ബ്രസീലിനെ ലോകകപ്പിൽ നിന്ന് പുറത്താക്കി ഫ്രാൻസ്

കരുത്തരായ ബ്രസീൽ വനിതാ ലോകകപ്പിൽ നിന്ന് പുറത്ത്. ഇന്ന് നടന്ന ആവേശകരമായ പ്രീക്വാർട്ടറിൽ ആതിഥേയരായ ഫ്രാൻസ് ആണ് ബ്രസീലിനെ തോൽപ്പിച്ച് നാട്ടിലേക്ക് അയച്ചത്. എക്സ്ട്രാ ടൈം വരെ‌ നീണ്ടു നിന്ന മത്സരത്തിൽ 106ആം മിനുട്ടിലെ ഗോളിന്റെ ബലത്തിൽ 2-1 എന്ന സ്കോറിനാണ് ഫ്രാൻസ് വിജയിച്ചത്. ഫിനിഷിംഗിലെ പോരായ്മയാണ് ബ്രസീലിന് ഇന്ന് തിരിച്ചടിയായത്.

സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങിയ ഫ്രാൻസ് തന്നെ ആയിരുന്നു കളിയിൽ മികച്ചു നിന്നത്. പക്ഷെ കൗണ്ടറുകളിലൂടെ നിരന്തരം അവസരങ്ങൾ സൃഷ്ടിക്കാൻ ബ്രസീലിനായിരുന്നു. കളിയിൽ 52ആം മിനുട്ടിൽ വലേരിയാണ് ഫ്രാൻസിന് ആദ്യം ലീഡ് നൽകിയത്. എന്നാൽ 10 മിനുട്ടുകൾക്കകം തൈസയിലൂടെ ആ ഗോൾ മടക്കാൻ ബ്രസീലിനായി.

പിന്നീട് നിരവധി അവസരങ്ങൾ ഇരി ടീമുകളും സൃഷ്ടിച്ചു. നിശ്ചിത സമയത്ത് മത്സരം 1-1 എന്നായതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ഒരു ഫ്രീകിക്കിൽ നിന്ന് ഹെൻറി ആണ് ഫ്രാൻസിന് വിജയ ഗോൾ നൽകിയത്. ആ ഗോൾ ഫ്രാൻസിനെ ക്വാർട്ടറിൽ എത്തിക്കുകയും ചെയ്തു.