ജർമൻ യുവതാരം യുസുഫാ മൊക്കോകൊയെ വരും വർഷങ്ങളിലേക്കും ടീമിൽ നിലനിർത്താൻ ഡോർട്മുണ്ട് ശ്രമങ്ങൾ ആരംഭിച്ചതായി സൂചന. താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിക്കാൻ ഇരിക്കെയാണ് പുതിയ കാരറിനായുള്ള ശ്രമങ്ങൾ ഡോർട്മുണ്ട് ആരംഭിച്ചത്. കോച്ച് ആയ എഡിൻ ടെർസിച്ചുമായി താരത്തിന് നല്ല ബന്ധമാണ് ഉള്ളതെന്നും, ഇത് താരത്തിന്റെ തീരുമാനത്തെ സ്വാധീനിച്ചേക്കും എന്നും ഫാബ്രിസിയോ റോമാനോ വിലയിരുത്തുന്നു. എന്നാൽ ജനുവരി മുതൽ മറ്റ് ക്ലബ്ബുകളുമായി മൊക്കോകൊ ചർച്ചകൾ നടത്തിയേക്കും എന്നുള്ളത് കൊണ്ട് അതിന് മുൻപായി കരാർ നടപടികൾ തീർക്കേണ്ടതുണ്ട് ഡോർട്മുണ്ടിന്.
സീസണിൽ അപാര ഫോമിലാണ് മൊക്കോകൊ. ആറു അസിസ്റ്റുകളും ആറു ഗോളുകളും ഇതുവരെ ഡോർട്മുണ്ടിന് വേണ്ടി കണ്ടെത്തി. ഈ പ്രകടനം ജർമനിയുടെ ലോകകപ്പ് ടീമിലും എത്തിച്ചു. ടീമിന്റെ ഏറ്റവും പ്രായം കുറഞ്ഞ താരമായും അദ്ദേഹം മാറിയിരുന്നു. പല സ്പാനിഷ്, ഇംഗ്ലീഷ് ടീമുകളും താരത്തിന് മുകളിൽ കണ്ണ് വെച്ചിട്ടുണ്ട്. ചെൽസി ജനുവരിയിൽ തന്നെ മൊക്കോകൊയെ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചേക്കും എന്ന വാർത്തകൾക്കിടെയാണ് കരാർ പുതുക്കാനുള്ള നീക്കങ്ങളുമായി ഡോർട്മുണ്ട് മുന്നോട്ടു പോവുന്നത്.