ചരിത്രം കുറിച്ച് ഗോളുമായി ബാലാ ദേവി

20201207 105433
Credit: Twitter
- Advertisement -

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ പുതിയ അധ്യായം ചേർത്ത് കൊണ്ട് ബാലാ ദേവി ഇന്നലെ ഒരു ഗോൾ നേടി. സ്കോട്ട്‌ലൻഡ് ക്ലബായ റേഞ്ചേഴ്സിനായി കളിക്കുന്ന ഇന്ത്യൻ സ്ട്രൈക്കർ ബാലാ ദേവി ഇന്നലെ സ്കോട്ടിഷ് വനിതാ ലീഗിൽ മതർവെലിന് എതിരായ മത്സരത്തിലാണ് ഗോൾ നേടിയത്. റേഞ്ചേഴ്സിൽ എത്തിയ ശേഷമുള്ള ബാലാ ദേവിയുടെ ആദ്യ ഔദ്യോഗിക ഗോളായിരുന്നു ഇത്. ആദ്യമായാണ് ഒരു ഇന്ത്യൻ വനിതാ താരം യൂറോപ്പിലെ ഒരു ലീഗിൽ ചെന്ന് ഗോൾ അടിക്കുന്നത്.

മത്സരത്തിന്റെ 65ആം മിനുട്ടിൽ സബ്ബായി എത്തിയ ബാലാ ദേവി 85ആം മിനുട്ടിൽ ആണ് ഗോൾ കണ്ടെത്തിയത്. മത്സരത്തിൽ എതിരില്ലാത്ത ഒമ്പത് ഗോളിന് വിജയിക്കാൻ റേഞ്ചേഴ്സിനായി. 29കാരിയായ ബാലാ ദേവി റേഞ്ചേഴ്സിൽ കളിക്കുന്ന ആദ്യ ഏഷ്യൻ താരമാണ്. ഒന്നര വർഷത്തെ കരാർ ബാലാ ദേവിക്ക് റേഞ്ചേഴ്സിൽ ഉണ്ട്.

യുവേഫ ടൂർണമെന്റുകളിൽ അടക്കം കളിക്കുന്ന ക്ലബാണ് റേഞ്ചേഴ്സ്. ഇന്ത്യൻ ദേശീയ ടീമിന്റെയും ടോപ്പ് സ്കോറർ ആണ് ബാലാ ദേവി. ഇന്ത്യക്ക് വേണ്ടി 58 കളികളിൽ നിന്നായി 52 ഗോളുകൾ ബാലാ ദേവി നേടിയിട്ടുണ്ട്.

Advertisement