വോൾവ്സിന്റെ മുഖ്യ പരിശീലകനായി ബ്രൂണോ ലാഗെ എത്തിയതിനു ശേഷമുള്ള രണ്ടാം സൈനിംഗ് വോൾവ്സ് പൂർത്തിയാക്കി. പോർച്ചുഗീസ് വിംഗർ ഫ്രാൻസിസ്കോ ട്രിങ്കാവോ ആണ് വോൾവ്സിലേക്ക് എത്തുന്നത്. ബാഴ്സലോണയുടെ താരമായ ട്രിങ്കാവോ ഒരു വർഷം നീളുന്ന ലോണടിസ്ഥാനത്തിലാണ് പ്രീമിയർ ലീഗിലേക്ക് വരുന്നത്.
21കാരനെ ഭാവിയിൽ സ്വന്തമാക്കാനുള്ള ഓപ്ഷനും ഈ ലോൺ കരാറിൽ ഉണ്ട്. പോർച്ചുഗൽ ദേശീയ ടീമിനൊപ്പം കളിച്ചിട്ടുള്ള ട്രിങ്കാവോയ്ക്ക് വോൾവ്സിനൊപ്പം ഇണങ്ങുക എളുപ്പമാകും. ട്രിങ്കാവോയ്ക്ക് ഒപ്പം രാജ്യത്തിനായി കളിച്ച ആറു താരങ്ങൾ വോൾവ്സിൽ ഉണ്ട്. യുവ താരമാണെങ്കിലും 150ൽ അധികം സീനിയർ മത്സരങ്ങളുടെ പരിചയ സമ്പത്ത് ട്രിങ്കാവോയ്ക്ക് ഉണ്ട്. ബ്രാഗയ്ക്ക് വേണ്ടി യൂറോപ്പ ലീഗിലും ബാഴ്സക്ക് വേണ്ടി ചാമ്പ്യൻസ് ലീഗിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബ്രാഗയിലൂടെ വളർന്നു വന്ന താരം അവിടെ നിന്നാണ് ബാഴ്സലോണയിൽ എത്തിയത്. ബാഴ്സലോണക്കായി നാൽപ്പതോളം മത്സരങ്ങൾ താരം കളിച്ചു.