ആഴ്ചകൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ജാവോ കാൻസലോ എഫ്സി ബാഴ്‌സലോണയിൽ. താരം ഒരു വർഷത്തെ ലോണിലാണ് സ്പാനിഷ് ടീമിലേക്ക് എത്തുന്നത്. കാൻസലോയുടെ സാലറിയുടെ വലിയൊരു ഭാഗം ബാഴ്‌സ നല്കുമെങ്കിലും ലോൺ ഫീ ഇനത്തിൽ സിറ്റിക്ക് തുക ഒന്നും കൈമാറില്ലെന്നാണ് സൂചന. കൂടാതെ ലോൺ കാലവധിക്ക് ശേഷം താരത്തെ സ്വന്തമാക്കാനുള്ള സാധ്യത കരാറിൽ ഉണ്ടെങ്കിലും ഇത് നിർബന്ധമാകില്ല. ഇതോടെ ബാഴ്‌സക്ക് സമീപകാലത്ത് വലിയ തലവേദന ആയ റൈറ്റ് ബാക്ക് സ്ഥാനത്തേക്ക് ഒരു ലോകോത്തര താരത്തെ തന്നെ എത്തിക്കാൻ സാധിച്ചിരിക്കുകയാണ്.
നേരത്തെ തന്നെ കൈമാറ്റ കാര്യത്തിൽ സിറ്റിയുമായി ധാരണയിൽ എത്താൻ സാധിച്ചെങ്കിലും, ബാഴ്‌സയുടെ സാമ്പത്തിക പ്രശ്നങ്ങൾ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ വിലങ്ങു തടിയാവുകയായിരുന്നു. ഡെമ്പലെയുടെ ട്രാൻസ്ഫറും റ്റെർ സ്റ്റഗന്റെ പുതിയ കരാറും ടീമിനെ സഹായിച്ചു. കഴിഞ്ഞ വാരം തന്നെ മാഞ്ചസ്റ്റർ സിറ്റിയിൽ പരിശീലനം അവസാനിപ്പിച്ചു പോർച്ചുഗലിലേക്ക് മടങ്ങിയ കാൻസലോ, ട്രാൻസ്‌ഫർ നടപടികൾ പൂർത്തിയാക്കാനുള്ള ബാഴ്‍സയുടെ വിളിക്കായി കാത്തിരിക്കുകയായിരുന്നു. ഇന്ന് നഗരത്തിൽ എത്തുന്ന താരം മെഡിക്കൽ പരിശോധനകൾ അടക്കം പൂർത്തിയാക്കും. അതേ സമയം കൂടുതൽ ട്രാൻസ്ഫറുകൾ ഉണ്ടാവുമെന്ന സൂചന കഴിഞ്ഞ ദിവസം ബാഴ്‌സ പ്രസിഡന്റ് ലപോർടയും സാവിയും ആവർത്തിച്ചു.