ബാഴ്സലോണയുടെ ഇതിഹാസ ഗോൾ കീപ്പർ വിക്ടർ വാൽഡേസിന്റെ ബാഴ്സലോണയിലേക്കുള്ള മടങ്ങിവരവിന് ചെറിയ കാലയളവ് കൊണ്ട് തന്നെ അവസാനം. ബാഴ്സലോണയിലെ അണ്ടർ 19 കോച്ചായി മൂന്ന് മാസം മുമ്പ് എത്തിയ വാൽഡെസിനെ ക്ലബ് പുറത്താക്കിയിരിക്കുകയാണ്. താരത്തിന്റെ കീഴിൽ ടീമിന്റെ പ്രകടനം മോശമായതും ബാഴ്സലോണയുടെ ശൈലിയിൽ നിന്ന് വ്യത്യസ്തമായ ഫുട്ബോൾ അദ്ദേഹം കൊണ്ടു വരുന്നതുമാണ് ബോർഡിനെ അതൃപ്തിയിലാക്കിയത്.
എന്നാൽ ക്ലബ് തനിക്കും കുട്ടികൾക്കും നല്ല സൗകര്യങ്ങൾ തരുന്നില്ല എന്ന് വാൽഡെസ് പരാതി പറഞ്ഞിരുന്നു. പുതിയ ഗ്രൗണ്ട് ടീമിന് നൽകും എന്ന് പറഞ്ഞു എങ്കിലും സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിന് ശേഷം യാതൊരു നടപടിയും ഉണ്ടായില്ല എന്നും വാൽഡെസ് പറയുന്നു.
37കാരനായ വാൽഡെസ് കഴിഞ്ഞ സീസണു മുമ്പാണ് വിരമിച്ചത്. ബാഴ്സലോണയിൽ 1992 മുതൽ ഉണ്ടായിരുന്ന താരമാണ് വാൽഡെസ്. ക്ലബിനൊപ്പം 400ൽ അധികം മത്സരങ്ങൾ കളിച്ച വാൽഡെസ് നിരവധി കിരീടങ്ങളും ബാഴ്സലോണക്ക് ഒപ്പം നേടിയിട്ടുണ്ട്. ബാഴ്സലോണക്ക് ഒപ്പം ആറ് ലീഗ് കിരീടങ്ങളും മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടവും വാൽഡെസ് നേടിയിട്ടുണ്ട്. മാഡ്രിഡ് ക്ലബായ ഇ ഡി മൊരറ്റലാസിന്റെ യൂത്ത് ടീമിനെ ആണ് ഇതിനു മുമ്പ് വാൽഡെസ് പരിശീലിപ്പിച്ചത്.