കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ ട്രാൻസ്ഫർ മാർക്കറ്റ് ഉഴുതുമറിച്ച നോട്ടിങ്ഹാം എഫ്സി ഇത്തവണ കാര്യമായ നീക്കങ്ങൾ ഇതുവരെ നടത്തിയിരുന്നില്ല.ഇപ്പോൾ പുതിയ സീസണിലെ ആദ്യ സൈനിങ് ആയി നൈജീരിയൻ പ്രതിരോധ താരം ഓല ഐനയെ ടീമിൽ എത്തിച്ചിരിക്കുകയാണ് അവർ. ടോറിനൊയിൽ കരാർ അവസാനിച്ച് ഫ്രീ ഏജന്റ് ആയ താരത്തെ രണ്ടു വർഷത്തെ കരാറിൽ ആണ് നോട്ടിങ്ഹാം സ്വന്തമാക്കുന്നത് എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇത് മറ്റൊരു സീസണിലേക്ക് കൂടി നീട്ടാനുള്ള സാധ്യതയും ചേർത്തിട്ടുണ്ട്. ഇതോടെ മുൻ ഫുൾഹാം താരമായ 27കാരന് പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചു വരവിനും അവസരം ഒരുങ്ങി.
ചെൽസി യൂത്ത് ടീമുകളിലൂടെ വളർന്ന ഓല ഐന മൂന്ന് മത്സരങ്ങൾ സീനിയർ ടീമിന് വേണ്ടിയും കളത്തിൽ ഇറങ്ങിയിട്ടുണ്ട്. പിന്നീട് ഹൾ സിറ്റി, ടോറിനോ എന്നിവർക്ക് വേണ്ടി ലോണിൽ കളിച്ചു. പിന്നീട് താരത്തെ ടോറിനോ സ്വന്തമാക്കി. 2020-21 സീസണിൽ ഫുൾഹാമിലും എത്തി. നൈജീരിയൻ ദേശീയ ടീമിൽ 17 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഫുൾ ബാക്ക് സ്ഥാനത്ത് ആക്രമണത്തിലും കാര്യമായ സഹായങ്ങൾ ചെയ്യുന്ന ഐനയെ പല സ്ഥാനങ്ങളിലും ഒരുപോലെ ഉപയോഗിക്കാൻ ആവും. യുനൈറ്റഡ് താരമായ ആന്റണി എലാങ്ങയേയാണ് നോട്ടിങ്ഹാം അടുത്തതായി ഉന്നമിടുന്നത്.