എക്കാലത്തെയും ടോപ്സ്കോറർ; ജെന്നി ഹെർമോസോ ബാഴ്‌സയോട് വിട പറഞ്ഞു

Nihal Basheer

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരി ജെന്നി ഹെർമോസോ ടീമിനോട് വിട പറഞ്ഞു. മെക്സിക്കൻ ലീഗിലെ പച്ചുക ആണ് താരത്തിന്റെ പുതിയ തട്ടകം. സാമൂഹികമധ്യമങ്ങളിലൂടെയാണ് ടീം വിടുന്നത് താരം അറിയിച്ചത്.
സഹതരങ്ങൾക്കും ആരാധകർക്കും ഹെർമോസോ നന്ദി അറിയിച്ചു. ക്യാമ്പ്ന്യൂവിൽ നിറഞ്ഞ സ്റ്റേഡിയത്തിൽ കളിക്കാൻ കഴിഞ്ഞതും ടീമിന് വേണ്ടി ആദ്യ ചാമ്പ്യൻസ് ലീഗ് നേടാൻ കഴിഞ്ഞതും മറക്കാനാവാത്തതാണെന്ന് താരം ചേർത്തു.

രണ്ടു ഘട്ടങ്ങളിലായി ആകെ നൂറ്റി എഴുപതോളം മത്സരങ്ങളിൽ ബാഴ്‌സക്ക് വേണ്ടി ബൂട്ട് അണിഞ്ഞു. ബാഴ്‌സക്കും സ്പെയിനിനും വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേരിയ താരമാണ്.തുടർച്ചായി മൂന്ന് തവണ അടക്കം ആകെ അഞ്ചു തവണ ടോപ്പ് സ്കോറർക്കുള്ള “പിച്ചിച്ചി” അവാർഡ് സ്വന്തമാക്കി. ചാമ്പ്യൻസ് ലീഗടക്കം സ്വന്തമാക്കി 2020-21സീസണിൽ ബാഴ്‌സ ടീം യൂറോപ്പ് കീഴടക്കിയപ്പോൾ മുന്നേറ്റനിരയിൽ 37 ഗോളുകളുമായി അപാരമായ ഫോമിൽ ആയിരുന്നു. ബാലൺന്റിയോർ അവാർഡിൽ സഹതാരം കൂടിയായ അലെക്സ്യ പുതെയ്യാസിന് പിറകിൽ രണ്ടാം സ്ഥാനത്തും എത്തി.

അത്ലറ്റികോ മാഡ്രിഡിലൂടെ കരിയർ ആരംഭിച്ച മാഡ്രിഡ് സ്വദേശിനി റയോ വയ്യേക്കാനോ, പിഎസ്ജി എന്നിവർക്ക് വേണ്ടിയും കളത്തിൽ ഇറങ്ങിയിട്ടുണ്ട്. അറ്റാക്കിങ് മിഡ്ഫീൽഡർ ആയോ സ്‌ട്രൈക്കർ ആയോ ടീം ആവശ്യപ്പെടുന്ന സ്ഥാനത്ത് ഇറങ്ങാൻ സന്നദ്ധയായിരുന്നു ഹെർമോസോ.
20220622 193709
ബാഴ്‌സയുമായുള്ള കരാർ ഈ സീസണോടെ അവസാനിക്കാൻ ഇരിക്കെ ഭാവി എന്താകും എന്ന് ഹെർമോസോ നേരത്തെ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ടീം വിടാനുള്ള താരത്തിന്റെ തീരുമാനത്തിന് പിറകെ മുപ്പത്തിരണ്ട്കാരിയെ ടീമിൽ എത്തിച്ചതായി പച്ചുക പ്രഖ്യാപിക്കുകയായിരുന്നു. ലോക ഫുട്ബാളിലെ റെക്കോർഡ് വരുമാനം ആവും താരം മെക്സിക്കൻ ലീഗിൽ സമ്പാദിക്കുക എന്നാണ് സൂചനകൾ.

ലെയ്ക മാർട്ടെൻസിന് പിറകെ ടീം അടുത്ത കാലത്ത് നടത്തിയ കുതിപ്പിൽ നിർണായക സ്വാധീനം ആയ മറ്റൊരു താരത്തെ കൂടിയാണ് ബാഴ്‌സക്ക് നഷ്ടപ്പെടുന്നത്. പുതിയ താരങ്ങളെ എത്തിച്ച് ഇവരുടെ കുറവുകൾ മറികടക്കാൻ ആവും എന്ന പ്രതീക്ഷയിൽ ആണ് ടീം.