യുവന്റസ് മുൻ പരിശീലകൻ ആന്ദ്രേ പിർലോ, ടർക്കിഷ് സൂപ്പർ ലീഗ് ടീം ഫതിഹ് കരഗുമ്രുകുമായി കരാർ ധാരണയിൽ എത്തി. അടുത്ത സീസണിൽ മുന്നോടിയായി അദ്ദേഹം ടീമിനോടൊപ്പം ചേരും.
നേരത്തെ യുവന്റസിലെ നിരാശജനകമായ സീസണിന് ശേഷം അദ്ദേഹം ഒരു വർഷമായി മറ്റൊരു ടീമിനെയും പരിശീലിപ്പിച്ചിരുന്നില്ല. പരിശീലകൻ എന്ന നിലയിൽ ആദ്യം യുവന്റസ് അണ്ടർ-23 ടീമിനോടൊപ്പമായിരുന്നു ചേർന്നത്. കോച്ച് സരിയുടെ പുറത്താകലോടെ ദിവസങ്ങൾക്കകം സീനിയർ ടീം പരിശീലകനായി അദ്ദേഹം നിയമിക്കപ്പെട്ടു.
നപോളിയെ തോൽപ്പിച്ച് ആദ്യ കിരീടമായ സൂപ്പർ കോപ്പ ഇറ്റാലിയാന നേടാൻ ആയി. എങ്കിലും ഒൻപത് വർഷത്തിന് ശേഷം സീരീ എ നേടാൻ സാധിക്കാതെ പോയതും നാലാം സ്ഥാനം കൊണ്ട് മാത്രം തൃപ്തിപെടേണ്ടി വന്നതും ആദ്യ സീസണിന് ശേഷം തന്നെ അദ്ദേഹത്തെ പുറത്താക്കാൻ കാരണമായി.
ടർക്കിഷ് ലീഗിൽ അസാധാരണ പ്രകടനം കാഴ്ച്ച വെക്കുന്ന ടീമാണ് ഇസ്‌താംബൂൾ ക്ലബ്ബ് ആയ കരഗുമ്രുക്. 2014 മുതൽ 19 വരെയുള്ള കാലത്ത് മൂന്നാം ഡിവിഷനിൽ കളിച്ചിരുന്ന ഇവർ അടുത്ത സീസണിൽ രണ്ടാം ഡിവിഷനിലേക്കും തുടർന്നുള്ള സീസണിൽ ഒന്നാം ഡിവിഷൻ ആയ സൂപ്പർ ലീഗിലും കളിച്ചു. കഴിഞ്ഞ രണ്ടു സീസണിലായി സൂപ്പർ ലീഗിൽ തന്നെ തുടരാൻ സാധിച്ചിട്ടുണ്ട്. നിലവിൽ അവസാനിച്ച സീസണിൽ എട്ടാം സ്ഥാനവും നേടാൻ കഴിഞ്ഞു.