ഫെർണാണ്ടിഞ്ഞോക്ക് പകരക്കാരൻ, കാൽവിൻ ഫിലിപ്സിനെ ഉന്നമിട്ട് സിറ്റി

Img 20220617 190417

സീനിയർ താരം ഫെർണാണ്ടിഞ്ഞോ ടീം വിട്ടതോടെ പകരക്കാരെ തിരഞ്ഞിറങ്ങിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. ലീഡ്സിന്റെ കാൽവിൻ ഫിലിപ്സ് ആണ് സിറ്റിയുടെ പ്രഥമ പരിഗണന. ലീഡ്സ് ടീമിൽ ഹോൾഡിങ് മിഡ്ഫീൽഡർ സ്ഥാനത്ത് തിളങ്ങിയിരുന്ന ഫിലിപ്സ് ഫെർണാണ്ടിഞ്ഞോക്ക് ചേർന്ന പകരക്കാരൻ ആണെന്ന് പെപ്പ് കരുതുന്നു.
സിറ്റിയുടെ ഓഫർ എത്തിയതോടെ താരം ക്ലബ്ബിൽ സമ്മർദ്ദം ചെലുത്തുന്നതായി മിറർ അടക്കമുള്ള ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടീം വിടാൻ ആഗ്രഹിക്കുന്ന ഇരുപത്തിയാറ്കാരന് പ്രീമിയർ ലീഗ് ചാംപ്യന്മാരുടെ അണിയിൽ എത്താൻ ആണ് ആഗ്രഹം.

2014 മുതൽ ലീഡ്സ് യുനൈറ്റഡ് താരമാണ്. ഇതുവരെ 234 മത്സരങ്ങൾ ടീമിനായി ഇറങ്ങി. സെൻട്രൽ മിഡ്ഫീൽഡർ ആയിരുന്ന ഫിലിപ്സിനെ ബിയേൽസ സ്ഥാനം ഏറ്റെടുത്ത ശേഷമാണ് താരത്തിന്റെ കഴിവുകൾ കണ്ട് ഹോൾഡിങ് മിഡ്ഫീൽഡർ സ്ഥാനത്തേക്ക് മാറ്റുന്നത്. അർജന്റീനൻ കോച്ചിന് കീഴിൽ ടീം മികച്ച പ്രകടനം നടത്തിയപ്പോൾ നിർണയ താരങ്ങളിൽ ഒരാളായി. ശേഷം സൗത്ത്ഗേറ്റിന്റെ ഇംഗ്ലണ്ട് ടീമിലേയും സ്ഥിരക്കാരൻ ആയി. ടീമിലെ മികച്ച കളിക്കാരിൽ ഒരാളെ വിട്ട് കൊടുക്കാൻ ലീഡ്സ് ഉയർന്ന തുക തന്നെ ചോദിക്കും.