മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫർ നീക്കങ്ങൾ വേഗത്തിൽ ആക്കുകയാണ്. നാപോളി സെന്റർ ബാക്കായ കിം മിൻ ജേ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലേക്ക് എത്തും എന്നാണ് പുതിയ റിപ്പോർട്ടുകൾ. സെന്റർ ബാക്ക് യുണൈറ്റഡുമായി കരാർ ധാരണയിൽ എത്തുന്നതിന് അടുത്താണെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സീസണിൽ നാപോളിയുടെ സീരി എ കിരീട പോരാട്ടത്തിൽ പ്രധാന പങ്കുവഹിച്ച താരമാണ് കിം മിൻ ജേ. 26കാരനായ ദക്ഷിണ കൊറിയൻ താരം ഈ സീസൺ തുടക്കത്തിൽ മാത്രമായിരുന്നു നാപോളിയിൽ എത്തിയത്.
അതിനു മുമ്പ് ഫെനർബചെയിൽ ആയിരുന്നു താരം കളിച്ചിരുന്നത്. നാപോളി കിം മിൻ ജെയെ വിൽക്കാൻ ആഗ്രഹിക്കുന്നില്ല എങ്കിലും താരത്തിന് ഒരു റിലീസ് ക്ലോസ് ഉള്ളത് നാപോളിയുടെ മോഹങ്ങൾക്ക് തിരിച്ചടിയാണ്. 60 മില്യൺ യൂറോ മാത്രമാണ് കിം മിന്റെ റിലീസ് ക്ലോസ്. ലോകത്തെ ഏറ്റവും മികച്ച സെന്റർ ബാക്കിൽ ഒരാളെ ഇത്ര ചെറിയ തുകയ്ക്ക് സ്വന്തമാക്കാൻ യുണൈറ്റഡിന് സന്തോഷം മാത്രമെ കാണൂ.
താരവും യുണൈറ്റഡും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. നാപോളി താരത്തെ നിലനിർത്താനും ശ്രമിക്കുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിൽ നിന്ന് മഗ്വയർ, ലിൻഡെലോഫ് എന്നിവരിൽ ഒരാൾ ക്ലബ് വിടാൻ സാധ്യതയുണ്ട്. ഇതാണ് വരാനെക്കും മാർട്ടിനസിനും ഒപ്പം ഒരു ലോകോത്തര സെന്റർ ബാക്കിനെ കൂടെ സൈൻ ചെയ്യാൻ യുണൈറ്റഡ് ശ്രമിക്കാൻ കാരണം. ജൂലൈ 1ന് കിം മിൻ ജേയുടെ റിലീസ് ക്ലോസ് ആക്റ്റീവ് ആകും. അതിനു പിന്നാലെ യുണൈറ്റഡ് ട്രാൻസ്ഫർ പൂർത്തിയാക്കാൻ ശ്രമിക്കും.