ടോട്ടനത്തിൽ നിന്നും കഴിഞ്ഞ ജനുവരി മുതൽ വിയ്യാറയലിൽ ലോണിൽ കളിച്ചിരുന്ന ജിയോവാനി ലോ സെൽസോയെ വീണ്ടും ടീമിലെത്തിക്കാൻ സ്പാനിഷ് ടീമിന്റെ ശ്രമം. മധ്യനിരയിൽ പുതിയ ഇറക്കുമതികൾ ഉള്ളതിനാൽ താരത്തെ വിട്ട് കൊടുക്കുന്നതിൽ ടോട്ടനത്തിനും വിമുഖതയൊന്നും ഇല്ല. അടുത്ത സീസണിലും അർജന്റീനൻ താരം വിയ്യാറയലിൽ തന്നെ തുടരുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. ഉനായ് എമരിക്കും താരത്തെ ടീമിൽ നിലനിർത്തുന്നതാണ് താൽപര്യം. ഇത്തവണ ലോണിൽ കൈമാറുമ്പോൾ സീസണിന്റെ അവസാനം താരത്തെ വിയ്യാറയലിന് സ്വന്തമാക്കാൻ കഴിയുന്ന തരത്തിൽ ചർച്ചകൾ നടത്താനാണ് ടോട്ടനം നീക്കം. ഏകദേശം പന്ത്രണ്ട് മില്യൺ പൗണ്ടോളം താരത്തിന് ടോട്ടനം വിലയിട്ടേക്കും.
പുതുതായി ഒരു പിടി താരങ്ങൾ ടീമിൽ എത്തിയതോടെ ലോ സെൽസോക്ക് ടോട്ടനത്തിൽ മടങ്ങി എത്തിയാലും അവസരം ലഭിക്കില്ലെന്ന് ഉറപ്പാണ്. ഇതോടെ ടീമിൽ തുടരാൻ താരത്തിനും താൽപര്യമില്ല. 2019ൽ ടോട്ടനത്തിൽ എത്തിയ മധ്യനിര താരം അൻപതോളം മത്സരങ്ങൾ ടീമിനായി കളിച്ചു. കൊണ്ടെ ടീമിന്റെ ചുമതല ഏറ്റെടുത്തതോടെ താരത്തെ ലോണിൽ വിയ്യാറയലിന് കൈമാറുകയായിരുന്നു. സ്പാനിഷ് ടീമിന് വേണ്ടി ആകെ ഇരുപതോളം മത്സരങ്ങൾ കളിച്ചു.
ടീമിലെ ചില താരങ്ങൾക്ക് പുറത്തേക്കുള്ള വഴിയും തേടുകയാണ് ടോട്ടനം. ലോ സെൽസോക്ക് പിറകെ എൻഡോമ്പലയേയും വിയ്യാറയലിന് കൈമാറുന്നതിന് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
Story Highlight: Tottenham and Villarreal are working on Gio Lo Celso