Picsart 23 08 08 18 45 50 203

മൊറോക്കോയെ തകർത്തു ഫ്രാൻസ്, ക്വാർട്ടർ ഫൈനലിൽ ഓസ്‌ട്രേലിയ എതിരാളികൾ

ഫിഫ വനിത ലോകകപ്പ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ മൊറോക്കോയെ തകർത്തു ഫ്രാൻസ്. ആദ്യമായി ലോകകപ്പ് കളിക്കാൻ എത്തിയ മൊറോക്കോയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് ഫ്രാൻസ് തകർത്തത്. ആദ്യ 23 മിനിറ്റിനുള്ളിൽ തന്നെ 3 ഗോളുകൾക്ക് മുന്നിൽ എത്തിയ ഫ്രാൻസ് കളിയുടെ വിധി എഴുതിയിരുന്നു. 15 മത്തെ മിനിറ്റിൽ സാകിനയുടെ പാസിൽ നിന്നു ഡിയാനിയാണ് ഫ്രാൻസിന്റെ ആദ്യ ഗോൾ നേടിയത്.

ലോകകപ്പിൽ ഡിയാനിയുടെ നാലാം ഗോൾ ആയിരുന്നു ഇത്. 5 മിനിറ്റിനുള്ളിൽ ഡിയാനിയുടെ പാസിൽ നിന്നു കെൻസ ഡാലി ഫ്രാൻസിന്റെ രണ്ടാം ഗോൾ നേടി. 23 മത്തെ മിനിറ്റിൽ ഡിയാനിയുടെ പാസിൽ നിന്നു യൂജിൻ ലെ സൊമ്മർ കൂടി ഗോൾ നേടിയതോടെ ഫ്രാൻസ് ജയം ഉറപ്പിച്ചു. രണ്ടാം പകുതിയിൽ മൊറോക്കോ നന്നായി ആണ് തുടങ്ങിയത്. ഇടക്ക് അവർ ഗോൾ നേടും എന്നും തോന്നി.

എന്നാൽ 70 മത്തെ മിനിറ്റിൽ പകരക്കാരിയായി ഇറങ്ങിയ വിക്കി ബെചോയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ യൂജിൻ ലെ സൊമ്മർ ഫ്രാൻസ് ജയം പൂർത്തിയാക്കി. ലോകകകപ്പിൽ ഒരു മത്സരത്തിൽ ഇരട്ട ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായും 34 കാരിയായ യൂജിൻ ലെ സൊമ്മർ മാറി. ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ഓസ്‌ട്രേലിയ ആണ് ഫ്രാൻസിന്റെ എതിരാളികൾ. ശക്തരായ ഇരു ടീമുകളും തമ്മിൽ കടുത്ത മത്സരം തന്നെയാവും നടക്കുക എന്നുറപ്പാണ്.

Exit mobile version