റെനാൻ ലോദി നോട്ടിങ്ഹാമിൽ, സീസണിൽ ടീമിലേക്കെത്തുന്ന പതിനെട്ടാമൻ

20220828 111243

അത്ലറ്റികൊ മാഡ്രിഡിൽ നിന്നും ലെഫ്റ്റ് ബാക്ക് റെനാൻ ലോദി നോട്ടിങ്ഹാം ഫോറസ്റ്റിൽ എത്തി. ട്രാൻസ്ഫർ വിൻഡോയിൽ പണം വാരി എറിഞ്ഞു റെക്കോർഡ് ഇടുന്ന നോട്ടിങ്ഹാം ടീമിലേക്ക് എത്തിക്കുന്ന പതിനെട്ടാമത്തെ താരമാണ് ലോഡി. ഒരു വർഷത്തെ ലോണിൽ ആണ് താരത്തെ നോട്ടിങ്ഹാം ടീമിലേക്ക് എത്തിക്കുന്നത്. അഞ്ച് മില്യൺ യൂറോ ലോൺ ഫീ ആയി നൽകും. സീസണിന് ശേഷം മുപ്പത് മില്യൺ യൂറോ നൽകി താരത്തെ സ്വന്തമാക്കാനും അവർക്കാകും.

ഇരുപത്തിനാലുകാരനായ താരം 2019ലാണ് അത്ലറ്റികോയിലേക്ക് എത്തുന്നത്. മൂന്ന് സീസണുകളിൽ നൂറ്റിപതിനെട്ട് മത്സരങ്ങൾ ടീമിനായി ഇറങ്ങി. എന്നാൽ താരത്തിന്റെ പ്രകടനത്തിൽ സംതൃപ്തരല്ലാത്ത അത്ലറ്റികോ ലെഫ്റ്റ് ബാക്ക് സ്ഥാനത്തേക്ക് ലില്ലേയിൽ നിന്നും റെയ്നിൽഡോയെ എത്തിച്ചിരുന്നു. ഇത്തവണ ലീഗിലെ ആദ്യ മത്സരത്തിൽ സോളിനെ ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് ഇറക്കി സിമിയോണി താരത്തിനെ പരിഗണിക്കുന്നില്ല എന്ന കൃത്യമായ സൂചന നൽകിയിരുന്നു. ആദ്യ രണ്ടു മത്സരങ്ങളിൽ താരത്തിന് അവസരം ലഭിച്ചില്ല. റെഗുലിയോൺ ആണ് അത്ലറ്റികോ ലോഡിക്ക് പകരക്കാരൻ ആയി കാണുന്ന താരം.