ഏഷ്യ കപ്പിൽ ഇന്നിറങ്ങുന്നു, ജന്റിൽമെൻ പ്ലെയേഴ്‌സ്

shabeerahamed

Img 20220828 113619

ഇന്ന് ഏഷ്യ കപ്പിൽ നടക്കുന്ന ഇന്ത്യ പാകിസ്ഥാൻ T20 ഗ്രൂപ്പ് മത്സരം, 40 ഓവറിന്റെ ജീവൻ മരണ പോരാട്ടമാണ് പലർക്കും. ഇന്ത്യയിലെയും പാകിസ്ഥാനിലെയും ടിവി ചാനലുകൾക്ക് രണ്ട് ദിവസമായി ചാകരയാണ്.

കളിയെ കുറിച്ചുള്ള ചർച്ചയാണെങ്കിലും, കളിയെ കുറിച്ചു ഒന്നും അറിയാത്തവരാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്. 22 കളിക്കാർ ഇടികൂടി തീർക്കാനായി ഇന്ന് ഗ്രൗണ്ടിൽ ഇറങ്ങുന്ന പോലെയാണ് ഇവർ പറഞ്ഞു പോകുന്നത്. ഈ കളി തോറ്റാൽ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. ലഡ്ഡുവിനും പടക്കത്തിനും ഏതേലും ഒരു രാജ്യത്ത് ഇന്ന് നല്ല ചിലവായിരിക്കും.

20220828 113510

ഈ സംവാദങ്ങളിൽ ആളിക്കത്തിക്കുന്നത് വിദ്വേഷത്തിന്റെ അഗ്നിയാണ്. വെറുപ്പ് വിറ്റ് സ്വന്തം കീശ വീർപ്പിക്കാനുള്ള ഈ ശ്രമത്തിനിടയിൽ ഇരു രാജ്യങ്ങളിലെയും കളിക്കാർ തമ്മിൽ സൗഹൃദം പങ്കിടുന്നത് ഇവർക്ക് സഹിക്കുന്നില്ല. കഴിഞ്ഞ ഒരാഴ്ചയായി ദുബായിൽ നിന്ന് വരുന്ന വാർത്തകൾ അവർക്ക് ദഹിക്കുന്നില്ല. കളിക്കാർ പരസ്പരം കൈ കൊടുത്തും, ചിരിച്ചും, പരിക്കിന്റെ സ്ഥിതിയെ കുറിച്ചു ചോദിക്കുന്നതും ഈ ചാനൽ അവതാരകർക്ക് ദേശവിരുദ്ധ പ്രവർത്തിയായിട്ടാണ് തോന്നുന്നത്.

ശരിയാണ്, ഇരു രാജ്യങ്ങളും തമ്മിലുള്ള കളിക്കളത്തിലെ മത്സരങ്ങൾ ചരിത്രപരമായി സംഘർഷം നിറഞ്ഞതാണ്. ഈ കളികൾ ഇരു ടീമിലെയും കളിക്കാരുടെ ഏറ്റവും നല്ല പ്രകടനം പുറത്തെടുക്കാൻ സഹായിക്കുന്നുമുണ്ട്. അതിനർത്ഥം ഇരു കൂട്ടരും കളിക്കളത്തിൽ കായികമായി ഏറ്റമുട്ടണം എന്നല്ല, സംസ്‌കാര ശൂന്യരായി പെരുമാറണം എന്നല്ല. അങ്ങനെയല്ല ഒരു സ്പോർട്സ്മാൻ പെരുമാറേണ്ടത്, അതല്ല സ്പോർട്സ്മാൻ സ്പിരിറ്റ്.

ജാവലിൻ താരങ്ങളായ നീരജ് ചോപ്രയും, അർഷദ് നദീമും നമുക്കിത് കാട്ടി തന്നതാണ്. അതിന് വിപരീതമായി ചിലർ സംസാരിച്ചപ്പോൾ നീരജ് അതിനെ ഖണ്ഡിക്കുകയും ചെയ്തു. കോലിയുടെ ബാറ്റ് ലഭിക്കുന്നത് അഭിമാനമായി കണ്ട മുഹമ്മദ് അമീറും ഇത് തന്നെയാണ് നമുക്ക് മനസ്സിലാക്കി തന്നത്.

ഇന്ന് കളി വാശിയേറിയതാകും എന്നതിൽ സംശയം വേണ്ട, ഇന്നത്തെ കേമൻമ്മാർ ജയിക്കും. ഒരു ഇന്ത്യക്കാരൻ എന്ന നിലക്ക് രോഹിതും കൂട്ടരും ഗ്രൗണ്ടിൽ നിന്ന് മൊമെന്റോ ആയി സ്റ്റമ്പുകൾ പറിച്ചെടുത്ത് പോകുന്നത് കാണാനാണ് എനിക്കിഷ്ടം. എന്നാൽ കളി കഴിഞ്ഞുള്ള ഗ്രൗണ്ടിലെ സൗഹൃദ കാഴ്ചകൾ മനസ്സ് നിറയ്ക്കും, എന്തെന്നാൽ നമ്മുടെ കളിക്കാർ ജന്റിൽമെൻ പ്ലെയേഴ്‌സാണ്.