സ്ലോവാക്യൻ പ്രതിരോധ താരം സ്ക്രിനിയർക്ക് വേണ്ടിയുള്ള പിഎസ്ജിയുടെ ആദ്യ ഓഫർ ഇന്റർ മിലാൻ നിരാകരിച്ചു.50 മില്യൺ യൂറോയും ഒരു പ്ലെയറെയും ഉൾപ്പെടുത്തിയ ഡീലാണ് ഇന്റർ തള്ളിയത്. താരത്തിനെ കൈമാറാൻ ഉള്ള തുകയായി നിശ്ചയിച്ച 80 മില്യൺ യൂറോ പൂർണമായി കിട്ടണമെന്നാണ് ഇന്റർ മിലാൻ ആഗ്രഹിക്കുന്നത്.
അടുത്ത സീസണിലേക്ക് ടീം ശക്തിപ്പെടുത്തുന്നതിന് പിഎസ്ജി പുതുതായി കൊണ്ടു വരാൻ ആഗ്രഹിക്കുന്ന താരങ്ങളുടെ പട്ടികയിൽ മുൻനിരയിലാണ് സ്ക്രിനിയർ. എങ്കിലും ഇന്റർ ഉദ്ദേശിച്ച തുകയുമായി പിഎസ്ജി വീണ്ടും വന്നേക്കും. ടീമിൽ നിന്നും ഒരുപിടി താരങ്ങളെ ഒഴിവാക്കാൻ ശ്രമിക്കുന്ന പിഎസ്ജി ഇന്റർ മിലാന് കൂടി താല്പര്യമുള്ള ഏതെങ്കിലും ഒരു താരത്തെ ഡീലിന്റെ ഭാഗമാക്കാം എന്ന നിലപാടിൽ ആയിരുന്നു. എന്നാൽ നിലവിൽ ഒരു പിഎസ്ജി താരത്തിലും ഇന്റർ താൽപര്യം അറിയിച്ചിട്ടില്ല. തുടർ ചർച്ചകൾ ഉണ്ടാവുമെന്ന് ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്യുന്നു.
യൂറോപ്പിലെ നിലവിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായി കണക്കാക്കുന്ന താരമാണ് മിലാൻ സ്ക്രിനിയർ. 2017ലാൻ ഇന്റർ മിലാന്റെ നിരയിൽ എത്തുന്നത്. ഇതുവരെ 215 മത്സരങ്ങളിൽ സീരി എ വമ്പന്മാർക്ക് വേണ്ടി ഇറങ്ങി. പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ഇന്റർ മിലാൻ സീരി എ ജേതാക്കൾ ആയപ്പോൾ ടീമിലെ നിർണായക സാന്നിധ്യം ആയി.