ഗോൾ വല നിറച്ച് വമ്പന്മാർ, ലിവർപൂളിനെ വീഴ്ത്തി ബയേൺ മ്യൂണിച്ച്

Nihal Basheer

20230802 192418
Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്പിലെ വമ്പന്മാർ മുഖാ മുഖം വന്ന പ്രീ സീസൺ പോരാട്ടത്തിൽ ഇഞ്ചുറി ടൈം ഗോളിലൂടെ ലിവർപൂളിനെ വീഴ്ത്തി ബയേൺ മ്യൂണിച്ച്. രണ്ടു തവണ പിറകിൽ നിന്നും തിരിച്ചു വന്ന ജർമൻ ചാമ്പ്യന്മാർക്കായി ഗ്നാബറി, സാനെ, സ്റ്റാനിസിച്ച് എന്നിവർ വല കുലുക്കിയപ്പോൾ അവസാന നിമിഷം വിജയ ഗോളുമായി യുവതാരം ക്രാറ്റ്സിഗ് വരവറിയിച്ചു. ലിവർപൂളിനായി ഗാക്പോ, വാൻ ഡൈക്ക്, ലൂയിസ് ഡിയാസ് എന്നിവർ ഗോൾ കണ്ടെത്തി. മത്സരത്തിന്റെ ഭാഗമായി “സിംഗപ്പൂർ ട്രോഫി” ബയേണിന് സമ്മാനിച്ചു.
20230802 192221
സമ്പൂർണ ഫസ്റ്റ് ഇലവനുമായാണ് ഇരു ടീമുകളും കളത്തിൽ എത്തിയത്. കിം മിൻ ജെ ബയേണിനായി തുടക്കത്തിൽ തന്നെ എത്തി. പുതിയ താരങ്ങൾ ആയ മാക് അലിസ്റ്റർ, സോബോസ്ലായി എന്നിവർ ലിവർപൂളിന്റെ മധ്യനിര നിയന്ത്രിച്ചു. രണ്ടാം മിനിറ്റിൽ തന്നെ മത്സരത്തിൽ ഗോൾ വീണു തുടങ്ങി. ജോട്ടയുടെ പാസ് സ്വീകരിച്ചു പിച്ചിന്റെ ഇടത് ഭാഗത്ത് നിന്നും ബയേണിന്റെ നാലോളം പ്രതിരോധ താരങ്ങളെ പിന്തള്ളി കൊണ്ട് ബോക്സിലേക്ക് കയറിയാണ് ഗാക്പോ സ്‌കോർ ബോർഡ് തുറന്നത്. 28ആം മിനിറ്റിൽ റോബർട്സന്റെ കോർണറിൽ തല വെച്ച് വാൻ ഡൈക്ക് ലീഡ് ഇരട്ടിയാക്കി. എന്നാൽ പിന്നീട് ബയേൺ മത്സരത്തിലേക്ക് തിരിച്ചു വന്നു. 33ആം മിനിറ്റിൽ സ്വന്തം ഹാഫിൽ നിന്നും കിം മിൻ ജെ ഉയർത്തി നൽകിയ പന്ത് നിയന്ത്രിച്ച് ഗ്നാബറി അനായാസം വല കുലുക്കി. ഇടവേളക്ക് മുൻപ് ഇടത് വിങ്ങിലൂടെ മുന്നേറിയ ഗ്നാബറി ബോക്സിനുള്ളിൽ മാർക് ചെയ്യപെടാതെ നിന്ന സാനെക്ക് പന്ത് കൈമാറിയപ്പോൾ താരം ലക്ഷ്യം കണ്ടു. ഇതോടെ ആദ്യ പകുതി സമനിലയിൽ പിരിഞ്ഞു.

രണ്ടാം പകുതിയോടെ ടീമുകൾ നിരവധി മാറ്റങ്ങൾ കൊണ്ടു വന്നു. 66ആം മിനിറ്റിൽ സലയുടെ പാസിൽ നിന്നും ലൂയിസ് ഡിയാസ് വീണ്ടും ലിവർപൂളിന്റെ ലീഡ് തിരികെ പിടിച്ചു. 80ആം മിനിറ്റിൽ ഫ്രീകിക്കിൽ നിന്നുള്ള ബയേണിന്റെ ശ്രമം കീപ്പർ തടുത്തപ്പോൾ തക്കം പ്രതിരുന്ന സ്റ്റാനിസിച്ച് ബയേണിന്റെ മൂന്നാം ഗോൾ കണ്ടെത്തി. പിറകെ ഗോൾ നേടാനുള്ള സുവർണാവസരം കീപ്പർ മാത്രം മുന്നിൽ നിൽക്കെ ഡാർവിൻ ന്യൂനസ് തുലച്ചു. ഇഞ്ചുറി ടൈമിന്റെ ഒന്നാം മിനിറ്റിൽ ഡി ലൈറ്റിന്റെ ലോങ് ബോൾ നിയന്ത്രണത്തിലാക്കി കുതിച്ച ക്രാറ്റ്സിഗ് ബോക്സിലേക്ക് കയറി തൊടുത്ത മിന്നുന്നൊരു ഷോട്ടിലൂടെ ബയേൺ ജയമുറപ്പിച്ചു. പിറകെ കോമാന്റെയും മാസ്രോയിയുടെയും തുടർച്ചയായ അവസരങ്ങൾ അലിസൻ രക്ഷപ്പെടുത്തുകയും ചെയ്തു.