യൂറോപ്യൻ ഫുട്ബോളിലെ ഒരേ ഒരു രാജാവായി സെർജിയോ റാമോസ്

ഒരു യൂറോപ്യൻ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് സ്പെയിൻ താരം സെർജിയോ റാമോസിന് സ്വന്തം. ഇന്നലെ സ്വിറ്റ്സർലൻഡിനെതിരായ മത്സരം സ്പെയിനിന് വേണ്ടിയുള്ള റാമോസിന്റെ 177മത്തെ മത്സരമായിരുന്നു. ഇറ്റാലിയൻ ഗോൾ കീപ്പിങ് ഇതിഹാസം ബഫണിന്റെ റെക്കോർഡാണ് സെർജിയോ റാമോസ് മറികടന്നത്. ഇറ്റലിക്ക് വേണ്ടി ബഫൺ 176 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.

അതെ സമയം ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരം ഈജിപ്തിന്റെ അഹമ്മദ് ഹസ്സൻ ആണ്. ഈ റെക്കോർഡ് മറികടക്കാൻ സെർജിയോ റാമോസ് 8 മത്സരങ്ങൾ കൂടി കളിക്കണം. സെർജിയോ റാമോസ് സ്പെയിനിന്റെ കൂടെ 2010ലെ ലോകകപ്പ് കിരീടവും രണ്ട് യൂറോപ്യൻ കിരീടവും നേടിയിട്ടുണ്ട്. കൂടാതെ രാജ്യത്തിന് വേണ്ടി റാമോസ് 23 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ 129 മത്സരങ്ങൾ സ്പെയിനിന് വേണ്ടി ജയിക്കുകയും ചെയ്തിട്ടുണ്ട്. 2005ൽ ചിലിക്കെതിരെയുള്ള മത്സരത്തിലാണ് റാമോസ് സ്പെയിനിന് വേണ്ടി അരങ്ങേറ്റം നടത്തിയത്.

എന്നാൽ റെക്കോർഡ് സ്വന്തമാക്കിയെങ്കിലും സ്വിറ്റ്സർലൻഡിനെതിരായ മത്സരം സെർജിയോ റാമോസ് മറക്കാൻ ആഗ്രഹിക്കുന്നതായിരുന്നു. മത്സരത്തിൽ സെർജിയോ റാമോസ് രണ്ട് പെനാൽറ്റികൾ നഷ്ട്ടപെടുത്തിയപ്പോൾ സ്വിറ്റ്സർലൻഡ് സ്പെയിനിനെ സമനിലയിൽ തളച്ചിരുന്നു.