നതാൻ ആക്കെക് വേണ്ടി സിറ്റിയെ സമീപിക്കാൻ ചെൽസി

സിറ്റിയുടെ പ്രതിരോധ താരം നതാൻ ആകെയെ ടീമിൽ എത്തിക്കാൻ ചെൽസി ശ്രമിക്കുന്നു. സിറ്റിയുടെ മുന്നേറ്റ താരം സ്റ്റെർലിങ്ങിനെ എത്തിക്കാനുള്ള നീക്കങ്ങൾക്ക് പിറകെയാണ് ആകെക്ക് വേണ്ടിയും ചെൽസി രംഗത്ത് വന്നത്.കോച്ച് ടൂഷലിനും ഏറെ താല്പര്യമുള്ള താരമാണ് നതാൻ ആകെ.

പിൻനിരയിൽ റൂഡിഗർ അടക്കമുള്ള താരങ്ങളെ നഷ്ടമായ ചെൽസി പകരക്കാരെ എത്തിക്കാൻ ഉള്ള ഒരുക്കത്തിലാണ്. ജൂൾസ് കുണ്ടെയെ സെവിയ്യയിൽ നിന്നും എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും ചർച്ചകൾ പൂർത്തിയാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ടൂഷലിന്റെ മറ്റൊരു ഇഷ്ടതാരം മത്തിയാസ് ഡിലൈറ്റിന് ഉയർന്ന തുക യുവന്റസ് ആവശ്യപ്പെടുന്നതിനാൽ അതിലും നീക്കുപോക്കുകൾ ആയിട്ടില്ല. ഇതോടയാണ് തങ്ങളുടെ മുൻ താരം കൂടിയായ നാതാൻ ആകെക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താൻ ചെൽസി തീരുമാനിച്ചത്.

മുൻ ചെൽസി യൂത്ത് ടീം അംഗം കൂടിയായ ആക്കെ 2012 തന്റെ പതിനേഴാം വയസിലാണ് ചെൽസിക്ക് വേണ്ടി ആദ്യമായി പ്രീമിയർ ലീഗിൽ ബൂട്ടണിയുന്നത്. 2014മുതൽ വിവിധ ടീമുകൾക്ക് വേണ്ടി ലോണടിസ്ഥാനത്തിൽ കളിച്ച ശേഷം 2017ൽ ബേൺമൗതിലും തുടർന്ന് 2020ൽ സിറ്റിയിലും എത്തി.രണ്ട് സീസണുകളിലായി നാല്പത് മത്സരങ്ങളിൽ സിറ്റിക്ക് വേണ്ടി കളത്തിലിറങ്ങി.

കൂടുതൽ അവസരങ്ങൾ തേടി തന്റെ മുൻ ടീമിലേക്ക് മടങ്ങി വരൻ ഇരുപതിയെഴുകാരനും താല്പര്യമുള്ളതായാണ് സൂചനകൾ.താരവുമായും സിറ്റിയുമായും ചെൽസി ഉടനെ കൂടുതൽ ചർച്ചകളിലേക്ക് കടക്കും.