ലിവർപൂളിന്റെ പ്രധാന താരമായ മൊ സലായ്ക്ക് വേണ്ടിയുടെ അൽ ഇത്തിഹാദിന്റെ ശ്രമം തുടരുന്നു. ലിവർപൂൾ താരത്തെ വിൽക്കില്ല എന്ന് ആവർത്തിക്കുമ്പോഴും അൽ ഇത്തിഹാദ് അവരുടെ വലിയ ബിഡ് ലിവർപൂളിനു മുന്നിൽ വെച്ച് കാത്തിരിക്കുകയാണ്. 162 മില്യൺ ഡോളർ ആണ് ട്രാൻസ്ഫർ ഫീ ആയി ലിവർപൂളിനു മുന്നിൽ ഇത്തിഹാദ് വെച്ചിരിക്കുന്നത്. ഇംഗ്ലീഷ് ക്ലബിനു മുന്നിൽ വരുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഓഫർ ആണിത്.
ഇംഗ്ലണ്ടിൽ ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ നാലു ദിവസങ്ങൾ കൂടിയേ ബാക്കിയുള്ളൂ. എന്നാൽ സൗദിയിൽ സെപ്റ്റംബർ 20വരെ ട്രാൻസ്ഫർ വിൻഡോ തുറന്നിരിക്കും. 240 മില്യണോളം വേതനം വരുന്ന ഒരു പാക്കേജാണ് സലായ്ക്ക് മുന്നിൽ സൗദി അറേബ്യൻ ക്ലബായ ഇത്തിഹാദ് വെച്ചിരിക്കുന്നത്. സലാ ഈ ഓഫറിൽ ആകൃഷ്ടനാണ് എങ്കിലും ലിവർപൂൾ വിടാനായി ക്ലബിനോട് സലാ ആവശ്യപ്പെടാൻ സാധ്യത കുറവാണ്.
മൊ സലാ ക്ലബ് വിടണം എന്ന് നിർബന്ധിച്ചാൽ അല്ലാതെ ഈ നീക്കം നടക്കാൻ സാധ്യത ഇല്ല എന്ന് ഫബ്രിസിയോ റൊമാനോ പറയുന്നുണ്ട്. ഇതിനകം സൗദി ഓഫറുകൾക്ക് മുന്നിൽ ഹെൻഡേഴ്സണെയും ഫാബിനോയെയും ലിവർപൂളിന് നഷ്ടമായിട്ടുണ്ട്. അവരെക്കാൾ ഏറെ പ്രാധാന്യം ഉള്ള സലായെ അങ്ങനെ എളുപ്പത്തിൽ ലിവർപൂൾ വിട്ടുകൊടുക്കില്ല എന്ന് ഉറപ്പാണ്. സലായെ വിൽക്കില്ല എന്ന് ക്ലോപ്പ് കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു.
മൊ സലാ കഴിഞ്ഞ വർഷമായിരുന്നു ലിവർപൂളിൽ ദീർഘകാല കരാർ ഒപ്പുവെച്ചത്. 2017ൽ റോമയിൽ നിന്ന് ആൻഫീൽഡിൽ എത്തിയതിന് ശേഷം ലിവർപൂളിലെ ഏറ്റവും പ്രധാന താരമായിരുന്നു മുഹമ്മദ് സലാ. റെഡ്സിനായി എണ്ണമറ്റ ഗോളുകൾ താരം നേടി. ലിവർപൂളിന്റെ പ്രീമിയർ ലീഗ് കിരീടത്തിലും യുവേഫ ചാമ്പ്യൻസ് ലീഗിലും പ്രധാന പങ്കുവെക്കാനും സലായ്ക്ക് ആയിരുന്നു.