതോടെ സാം കെറിനു നഷ്ടമാകും.

32 രാജ്യങ്ങൾ പങ്കെടുക്കുന്ന ആദ്യ വനിത ലോകകപ്പ് ഡി.ഡി സ്പോർട്സിൽ സൗജന്യമായി കാണാം

ചരിത്രത്തിൽ ആദ്യമായി 32 രാജ്യങ്ങളെ ഉൾക്കൊള്ളിച്ച് കൊണ്ടു നടത്തുന്ന ആദ്യ ഫിഫ വനിത ലോകകപ്പ് തുടങ്ങാൻ ഇനി വെറും രണ്ടു നാൾ മാത്രം. ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിൽ നടക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ ഡി.ഡി സ്പോർട്സ് സൗജന്യമായി പ്രദർശിപ്പിക്കും. ഓൺലൈനായി ഫാൻകോഡ് ആണ് മത്സരങ്ങൾ പ്രദർശിപ്പിക്കുക. തുടർച്ചയായ മൂന്നാം ലോക കിരീടം തേടി ഇറങ്ങുന്ന അതിശക്തരായ അമേരിക്ക തന്നെയാണ് ഇക്കുറിയും കിരീടം നേടാൻ കൂടുതൽ സാധ്യതയുള്ള ടീം.

അമേരിക്കക്ക് വെല്ലുവിളി ആവാം എന്ന പ്രതീക്ഷയിൽ ആണ് യൂറോ ചാമ്പ്യന്മാർ ആയ ഇംഗ്ലണ്ട്. എന്നാൽ ബെത്ത്‌ മീഡ്, ലിയ വില്യംസൺ എന്നിവർ പരിക്ക് മൂലം ഇല്ലാത്തത് അവരുടെ സാധ്യതകൾക്ക് മങ്ങൽ എൽപ്പിച്ചിട്ടുണ്ട്. ജർമ്മനി, ഫ്രാൻസ് എന്നിവർക്ക് പുറമെ ബാലൻ ഡിയോർ ജേതാവ് അലക്സിയ പുറ്റലസിന്റെ സ്‌പെയിനും കിരീടപോരാട്ടത്തിൽ മുന്നിലുണ്ട്. 2019 ൽ ഫൈനൽ കളിച്ച ഹോളണ്ട് ടീമിന് സൂപ്പർ താരം മിയെദമെയുടെ പരിക്ക് വിനയാണ്. ഇവർക്ക് പുറമെ സൂപ്പർ താരം സാം കെറിന്റെ ആതിഥേയരായ ഓസ്‌ട്രേലിയക്കും കിരീട സാധ്യതകൾ ഉണ്ട്. ഓഗസ്റ്റ് 20 നു ആണ് ലോകകപ്പിന്റെ ഫൈനൽ മത്സരം.

വനിത സൂപ്പർ ലീഗ് ഫിക്‌സ്ചറുകൾ പുറത്ത് വന്നു

ഇംഗ്ലീഷ് വനിത സൂപ്പർ ലീഗ് ഫിക്‌സ്ചറുകൾ പുറത്ത് വന്നു. ഒക്ടോബർ ഒന്നിന് ആണ് ആദ്യ ലീഗ് മത്സരം നടക്കുക. ആദ്യ മത്സരത്തിൽ ചാമ്പ്യന്മാർ ആയ ചെൽസി ലണ്ടൻ ഡാർബിയിൽ ടോട്ടനം ഹോട്സ്പറിനെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നേരിടും.
കിരീടം നേടാൻ ഉറച്ച് ഇറങ്ങുന്ന ആഴ്‌സണൽ ലിവർപൂൾ പോരാട്ടവും ആദ്യ ദിനം ആണ്. മാഞ്ചസ്റ്റർ യുണൈറ്റഡ്, ആസ്റ്റൺ വില്ലയെ നേരിടുമ്പോൾ ബ്രിസ്റ്റൽ സിറ്റി ലെസ്റ്റർ സിറ്റിയെയും എവർട്ടൺ ബ്രൈറ്റണിനെയും വെസ്റ്റ് ഹാം മാഞ്ചസ്റ്റർ സിറ്റിയെയും നേരിടും.

കൂടുതൽ മത്സരങ്ങൾ ക്ലബിന്റെ മുഖ്യ സ്റ്റേഡിയത്തിൽ നടക്കുന്ന ഒരു വനിത സൂപ്പർ ലീഗ് തന്നെയാവും ഈ സീസണിൽ എന്നതിനാൽ തന്നെ വനിത ഫുട്‌ബോളിന് ഇത് നല്ല മാറ്റം കൊണ്ടു വരും. ആഴ്‌സണൽ ഇതിനകം തന്നെ തങ്ങളുടെ ലിവർപൂൾ, ആസ്റ്റൺ വില്ല, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം ടീമുകൾക്ക് എതിരായ മത്സരങ്ങൾ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ആവും നടക്കുക എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ മത്സരങ്ങൾക്ക് എമിറേറ്റ്‌സ് വേദി ആവാനും സാധ്യതയുണ്ട്. ചെൽസി, ടോട്ടനം, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകളും തങ്ങളുടെ കൂടുതൽ മത്സരങ്ങൾ മുഖ്യ സ്റ്റേഡിയത്തിൽ നടത്തും എന്നു മുമ്പ് പറഞ്ഞിരുന്നു.

Exit mobile version