ഇംഗ്ലണ്ടിന്റെ റൊട്ടേഷന്‍ പോളിസിയെ വിമര്‍ശിച്ച് ഇയാന്‍ ബോത്തം

England

കോവിഡ് വന്ന ശേഷം റൊട്ടേഷന്‍ പോളിസി ഉപയോഗിച്ച് താരങ്ങള്‍ക്ക് ആവശ്യമായ വിശ്രമം നല്‍കി പരമ്പരകള്‍ കളിക്കുന്ന സമീപനം ആണ് ഇംഗ്ലണ്ട് ബോര്‍ഡ് തിരഞ്ഞെടുത്തിട്ടുള്ളത്. പരിമിത ഓവര്‍ ക്രിക്കറ്റിൽ ഇത് വിജയമാണെങ്കിലും ടെസ്റ്റ് ഫോര്‍മാറ്റിൽ ഈ സമീപനം വലിയ തിരിച്ചടിയാണ് ഇംഗ്ലണ്ടിന് നല്‍കിയിരിക്കുന്നത്.

ഈ റൊട്ടേഷന്‍ പോളിസിയാണ് ടീമിനെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ നിന്നും പുറത്ത് പോകുവാന്‍ കാരണമായി പലരുംം വിലയിരുത്തുന്നത്. മികച്ച താരങ്ങളില്ലാതെ ഇന്ത്യന്‍ പരമ്പരയ്ക്കായി എത്തിയ ടീം കനത്ത തോല്‍വിയാണ് ആദ്യ മത്സരം ജയിച്ച ശേഷം ഏറ്റു വാങ്ങിയത്.

ഇപ്പോള്‍ ഇംഗ്ലണ്ട് ഇതിഹാസം ഇയാന്‍ ബോത്തം ഈ നയത്തെ നിശിതമായി വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. തന്റെ കാലത്ത് ഫോമിലുള്ള ഒരു താരവും മത്സരിക്കാനിറങ്ങാതെ ബെഞ്ചിലിരിക്കുവാന്‍ താല്പര്യപ്പെടില്ലായിരുന്നുവെന്നാണ് ഇംഗ്ലണ്ട് ബോര്‍ഡിന്റെ ഈ നീക്കത്തെ വിമര്‍ശിച്ച് ബോത്തം പറഞ്ഞത്.

കടുത്ത ഭാഷയിലാണ് ബോത്തം ഇംഗ്ലണ്ടിന്റെ റൊട്ടേഷന്‍ പോളിസിയെ വിമര്‍ശിച്ചത്. ഇന്ത്യയോട് ടെസ്റ്റ് പരാജയം ഏറ്റ ഇംഗ്ലണ്ട് ന്യൂസിലാണ്ടിനോടും സ്വന്തം നാട്ടിൽ പരാജയം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ബയോ ബബിളിൽ ഏറെ കാലം ഒരേ താരങ്ങള്‍ തുടരുന്നത് ഒഴിവാക്കുവാന്‍ ഈ നയം തുടരുമെന്നും അതിലൂടെ താരങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുവാനാണ് ലക്ഷ്യം വയ്ക്കുന്നതെന്നാണ് ഇംഗ്ലണ്ട് ബോര്‍ഡ് മുമ്പ് തന്നെ വിശദീകരണം നല്‍കിയിട്ടുള്ളത്.

Previous articleആശ്വാസ ജയം തേടി ശ്രീലങ്ക, പരമ്പര വൈറ്റ് വാഷ് ചെയ്യുവാനായി ഇംഗ്ലണ്ട്
Next articleബാഴ്സലോണ യുവതാരത്തെ വോൾവ്സ് സ്വന്തമാക്കി