ഫ്രീ ഏജന്റ് ആയി തുടർന്ന ജാപ്പനീസ് താരം ഡൈച്ചി കമാഡക്ക് വേണ്ടി ലാസിയോയുടെ ശ്രമം. താരത്തിന് മുന്നിൽ ലാസിയോ കരാറിന്റെ രൂപ രേഖ വാക്കാൽ നൽകി കഴിഞ്ഞു എന്ന് ഫാബ്രിസിയോ റൊമാനോ സൂചിപ്പിച്ചു. കൂടുതൽ ചർച്ചകൾ നടന്ന് വരികയാണ്. ഫ്രാങ്ക്ഫെർട്ടുമായുള്ള കരാർ അവസാനിച്ച ശേഷം പല ടീമുകളും താരത്തിൽ താൽപര്യം പ്രകടിപ്പിച്ചെങ്കിലും ആരും കൃത്യമായ ഓഫർ മുന്നോട്ടു വെച്ചിട്ടില്ല. അതിനിടെ എസി മിലാൻ താരത്തെ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കാൻ നിർണായകമായി ശ്രമം നടത്തി.
എന്നാൽ വിയ്യാറയൽ താരം സാമുവൽ ചുകുവെസയെ എത്തിക്കാൻ കഴിഞ്ഞതോടെ അവസാന നിമിഷം കമാഡയിൽ നിന്നും എസി മിലാൻ പിൻ വാങ്ങി. ചുകുവെസെ എത്തിയതോടെ കൂടുതൽ നോൺ-ഈയു താരങ്ങൾക്കുള്ള സ്ഥാനം ടീമിൽ ഇല്ലാത്തതാണ് മുഖ്യ കാരണം. കൂടാതെ ക്രിസ്റ്റ്യൻ പുലീസിച്ചും ടീമിൽ എത്തി. ബറൂസിയ ഡോർമുണ്ട്, അത്ലറ്റികോ മാഡ്രിഡ് ടീമുകളാണ് ജാപ്പനീസ് താരത്തിന് പിറകെ ഉണ്ടായിരുന്ന മറ്റു ടീമുകൾ. എന്നാൽ ഇവരും ചർച്ചകൾ മുന്നോട്ടു കൊണ്ടു പോയില്ല. ലാസിയോക്ക് ആവട്ടെ മിലിങ്കോവിച്ച് സാവിച്ചിന്റെ വിടവ് നികത്താൻ മധ്യനിരയിൽ മികച്ചൊരു താരത്തെ ആവശ്യമാണ് താനും.ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ നേരത്തെയും കമാഡക്ക് മുൻപിൽ ലാസിയോ എത്തിയിരുന്നെങ്കിലും താരം പ്രതീക്ഷിച്ച സാലറി നൽകാൻ സാധിക്കാത്തത് കൊണ്ട് പിൻവാങ്ങുകയായിരുന്നു.
Download the Fanport app now!